റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സഊദി ക്ലബ്ബായ അല്‍നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന്റെ ആവേശത്തിലാണ് ഏഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍. റൊണാള്‍ഡോയുടെ വരവ് സഊദിക്കൊപ്പം ഏഷ്യന്‍ ഫുട്‌ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2025വരെയാണ് അല്‍നസറുമായി 37കാരനായ റൊണാള്‍ഡോ കരാറൊപ്പിട്ടിരിക്കുന്നത്. സഊദി പ്രഫഷണല്‍ ലീഗില്‍(എസ്പിഎല്‍) മികച്ച റെക്കോര്‍ഡുള്ള ക്ലബ്ബാണ് 1955ല്‍ രൂപീകരിക്കപ്പെട്ട അല്‍നസര്‍ ഫുട്‌ബോള്‍ ക്ലബ്ബ്. സഊദി തലസ്ഥാനമായ റിയാദാണ് ക്ലബ്ബിന്റെ ആസ്ഥാനം. 25,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അല്‍നസറിന്റെ ഹോം ഗ്രൗണ്ടായ മര്‍സൂര്‍ പാര്‍ക്ക്. മഞ്ഞയും നീലയും കലര്‍ന്നതാണ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സി. ലീഗില്‍ ഇതുവരെ ഒമ്പത് തവണ കിരീടം നേടിയിട്ടുള്ള അല്‍നസര്‍ 2018-2019 സീസണിലാണ് അവസാനം കീരിടം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഷബാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍നസര്‍. കഴിഞ്ഞ സീസണില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്‍മാരായപ്പോള്‍ മൂന്നാം സ്ഥാനത്താണ് അല്‍നസര്‍ ഫിനിഷ് ചെയ്തത്.
ഒമ്പത് തവണ ലീഗ് ചാമ്പ്യന്‍മാരായതിനൊപ്പം രാജ്യത്തെ നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പായ കിംഗ്‌സ് കപ്പില്‍ ആറ് തവണയും അല്‍ നസര്‍ ചാമ്പ്യന്‍മാരായി. 1990ലാണ് ഏറ്റവും ഒടുവില്‍ കിംഗ്‌സ് കപ്പ് നേടിയത്. ഏഷ്യയിലെ പ്രീമിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ 1995ല്‍ ജപ്പാനീസ് ക്ലബ്ബായ ഇഹ്‌വ ചുന്‍മക്ക് പിന്നില്‍ റണ്ണേഴ്‌സ് അപ്പായതാണ് മറ്റൊരു നേട്ടം. എട്ട് വിദേശ കളിക്കാരെയാണ് എസ്.പി.എല്‍ ക്ലബ്ബുകള്‍ക്ക് ടീമിലെടുക്കാനാവുക. ഇതില്‍ ഏഴ് പേരെ വരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയും. 1977 മുതല്‍ 1998വരെ അല്‍ നസറിനായി കളിച്ച സഊദി സ്‌ട്രൈക്കര്‍ മജീദ് അബ്ദുള്ളയാണ് ടീമിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍. 189 ഗോളുകളാണ് മജീദ് ടീമിനായി അടിച്ചുകൂട്ടിയത്.
റൊണാള്‍ഡോക്ക് ഒപ്പം അല്‍നസറില്‍ പന്ത് തട്ടാന്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് ആരാധകരുടെ ആകാംക്ഷ. അതില്‍ എടുത്തുപറയേണ്ട പേര് കാമറൂണ്‍ നായകന്‍ വിന്‍സന്റ് അബൂബക്കറിന്റേതാണ്. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വിന്‍സന്റ് അബൂബക്കര്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിനെ ഞെട്ടിച്ച് അവസാന മിനിറ്റില്‍ ടീമിന്റെ വിജയഗോള്‍ നേടിയിരുന്നു. കൊളംബിയന്‍ ഗോള്‍ കീപ്പറായ ഡേവിഡ് ഒസ്പിന ആണ് മറ്റൊരു പ്രധാന വിദേശ താരം. ആഴ്‌സണലിനും നാപോളിക്കും കളിച്ച ശേഷമാണ് ഒസ്പിന അല്‍ നസറിലെത്തിയത്. ബ്രസീലിയന്‍ താരങ്ങളായ ടാലിസ്‌ക, ലൂയിസ് ഗുസ്താവോ, സ്പാനിഷ് താരം ആല്‍വാരോ ഗോണ്‍സോലോസ്, അര്‍ജന്റീനിയന്‍ താരം പിറ്റി മാര്‍ട്ടിനെസ്, ഉസ്‌ബെക് താരം ജലാലുദ്ദീന്‍ മാഷാറിപ്പോവ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന വിദേശ താരങ്ങള്‍. അതേ സമയം ലോകകപ്പിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഫ്രീ ഏജന്റായിരുന്ന റൊണാള്‍ഡോ ലോകകപ്പിന് ശേഷം എവിടെ പന്തു തട്ടുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ഒടുവില്‍ ആകാംക്ഷ അവസാനിപ്പിച്ച് പുതുവര്‍ഷത്തലേന്ന് റൊണാള്‍ഡോ അല്‍നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടത്. എന്നാല്‍ അല്‍നസറുമായി കരാറൊപ്പിടുന്നതിന് തൊട്ടു മുമ്പ് വരെ തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്നുള്ള വിളി റൊണാള്‍ഡോ പ്രതീക്ഷിച്ചിരുന്നതായി സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രീ ഏജന്റായി 40 ദിവസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച വിളി എത്തായതോടെയാണ് റൊണാള്‍ഡോ അല്‍നസറുമായി കരാറൊപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയലിന്റെ മൈതാനത്ത് മകനൊപ്പം പരിശീലനം നടത്തിയത് താരം വീണ്ടും റയലിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ റയലില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാഞ്ഞതോടെയാണ് അല്‍നസര്‍ മുന്നോട്ടുവെച്ച ഓഫര്‍ സ്വീകരിക്കാന്‍ റൊണാള്‍ഡോ തയാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുമ്പ് പല അഭിമുഖങ്ങളിലും 40 വയസ് കഴിയുമ്പോള്‍ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റയാഗോ ബെര്‍ണബ്യൂവിലായിരിക്കും താന്‍ ബൂട്ടഴിക്കുകയെന്ന് റൊണാള്‍ഡോ തന്നെ പറഞ്ഞിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണമെങ്കിലും മാഡ്രിഡില്‍ തിരിച്ചെത്തുക എന്നതായിരുന്നു റൊണാള്‍ഡോയ്ക്ക് മുന്നിലെ വഴി. റയലിനായി 438 കളികളില്‍ 450 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്. രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും കോപ ഡെല്‍റേയുമെല്ലാം റൊണോ റയലിനൊപ്പം സ്വന്തമാക്കിയിരുന്നു. റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് പോയ റൊണാള്‍ഡോ അവിടെ മൂന്ന് സീസണുകളില്‍ കളിച്ചു പിന്നീട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും അവിടെ ഒരു സീസണ്‍ പോലും പൂര്‍ത്തിയാക്കാനായില്ല.