ന്യൂഡല്‍ഹി/ഗാന്ധിനഗര്‍: ഉദ്വേഗജനകവും അതിനാടകീയവുമായ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് ജയ സാധ്യത ഉറപ്പിച്ചു
വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ പരാതിയില്‍ രണ്ട് വിമത എം.എല്‍.എമാരുടെ വോട്ട് കമ്മീഷന്‍ അസാധുവാക്കി. രാത്രി വൈകി വരെ എം.എല്‍.എമാര്‍ക്കു വേണ്ടി നില കൊണ്ട ബി.ജെ.പിക്ക് തീരുമാനം കനത്ത തിരിച്ചടിയായി.
കോണ്‍ഗ്രസിന്റെ പരാതി
രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണിച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവരുടെ വോട്ട് അസാധുവാക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. വോട്ടെണ്ണുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇതോടെ വോട്ടെണ്ണല്‍ നിലച്ചു. വിമത എം.എല്‍.എമാരായ രാഘവ്ജി പട്ടേല്‍, ഭൊലാഭായ് ഗോഹില്‍ എന്നിവരാണ് ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയത്. അതേസമയം, പരാജയഭീതി മൂലമാണ് കോണ്‍ഗ്രസിന്റെ ആരോപണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആര്‍ക്കും അതില്‍ ഇടപെടാന്‍ ആകില്ലെന്നും ബി.ജെ.പി തിരിച്ചടിച്ചു.
ഗാന്ധിനഗറില്‍ നിന്ന്
ഡല്‍ഹിയിലേക്ക്
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയ ശേഷം കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതോടെ, യുദ്ധക്കളം ഗാന്ധിനഗറില്‍ നിന്ന് രാഷ്ട്രതലസ്ഥാനത്തേക്കു മാറി.
കമ്മീഷനിലേക്ക്
നേതാക്കളുടെ പട
വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ക്രോസ് വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തൊട്ടുപിന്നാലെ, ആരോപണം അടിസ്ഥാന രഹിതമാണെന്നും വോട്ടിങ് പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംഘവും കമ്മീഷനെ സമീപിച്ചു.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് രണ്ടു തവണ ബി.ജെ.പി തെര.കമ്മീഷനു മുമ്പിലെത്തിയത്. ആദ്യസംഘത്തില്‍ അഞ്ചു കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി.ചിദംബരം, മുകുള്‍ വാസ്‌നിക്, ഗുലാംനബി ആസാദ്, രണ്‍ദീപ് സുര്‍ജേവാല, ആര്‍.പി.എന്‍ സിങ് തുടങ്ങിയവരാണ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചക്ക് നേതൃത്വം നല്‍കിയത്. മൊത്തം മൂന്ന് തവണയാണ് ഇരുകക്ഷികളും കമ്മീഷനെ സമീപിച്ചത്.
ഇരുകക്ഷികളും തുടര്‍ച്ചയായി കാണാനെത്തുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും സന്ദര്‍ശനാനുമതി നിഷേധിച്ചു.
എളുപ്പത്തില്‍ ജയിച്ചുകയറി അമിത് ഷായും
സ്മൃതി ഇറാനിയും
176 അംഗ സഭയില്‍ 121 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ ജയമുറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം മൊത്തം അംഗങ്ങളുടെ നാലിലൊന്ന് വോട്ടാണ് ജയിക്കാനായി വേണ്ടത്. അഥവാ 45 വോട്ടു കിട്ടിയാല്‍ ജയിക്കാം. ഷായും സ്മൃതിയും ഇത് നേരത്തെ ഉറപ്പിച്ചിരുന്നു.
ജെ.ഡി.യു വോട്ട്
കോണ്‍ഗ്രസ് പെട്ടിയില്‍
തെരഞ്ഞെടുപ്പില്‍ ശരദ്പവാറിന്റെ എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാളായ കന്ധാല്‍ ജഡേജ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പിക്കു വോട്ടു ചെയ്തു. മറ്റൊരു എം.എല്‍.എ ആയ ജയന്ത് പട്ടേല്‍ ആര്‍ക്കു വോട്ടു ചെയ്തുവെന്ന് വ്യക്തമല്ല. അതേസമയം, സഭയിലെ ഏക ജെ.ഡി.യു എം.എല്‍.എ ഛോട്ടുഭായി വാസവകോണ്‍ഗ്രസിന് വോട്ടു ചെയ്തു. ജെ.ഡിയു അംഗത്തോട് ബി.ജെ.പിക്കു വോട്ടുചെയ്യാനാണ് പാര്‍ട്ടി നേതാവ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, ഗുജറാത്ത് പാര്‍ട്ടി സെക്രട്ടറി അരുണ്‍ ശ്രീവാസ്തവയെ സ്ഥാനത്തു നിന്ന് ജെ.ഡി.യു പുറത്താക്കി.
കോണ്‍ഗ്രസിന്റെ
അംഗബലം
57 എം.എല്‍.എമാരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയിലെത്തിയിരുന്നത്. എന്നാല്‍ ആറ് എം.എല്‍.എമാര്‍ രാജിവെച്ചതോടെ അംഗബലം 51 ആയി ചുരുങ്ങി. ഈ അമ്പത്തിയൊന്ന് എം.എല്‍.എമാരില്‍ ശങ്കര്‍സിങ് വഗേലയടക്കം ആറു പേര്‍ കോണ്‍ഗ്രസിനെതിരെ ക്രോസ് വോട്ട് ചെയ്തു. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ഒരു എം.എല്‍.എ കരംസിംഹ് മക്‌വാന ക്രോസ് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ട് 43 ആയി ചുരുങ്ങി.