വനഭൂമിയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്‍കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മരംമുറിക്കുന്നതിന് ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മാത്രം അനുമതി മതി. പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയെങ്കിലും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നില്ല.
ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ മുറിക്കാനാണ് ആദിവാസികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ മറവില്‍ വനംവകുപ്പിനെ സ്വാധീനിച്ച് ടിംബര്‍ ലോബി മരങ്ങള്‍ കടത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വീട്ടാവശ്യത്തിനല്ലാതെ മരം മുറിച്ച് പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ലെന്നാണ് പുതിയ നിബന്ധന. മുറിക്കുന്ന മരം തടിയാക്കണമെങ്കില്‍ മില്ലില്‍ കൊണ്ടുപോകേണ്ടി വരും. ഇത്തരത്തില്‍ പോകുന്ന മരം തിരികെയെത്തില്ലെന്ന് ഉറപ്പാണ്. സ്വന്തം വീട്ടുനിര്‍മാണത്തിനല്ലാതെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി( മകളുടെ വിവാഹം, ചികിത്സ) മരം മുറിക്കേണ്ട സാഹചര്യം വന്നാല്‍ അധികാരപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിക്കാം. വ്യാവസായികാവശ്യത്തിന് മരം മുറിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ അനുശാസിക്കുന്നു.
മരം മുറിക്കുന്നതിന് കൈവശരേഖയിലുള്ള വ്യക്തി തന്നെ അപേക്ഷിക്കേണ്ടതാണ്. വ്യക്തമായ കൈവശരേഖയുള്ള ഭൂമിയില്‍ നില്‍ക്കുന്ന ഉണങ്ങിയതോ കേടുപാട് ബാധിച്ചതോ ജീവനും സ്വത്തിനും ഭീഷണിയായതോ ആയ പ്ലാവ്, ആഞ്ഞിലി മരങ്ങള്‍ പരിശോധനക്ക് ശേഷം മാത്രം മുറിക്കാന്‍ അനുമതി നല്‍കും. 75 സെന്റിമീറ്ററില്‍ താഴെ ചുറ്റളവുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ല. ഭവനനിര്‍മാണത്തിനാണ് മരം മുറിക്കുന്നതെങ്കില്‍ അപേക്ഷയൊടൊപ്പം ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന്റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട റേഞ്ചിന്റെ ഹാമര്‍മാര്‍ക്ക് പതിപ്പിക്കണം. നെഞ്ചുയരത്തില്‍ 200 സെന്റിമീറ്ററിന് മുകളില്‍ വണ്ണം വരുന്ന ആഞ്ഞിലി. പ്ലാവ് മരങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയവയായി കണക്കാക്കി മുറിക്കാന്‍ അനുമതി നല്‍കും. ഇത്തരം മരങ്ങള്‍ മുറിക്കുന്നതിനുള്ള അപേക്ഷ റേഞ്ച് ഓഫീസര്‍ ചെയര്‍മാനായ സമിതിക്കാണ് നല്‍കേണ്ടത്. ഈ സമിതി അപേക്ഷയും സ്ഥലവും മരവും പരിശോധിച്ച് തീരുമാനമെടുക്കും.
മുറിക്കുന്ന മരത്തിന് പകരം അതേ ഇനത്തില്‍പെട്ടതോ അല്ലാത്തതോ ആയ രണ്ട് തൈകള്‍ വളര്‍ത്തി പരിപാലിക്കാമെന്ന സമ്മതപത്രം കൂടി അപേക്ഷകന്‍ നല്‍കണം. മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന് റേഞ്ച് ഓഫീസര്‍മാര്‍ പരിശോധിക്കണം. ഒരു തവണ മരം മുറിക്കാന്‍ അനുമതി ലഭിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷമേ വീണ്ടും മരം മുറിക്കാന്‍ അനുമതി നല്‍കു. ആദിവാസികള്‍ മുറിച്ച് നല്‍കുന്ന മരങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടോ എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. കൃഷിക്കും മറ്റ് പ്രവൃത്തികള്‍ക്കും വിഘാതമായി നല്‍ക്കുന്ന മരങ്ങള്‍ ചില്ലകള്‍ മുറിക്കാമെങ്കിലും തായ്ത്തടി മുറിക്കരുതെന്നും നിര്‍ദേശമുണ്ട്.