പാനൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ യാത്രയൊരുക്കി പാനൂര്‍ പാലിയേറ്റീവ് കെയര്‍. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് നല്‍കി. മാറാരോഗങ്ങള്‍ മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്‍കൈയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.
സ്വാന്ത്വ പരിചരണ വളണ്ടിയേര്‍സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്‍ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്‍ ബുക്ക് ചെയ്തായിരുന്നു യാത്ര.
കഴിഞ്ഞ ഏഴ് വര്‍ഷമായി പാനൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴില്‍ നൂറുകണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്‍ പാലിയേറ്റീവ്.. കാന്‍സര്‍ ,സ്‌ട്രോക്ക് ,ലിവര്‍ ,വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് വീടുകളില്‍ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്‍മാര്‍ ,നഴ്‌സുമാര്‍ ,വളണ്ടിയര്‍മാര്‍ എന്നിവര്‍ വീടുകളില്‍ ചെന്ന് പാലിയേറ്റീവ് പരിചരണം നല്‍കി വരുന്നത്.
കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്‍ നടത്തിയും സംഗമങ്ങള്‍ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തി വരുന്നുണ്ട്.
ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്‍ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്‍ – കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്‍ യാത്രയും ശേഷം കോഴിക്കോട് ബീച്ചില്‍ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.
കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്‍ശിച്ച് നാട്ടിലേക്ക് തിരിച്ചു.
ഒരു വീട്ടിലെ മൂന്ന് സഹോദരന്‍മാര്‍ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ് ജീവിതം. കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്‍ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.
ശൂന്യമായ ഭാവിയുടെ മുമ്പില്‍ ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്‍ക്ക് ഇത്തരം പരിപാടികള്‍ നാളെയുടെ ദിവസങ്ങളിലേക്ക് ഊര്‍ജം പകരുന്നതായി മാറി.
പി പി സുലൈമാന്‍ ഹാജി ,ബേങ്കില്‍ ഹനീഫ ,നെല്ലൂര്‍ സമീര്‍ ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്‍ അബ്ദുള്ള ഹാജി ,സലാം പുത്തൂര്‍ ,അയ്യൂബ് ,ഹിഷാം ,നിഹാല്‍ , ബനാസര്‍ ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്‍, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്‍ എന്നിവര്‍ യാത്ര സംഘത്തിന് നേതൃത്വം നല്‍കി