X

വന നിയമ ഭേദഗതി; ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും: പിഎംഎ സലാം

ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഇനിയും സർക്കാറിന് മുട്ട് മടക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വന നിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ആശങ്കകൾ പരിഗണിക്കാതെ ഫോറസ്റ്റ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് വന നിയമ ഭേദഗതിയിലൂടെ സർക്കാർ നടത്തിയത്. കാട്ടാന ആക്രമണത്തിൽ നിരന്തരം മനുഷ്യർ മരിക്കുകയും വന്യമൃഗങ്ങളുടെ ശല്യം കാരണം കോടിക്കണക്കിന് രൂപയുടെ കൃഷിഭൂമി നശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും കർഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന നിയമ ഭേദഗതിയിൽനിന്ന് പിന്തിരിയണമെന്ന് മുസ്ലിംലീഗും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്.

ജനവിരുദ്ധ നിയമങ്ങൾ കൊണ്ടുവരികയും പ്രതിഷേധമുണ്ടാകുമ്പോൾ പിൻവലിക്കുകയും ചെയ്യുക എന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. വഖഫ് നിയമനങ്ങളുടെ വിഷയത്തിലും പ്ലസ് വൺ സീറ്റ്, സിൽവർ ലൈൻ തുടങ്ങിയ വിഷയങ്ങളിലും ഈ യൂ ടേൺ കണ്ടതാണ്. -പി.എം.എ സലാം പറഞ്ഞു. എല്ലാ നിയമവും മനുഷ്യരുടെ നിലനിൽപിനും പുരോഗതിക്കും വേണ്ടിയാണ് നിർമ്മിക്കേണ്ടത്. മനുഷ്യനെ ദ്രോഹിക്കാനുള്ള ഏത് നിയമത്തിനെതിരെയും പ്രതിഷേധം ഉയരുമെന്നും സർക്കാരിന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk17: