മുസ്തഫ വാക്കാലൂര്‍
വഖഫ് ബോര്‍ഡിലെ ഭരണപരമായ സര്‍വീസുകളിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നേരിട്ടുള്ള നിയമനം വഴി നിയമിക്കുന്നതിന്‌വേണ്ടി മുസ്‌ലിം സമുദായത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ സെലെക്റ്റ് ലിസ്റ്റ് തയ്യാറാക്കേണ്ടത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചുമതലയായിരിക്കുന്നതാണ്. ഇതാണ് പി.എസ്.സിക്ക് വിടുന്ന, നിയമസഭ ശബ്ദവോട്ടൊടെ പാസാക്കിയ, 2021ലെ കേരള പബ്ലിക് സര്‍വിസ് കമീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വിസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) നിയമം. ലോകായുക്തയില്‍ സംഭവിച്ചപോലെ, ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മുഖേനയാണ് ഈ ബില്ല് കൊണ്ടുവരുന്നത്.
ഇനി ചട്ടങ്ങള്‍ കൊണ്ടുവരിക എന്ന കാര്യം മാത്രമാണ് അവശേഷിക്കുന്നത്. അതൊരു വിജ്ഞാപനമാണ്. എല്ലാവരും അറിയണമെന്നില്ല. പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ നിയമം നടപ്പിലാക്കില്ല എന്നൊരു വാക്കാലുറപ്പ് മാത്രമാണ് മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടായിട്ടുള്ളത്. അതും നിയമസഭക്ക് വെളിയില്‍. അതായത്, അതൊരു നിയമപരമായി നിലനില്‍ക്കുന്ന ഉറപ്പല്ല. പാസാക്കപ്പെട്ട നിയമമാണ് നിയമം. അതാണ് റദ്ദ് ചെയ്യേണ്ടത്. അതിനായിട്ടാണ് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. ഇത് ജനാധിപത്യ സമീപനമല്ല; അണ്‍പാര്‍ലമെന്ററിയാണ്.
112 തസ്തികകളിലേക്ക് മാത്രമാണ് ഇപ്പോള്‍ ഈ നിയമം ബാധകമാകുന്നത്. കാര്യം ചെറുതല്ലേ എന്ന് തോന്നാം. എന്നാല്‍, മഞ്ഞുമലയുടെ അറ്റമാണ് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകവഴി പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ മുസ്‌ലിംകള്‍ തിരിച്ചറിയും. അപ്പോഴേക്കും വൈകിയിട്ടുണ്ടാകും. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലല്ല വഖഫ് ബോര്‍ഡുള്ളത്. അതൊരു അപക്‌സ് ബോഡിയാണ്. വഖഫിന്റെ പരിശുദ്ധത സംരക്ഷിക്കുവാനും ശരീഅത്ത് വ്യവസ്ഥക്കകത്താകണമെന്നതുകൊണ്ടുമാണ് സ്വതന്ത്ര ബോഡിയായി നിലനില്‍ക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിലൊക്കെ വഖഫ് വകുപ്പുകള്‍ക്ക് മുന്തിയ പരിഗണയാണ് ഉള്ളത്.
പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തി മുസ്‌ലിം നാമധാരി മാത്രമാണെങ്കിലും നിയമനം സാധ്യമാണ്. ഇന്ന് വിമത വിശ്വാസികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളമുണ്ട്. 112 പേരില്‍ മുഴുവനും അത്തരക്കാര്‍ വന്നാലും അത്ഭുതമില്ല. ഇതാണ് ഇന്നത്തെ സാഹചര്യമെങ്കില്‍, നാളെ ഒരുപടികൂടി കടന്ന് ജാതിമത ഭേദമന്യേ ഏതൊരു പൗരനും വഖഫ് ബോര്‍ഡിലെ നിയമനത്തിന് സാധുത ലഭിച്ചേക്കും. പി.എസ.്‌സി എന്നത് പബ്ലിക് സര്‍വീസ് കമ്മീഷനാണ് എന്നത്തന്നെ അതിന് മതിയായ കാരണമാണ്. പിണറായിയുടെ രണ്ടാം വരവാഘോഷിച്ചത് സച്ചാര്‍ കമ്മീഷന്‍ വഴി മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് എന്നത് ഓര്‍മ്മിക്കുക.
നൂറ് ശതമാനവും മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യത്തില്‍നിന്ന് അച്യുതാനന്ദന്‍ ഗവണ്‍മെന്റ് 20 ശതമാനം എടുത്ത് ക്രിസ്ത്യാനികള്‍ക്ക് കൊടുക്കുകയും ശേഷം മദര്‍ തെരേസയുടെ പേരിലുള്ള ആനുകൂല്യങ്ങളില്‍പോലും മുസ്‌ലിംകള്‍ 80 ശതമാനം കൊണ്ടുപോകുന്ന തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചു. ഏതാനും വര്‍ഷങ്ങളായി നടന്നുവന്ന മുസ്‌ലിം വിരോധ ജല്‍പനങ്ങള്‍ തടയാനോ സത്യം വെളിവാക്കാനോ മുതിര്‍ന്നില്ലെന്ന് മാത്രമല്ല, കോടതില്‍ വ്യവഹാരമായപ്പോള്‍ അവിടെയും അടിയറവ് പറയുകയാണ് സര്‍ക്കാര്‍ ചെയ്തത്. അനന്തര ഫലമായി സച്ചാര്‍ ആനുകൂല്യത്തില്‍നിന്ന് മുസ്‌ലിംകള്‍ തഴയപ്പെട്ടു.
10 ശതമാനം മുന്നാക്ക സംവരണം ഇന്ത്യയിലാദ്യം നടപ്പിലാക്കിയതും പിണറായി സര്‍ക്കാരാണ്. ഇതുവഴി ഉന്നതവിദ്യാഭ്യാസത്തിലും സ്‌കോളര്‍ഷിപ്പിലും ജോലിയിലും മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കപ്പെട്ടതാണ്. 1985ലെ ഷാബാനു/ ശരീഅത്ത് കേസില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് വൈ.ബി ചന്ദ്രചൂഡ് ഇസ്‌ലാമിക നിയമത്തെ പരോക്ഷമായി ചോദ്യംചെയ്യുകയും ഖുര്‍ആനിലെ ഒരു സൂക്തത്തെ ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യാമെന്ന് പറഞ്ഞവസാനിപ്പിച്ച വിഷയം രാജ്യവ്യാപകമാക്കി ശരീഅത്ത് വിരുദ്ധ മുന്നേറ്റമാക്കിയത് അന്ന് സി.പി.എം ആയിരുന്നു. അതാണ് പിന്നീട് ബാബരിയിലേക്ക് വഴുതിയതും ഫാഷിസം പിടിമുറുക്കുന്നതിലേക്ക് നയിച്ചതും. ഇസ്‌ലാമോഫോബിയയുടെ മികച്ച ആയുധമായ ലൗജിഹാദ് ഇന്ത്യക്ക് സംഭാവന ചെയ്തത് അച്യുതാനന്ദനാണ്.
മുസ്‌ലിംകളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡലക്ഷ്യങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അതിന് പ്രത്യയശാസ്ത്ര കാരണങ്ങളും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ആ രാഷ്ട്രീയ കാരണങ്ങള്‍ മനസ്സിലാക്കാന്‍ സി.പി.എം സ്ഥാപിതമായതുമുതലുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളിലെ പ്രമേയങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. അഴിമതി ആണ് വിഷയമെങ്കില്‍, അത് സര്‍വത്ര ഉണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതികള്‍, കെ റെയിലിലൂടെ പ്രതീക്ഷിക്കുന്ന കോടികള്‍, ലൈഫ് മിഷന്‍ ഇതൊക്കെ ശരിക്കും ഞെട്ടിക്കുന്നതാണ്. പി.എസ്.സിക്ക് വിടുന്നതോടെ അഴിമതിയവസാനിക്കില്ല. അതിന് നിശ്ചയദാര്‍ഢ്യമാണ് വേണ്ടത്. അല്ലാതെ, ഇനിയുമെങ്ങനെ മുസ്‌ലിം സ്വത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മറ്റൊരു ബംഗാളാക്കി കേരളത്തെ മാറ്റാമെന്ന പഠനമല്ല. 1980ല്‍ അത്തരമൊരു നീക്കമാണ് അറബി ഭാഷയെ കൂച്ചുവിലങ്ങിടാന്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയത്. സമുദായം യഥാസമയം തിരിച്ചറിഞ്ഞതിനാല്‍ അന്നത് വിജയിച്ചില്ല.
ഇസ്‌ലാംമത വിശ്വാസിയും പ്രായപൂര്‍ത്തിയായ വ്യക്തിയും ബുദ്ധിസ്ഥൈര്യമുള്ള ആളുമായിരിക്കണം വഖഫ് കൈകാര്യം ചെയ്യേണ്ടതെന്ന് പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്. ഇതൊരു കര്‍മ്മശാസ്ത്ര വിഷയം തന്നെയാണ്. കേവലം വിശ്വാസപരമായ കാര്യങ്ങളില്‍പോലും സൂക്ഷ്മത പാലിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ഇക്കാരണത്താലാണ്. ഔദ്യോഗികമായി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ ഇക്കാര്യം. അതിന്നും അതേപടി തുടരുന്നുമുണ്ട്. അതുകൊണ്ട് വഖഫ് വിഷയത്തില്‍, അതിലെ കര്‍മ്മ ശാസ്ത്രമെടുത്താലും വിശ്വാസമെടുത്താലും ഇനി രാഷ്ട്രീയമെടുത്താലും, വിട്ടുവീഴ്ച ചെയ്യുകയെന്നത് സാധ്യമല്ല.
1954ല്‍ ഇന്ത്യ ഗവണ്‍മെന്റ് രൂപം നല്‍കിയ കേന്ദ്ര വഖഫ് ആക്ട് അനുസരിച്ചാണ് രാജ്യത്തെ വഖഫ് ബോര്‍ഡുകള്‍ രൂപീകരിച്ചത്. 1964ലാണ് സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ രൂപീകരിക്കുന്നത്. സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കാന്‍ വര്‍ഷങ്ങള്‍ പിന്നെയുമെടുത്തു. നരസിംഹ റാവുവിന്റെ കാലത്താണത് സാധ്യമായത്. ഇതിനിടക്ക് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തേണ്ടിവന്നു. മുസ്‌ലിംലീഗ് പ്രതിനിധികളാണ് ഇതിന് മുന്നിലുണ്ടായിരുന്നത്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പോരാട്ടങ്ങളില്‍ ഏറ്റവും ദീര്‍ഘമായത് വഖഫ് നിയമത്തിനും ശതകോടി മൂല്യമുള്ള അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിനും വേണ്ടി ചെലവിട്ടതാണ്.
അന്നൊന്നും മുസ്‌ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അല്ലയോ എന്ന ചോദ്യമുയര്‍ന്നിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ എല്ലാ മുസ്‌ലിം എം.പിമാരെയും കൂട്ടുപിടിച്ച് മുസ്‌ലിംലീഗ് നേടിയെടുത്ത ചില നിയമങ്ങളുണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് തണലായി. ആരാധനാലയങ്ങള്‍ക്ക് 1947 ഓഗസ്ത് 15 കട്ടോഫ് ആയി നിയമമാക്കിയത്, മുസ്‌ലിം വിധവകള്‍ക്ക് പരിരക്ഷയായി വന്ന ശരീഅത്ത് നിയമം, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കാന്‍ രണ്ട് ദശകങ്ങളോളം മുസ്‌ലിംലീഗ് നയിച്ച പോരാട്ടവും അതിനൊടുവിലെ വിജയവും, ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി മുതലായവയൊക്കെ അതില്‍ പെട്ടതാണ്. അതിലൊന്നാണ് വഖഫ് സംരക്ഷണം. അതില്‍ മായം ചേര്‍ക്കാന്‍ മുസ്‌ലിംലീഗിന് സമ്മതമല്ല. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ അടിവേരാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോധ്യമുണ്ട്. അതിനാല്‍തന്നെ ഇടതുമുന്നണിയുടെ കരിനിയമം നിയമപരമായി എടുത്തുകളയുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.