Connect with us

News

തോല്‍വി മറക്കാം, ഈ നിര തുടരട്ടെ

Published

on

അഷ്‌റഫ് തൈവളപ്പ്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റെങ്കിലും അഭിമാനകരമായ സീസണ്‍ ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്. 2016ന് ശേഷം ടീം ആദ്യമായി ഫൈനല്‍ കളിച്ചു. മുന്‍ സീസണുകളില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഒട്ടും സജ്ജമല്ലാത്ത ഒരു ടീമിനെയാണ് ആരാധകര്‍ കളത്തില്‍ കണ്ടത്. ഈ നിലയില്‍ നിന്ന് എട്ടാം സീസണിലെത്തിയപ്പോള്‍ ടീമിനുണ്ടായത് വലിയ മാറ്റങ്ങള്‍. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തുടക്കത്തില്‍ ടീം പ്ലേഓഫിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യജയത്തിനായി നാലു മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്ന ടീം പൊരുതിക്കയറി പ്ലേഓഫിലും ഫൈനലിലുമെത്തി.

അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങിയതും, ഗോള്‍വഴങ്ങിയ ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടതുമാണ് മൂന്നാം തവണയും ടീമിന് കിരീടം നഷ്ടമാക്കിയത്. സഹല്‍ അബ്ദുസമദിന്റെ അഭാവം കളത്തില്‍ പ്രകടമായി. ആദ്യ പകുതിയില്‍ കേരളത്തിന്റേത് മികച്ച പ്രകടനമായിരുന്നു, പാസിങിലും പന്തടക്കത്തിലും മികച്ചുനിന്നു. പക്ഷേ രണ്ടാം പകുതിയില്‍ ടീമിന്റെ ആക്രമണ തന്ത്രങ്ങള്‍ മാറി, ചില നിമിഷങ്ങളില്‍ നിരാശപ്പെടുത്തി. ഗോവയിലെ കടുത്ത ചൂടും താരങ്ങളെ തളര്‍ത്തി. പകര താരങ്ങളെ ഉപയോഗിച്ചുള്ള ഇവാന്റെ തന്ത്രവും പാളി. മത്സരം എങ്ങനെയെങ്കിലും ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കണമെന്ന രീതിയിലാണ് ഹൈദരാബാദ് കളിച്ചത്. അതില്‍ അവര്‍ വിജയിച്ചു. അധികസമയം കഴിഞ്ഞപ്പോള്‍ താരങ്ങളും പരിശീലകനും ഏറെ ആത്മവിശ്വാസത്തിലായിരുന്നു. ജയിച്ചുവെന്ന രീതിയിലുള്ള അവരുടെ മനോഭാവം തന്നെ അവരുടെ ഒരുക്കവും തന്ത്രവും വെളിപ്പെടുത്തി. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സ് പരാജിതരെപ്പോലെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യകിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ അത് കൂടുതല്‍ പ്രകടമായി. പരിക്ക് കാരണം ജോര്‍ജ് ഡയസിനെയും അല്‍വാരോ വാസ്‌കസിനെയും പിന്‍വലിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് ക്ഷീണമായി.

ആദ്യഷൂട്ട് നഷ്ടപ്പെടുത്തിയ ലെസ്‌കോവിച്ച് പരിശീലനത്തില്‍ മികവുകാട്ടിയിരുന്ന ആളാണെന്ന് വുകോമനോവിച്ച് പറയുന്നു. പക്ഷേ കട്ടിമണിയെ പരാജയപ്പെടുത്താന്‍ അതുമതിയായില്ല. വിദേശ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെ തുടര്‍ന്നുള്ള കിക്കുകള്‍ എടുക്കേണ്ടി വന്നു. നിഷു കുമാറും, ജീക്ക്‌സണ്‍ സിങും നിരാശപ്പെടുത്തി. ആയുഷ് അധികാരി മാത്രം ലക്ഷ്യം കണ്ടു. ലൂണ ആയിരുന്നു അഞ്ചാമനായി കിക്കെടുക്കേണ്ടിയിരുന്നത്. അതിനുമുമ്പേ ഹൈദരാബാദ് ജയിച്ചു. ഹൈദാരാബാദ് നിരയില്‍ ആദ്യ മൂന്ന് കിക്കുകളുമെടുത്തത് വിദേശ താരങ്ങളായിരുന്നു. സിവേറിയോക്ക് മാത്രമാണ് പിഴച്ചത്.

ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ സന്തോഷമുണ്ട്-പരാജയത്തിന് ശേഷം കോച്ചിന്റെ വാക്കുകള്‍. തോറ്റെങ്കിലും ആരാധകര്‍ ടീമിനെ പഴിക്കുന്നില്ല. അവര്‍ ആഗ്രഹിച്ച ഒരു ടീമിനെയാണ് സീസണിലുടനീളം കണ്ടത്. ലൂന-വാസ്‌കസ്-ഡയസ് സഖ്യം മികച്ചുനിന്നു. പ്രതിരോധത്തില്‍ ലെസ്‌കോവിച്ച് തിളങ്ങി. സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍, ആയുഷ് അധികാരി, പ്യൂട്ടിയ, ഹോര്‍മിപാം തുടങ്ങിയ യുവ ഇന്ത്യന്‍ താരങളുടെ മിന്നുന്ന പ്രകടനത്തിനും സീസണ്‍ സാക്ഷ്യം വഹിച്ചു. താണ്ടാന്‍ ദൂരമിനിയുമേറെയുണ്ട്, ഈ ടീമിനെ നിലനിര്‍ത്തി പോരാട്ടം തുടരുകയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

Published

on

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്നും ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്നും ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

ബിജെപി നേതാവായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിവാദമായതിനെ തുടര്‍ന്ന് വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു

Published

on

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 10.89 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പുല്ലുവിള സ്വദേശി ഷിബു ഓടി രക്ഷപ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലുമെല്ലാം ലഹരി വില്‍പ്പന നടത്തുന്നവരെ പിടികൂടാനായിരുന്നു പൊലീസ്- എക്‌സൈസ് സംഘങ്ങളുടെ ലക്ഷ്യം. ഡാന്‍സാഫ് സംഘത്തിന്റെയടക്കം സഹായം ഇതിനുണ്ടായിരുന്നു.

 

Continue Reading

india

ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു

വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്

Published

on

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്‍കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.

Continue Reading

Trending