Connect with us

Culture

നാല് ലോക്‌സഭാ മണ്ഡലങ്ങളും 10 നിയമസഭാ മണ്ഡലങ്ങളും വിധിയെഴുതി

Published

on

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖൈറാന ഉള്‍പ്പെടെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജനവിധി പൊതുവെ സമാധാനപരമായിരുന്നെങ്കിലും യു.പിയിലും മഹാരാഷ്ട്രയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലായത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
വോട്ടിങ് മെഷീന്‍ തകരാറ് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും ഇത് ജനവിധിയെ ബാധിക്കുമെന്നും രാഷ്ട്രീയ ലോക്ദള്‍ ആരോപിച്ചു. ഖൈറാനയില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയാണ്. ബി.ജെ.പി എം.പി ഹുക്കും സിങിന്റെ മരണത്തെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ദയനീമായി തോറ്റ ബി.ജെ.പിക്ക് നാണക്കേട് ഒഴിവാക്കാനെങ്കിലും ഖൈറാനയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് പടക്കിറങ്ങുന്നതിനാല്‍ ബി.ജെ.പി വലിയ തിരിച്ചടി ഭയക്കുന്നുണ്ട്. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് ഇവിടെ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡി മത്സരിക്കുന്നത്. സഹതാപ തംരഗം പ്രതീക്ഷിച്ച് ഹുക്കുംസിങിന്റെ മകള്‍ മൃഗംഗയെ തന്നെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
എന്നാല്‍ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കാന്‍ മൃഗംഗക്കാവില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കി ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ആര്‍.എല്‍.ഡി രംഗത്തെത്തിയത്. അതേസമയം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. അസാധാരണമായ വിധത്തില്‍ വോട്ടിങ് മെഷീന്‍ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വോട്ടിങ് മെഷീന്‍ മാറ്റിസ്ഥാപിച്ച് പോളിങ് തുടര്‍ന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖൈരാനക്കു പുറമെ മഹാരാഷ്ട്രയിലെ പാല്‍ഗര്‍, ബന്ദാര ഗോണ്ടിയ ലോക്‌സഭാ സീറ്റുകളിലേക്കും നാഗാലാന്റിലെ ഏക ലോക്‌സഭാ സീറ്റിലേക്കുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ മുഖ്യ എതിരാളി നേരത്തെ സഖ്യ കക്ഷിയായിരുന്ന ശിവസേനായാണ്.
ബന്ദാര ഗോണ്ടിയയില്‍ ബി.ജെ.പി എം.പിയുടെ മരണത്തെതുടര്‍ന്നും പാല്‍ഗറില്‍ ബി.ജെ.പി എം.പി നാനാ പടോളിന്റെ രാജിയെതുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാനാ പടോള്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാഗാലാന്റില്‍ ബി.ജെ.പി സഖ്യകക്ഷിയാണ് മത്സരരംഗത്തുള്ളത്. ഫലത്തില്‍ നാല് മണ്ഡലങ്ങളിലേയും ജനവിധി ബി.ജെ.പിക്ക് നിര്‍ണായകമാണ്.
ചെങ്ങന്നൂരിനു പുറമെ കര്‍ണാടകയിലെ ആര്‍.ആര്‍ നഗര്‍, പശ്ചിമബംഗാളിലെ മഹേസ്തല, ഝാര്‍ഖണ്ഡിലെ ഗോമിയ. സില്ലി, ബിഹാറിലെ ജോക്കിഹത്, മേഘാലയയിലെ അംബാട്ടി, ഉത്തരാഖണ്ഡിലെ തരളി, പഞ്ചാബിലെ ഷാകോത്, ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജോക്കിഹതില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവിനും ജീവന്മരണ പോരാട്ടമാണ്. മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച നിതീഷിന്റെ ജെ.ഡി.യു തുടര്‍ന്ന് വന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ദയനീയമായി തോറ്റിരുന്നു. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമാണ് ഇവിടെ ജയിച്ചത്. നൂര്‍പൂരിലും കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് ജെ.ഡി.യുവിനെതിരെ രംഗത്തുള്ളത്. ഝാര്‍ഖണ്ഡിലെ ഗോമിയയും സില്ലിയും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി 10,000ത്തോളം വ്യാജ ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഈ മാസം 31നാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജനവിധി എതിരായാല്‍ ബി.ജെ.പിയുടെ ലോക്‌സഭയിലെ അംഗബലം കേവല ഭൂരിപക്ഷത്തിന് താഴെയെത്തുമെന്ന സവിശേഷതയും ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കാറ്റ് എങ്ങോട്ടാണെന്ന സൂചനയും യു.പിയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലൂടെ പുറത്തു വരുമെന്നാണ് കണക്കുകൂട്ടല്‍.

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending