Connect with us

Article

ഭക്ഷ്യസംസ്‌കരണ നിലവാരം ഉയര്‍ത്തണം- എഡിറ്റോറിയല്‍

അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്‌കാര, ശീലങ്ങള്‍ പണം വാരാനുള്ള ചാകരയാകുമ്പോള്‍ ബിസിനസുകാരും ആ വഴിക്കാണ് ചിന്തിക്കുന്നത്. വിശക്കുന്ന വയറുകളിലേക്ക് ഏത് വിഷം തള്ളിക്കൊടുത്തായാലും പണം വാരണമെന്ന സ്വാര്‍ത്ഥ വിചാരം വിപണിയിലും സജീവമാണ്. ഭരണകൂടങ്ങള്‍ ഉറക്കംനടിക്കുക കൂടി ചെയ്യുമ്പോള്‍ ദുരന്തം പൂര്‍ണമായി.

Published

on

കേരളത്തില്‍ ഭക്ഷ്യവിഷബാധയും തുടര്‍ന്നുള്ള മരണങ്ങളും ചൂടാറാത്ത വാര്‍ത്തകളാവുകയാണ്. പട്ടിണി മരണങ്ങളെക്കാള്‍ വയറു നിറച്ചതിന്റെ പേരിലുള്ള മരണങ്ങളാണ്. ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടു മരണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാകൂ എങ്കിലും ഭക്ഷ്യ വിഷബാധയെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാനാവില്ല. അവശനിലയില്‍ അനേകം പേര്‍ ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. പത്തനംതിട്ടയിലെ ഒരു സ്‌കൂളില്‍ ചിക്കന്‍ ബിരിയാണി കഴിച്ച് കുട്ടികളും അധ്യാപകരും അവശരായത് ദുരന്ത പരമ്പരയില്‍ അവസാനത്തേതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പരിശോധന നടക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതും. ഭക്ഷണം ഔഷധത്തിന് പകരം വിഷമാണെന്ന് തിരിത്തുവായിക്കാന്‍ കേരളീയര്‍ നിര്‍ബന്ധിതരാവുകയാണ്.

ഭക്ഷ്യദുരന്തങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വീടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നിര്‍ത്തി ഫാസ്റ്റ്ഫുഡിനോടൊപ്പം സഞ്ചരിച്ചു തുടങ്ങിയതു മുതല്‍ ഭക്ഷ്യവിഷബാധ മലയാളിയോടൊപ്പമുണ്ട്. കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ചതും കോഴിക്കോട് ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായ പൊള്ളിയതും സമീപ കാലത്താണ്. കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരി മരണത്തിന് കീഴടങ്ങി. ഇടുക്കിയില്‍ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലാണ്. ധൈര്യത്തോടെ വിശ്വസിച്ച് ഒന്നും ഭക്ഷിക്കാന്‍ പറ്റാത്ത അപകട സ്ഥിതിയിലേക്ക് സംസ്ഥാനം മാറിയിരിക്കുന്നു. തട്ടുകടകള്‍ മുതല്‍ ഫൈഫ് സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ചതിക്കുഴികള്‍ നിറഞ്ഞതാണ്. വിചിത്ര പേരുകള്‍ നല്‍കി, വര്‍ണം പൂശി ഭക്ഷണമെന്ന പേരില്‍ ഉരുട്ടിയുണ്ടാക്കുന്ന സാധനങ്ങള്‍ വന്‍തുക കൊടുത്ത് ആര്‍ത്തിയോടെ വിഴുങ്ങുന്നതിന്റെ തിക്തഫലമാണ് നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് നല്ല ഭക്ഷണത്തിന്റെ മാനദണ്ഡം സ്വാദും മണവും നിറവും മാത്രമാണ്. പണം കൊടുത്ത് വാങ്ങുന്നത് പക്ഷെ, വിഷമാണോ എന്ന് ഒരുവട്ടമെങ്കിലും ആലോചിക്കുന്നവര്‍ ചുരുക്കമായിരിക്കും. കുറച്ചു കാലമായി മലയാളിയുടെ അടുപ്പില്‍ തീ പുകയുന്നത് കുറഞ്ഞിട്ടുണ്ട്. മൂന്നുനേരവും ആഹാരം പുറത്തുനിന്ന് കഴിക്കാനാവുമോ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളെ കാറില്‍ കൊണ്ടുവന്ന് ഹോട്ടല്‍ മുറിയിലേക്ക് തള്ളുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായാണ് പലരും കാണുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭക്ഷണം പുറത്തുനിന്നാകണമെന്ന് നിര്‍ബന്ധ ബുദ്ധിയും ആഴത്തില്‍ വേരോടുന്നുണ്ട്.

എല്ലാം ഓണ്‍ലൈനില്‍ കിട്ടുമ്പോള്‍ എന്തിന് വെറുതെ അങ്ങാടിയില്‍ തെണ്ടാന്‍ പോകണമെന്ന ആലോചനയും ശക്തം. മടിയന്മാരെ കാത്ത് ഹോട്ടലുകളും കച്ചവടം ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്‌കാര, ശീലങ്ങള്‍ പണം വാരാനുള്ള ചാകരയാകുമ്പോള്‍ ബിസിനസുകാരും ആ വഴിക്കാണ് ചിന്തിക്കുന്നത്. വിശക്കുന്ന വയറുകളിലേക്ക് ഏത് വിഷം തള്ളിക്കൊടുത്തായാലും പണം വാരണമെന്ന സ്വാര്‍ത്ഥ വിചാരം വിപണിയിലും സജീവമാണ്. ഭരണകൂടങ്ങള്‍ ഉറക്കംനടിക്കുക കൂടി ചെയ്യുമ്പോള്‍ ദുരന്തം പൂര്‍ണമായി. ഇപ്പോള്‍ നടക്കുന്ന പരിശോധനകളും നടപടികളുമൊന്നും ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവഗണിക്കാനാവാത്ത ചില അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് ഇവയെല്ലാമെന്ന് നാളിതുവരെയുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കാലങ്ങളായി മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭക്ഷണരീതിയാണ് നാം പിന്തുടര്‍ന്നുപോരുന്നത്. പച്ചക്കറികളും പഴങ്ങളും മത്സ്യവും മാംസവുമെല്ലാം വിഷത്തില്‍ മുക്കിയെടുത്താണ് നമുക്ക് മുന്നില്‍ എത്തുന്നതെന്ന യാഥാര്‍ത്ഥ്യത്തിന് കയ്പ്പുണ്ടെങ്കിലും ഉള്‍ക്കൊണ്ടേ തീരൂ. ഓപ്പറേഷന്‍ മത്സ്യയുടെ ഊഭാഗമായി രാസവസ്തുക്കള്‍ അടങ്ങിയതും പഴകിയതുമായ ആയിരക്കണക്കിന് കിലോ മത്സമാണ് സംസ്ഥാനത്ത് പിടികൂടിയത്. അതോടെ പരിശോധനയും നടപടിയുമെല്ലാം അവസാനിച്ചു. തുടര്‍ ദിവസങ്ങളില്‍ എത്തുന്നതും വിഷ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ തന്നെയാണ്. പച്ചക്കറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൃഷിയുടെ ആരംഭം മുതല്‍ സംസ്‌കരണം വരെ രാസപദാര്‍ത്ഥങ്ങളാണ് പഴ, പച്ചക്കറികളെ പിന്തുടരുന്നത്. കാടിളക്കിയുള്ള ഒറ്റപ്പെട്ട പരിശോധനകള്‍ ഫലം ചെയ്യില്ലെന്ന് വ്യക്തം. മനുഷ്യന്റെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുന്ന രീതിയിലേക്ക് ഭക്ഷ്യമേഖല വളരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമ്പന്ന രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ പഴുതടച്ച ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യാതെ ഭക്ഷ്യദുരന്തങ്ങള്‍ക്ക് അറുതിയുണ്ടാകില്ല.

Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

EDITORIAL

Published

on

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

Continue Reading

Article

ആശയറ്റവരും അര്‍മാനി ബാഗും

EDITORIAL

Published

on

ഓസ്‌കര്‍ പുരസ്‌കാരം സിനിമയില്‍ മാത്രം ഒതുങ്ങാതെ അത് രാഷ്ട്രീയ രംഗത്തേക്ക് കൂടി വരികയാണെങ്കില്‍ ആരായിരിക്കും മികച്ച നടി എന്ന കാര്യത്തില്‍ എന്തായാലും ഇനി തര്‍ക്കത്തിന് സ്ഥാനമില്ല, കേരള ആരോഗ്യ മന്ത്രി ഒന്നു മുതല്‍ അവസാന സ്ഥാനം വരെ സ്വന്തമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്രമേല്‍ ഭീകര അഭിനയമാണ് മന്ത്രിയുടേത്. നേരത്തെ ഉണ്ടായിരുന്ന മന്ത്രി പി.ആര്‍ ബില്‍ഡ് ആയിരുന്നുവെങ്കില്‍ നിലവിലെ മന്ത്രി പി.ആറിന് പോലും പി.ആര്‍ വെക്കുന്നയാളാണ്. നാളുകളായി തലസ്ഥാനത്ത് വെയിലും മഴയും കൊണ്ട് മിനിമം കൂലി ജീവിക്കാനുള്ള വകയാക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോള്‍ ഉപദേശം മാത്രം ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ പുറപ്പെടുവിക്കലാണ് മന്ത്രിയുടെ പ്രധാന പണി.

പിന്നെ നിലപാടുകളുടെ രാജകുമാരി ആയതിനാല്‍ എന്തി നും ഏതിനും നിലപാടുള്ളയാളാണ്. അതിപ്പോള്‍ കാപ്പ കേസ് പ്രതിയെ മാലയിട്ടു സ്വീകരിക്കുന്നത് മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനെന്ന പേരില്‍ ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരെ അങ്ങനെ തന്നെ. കേരളത്തിന് ഒരു കപ്പിത്താനുണ്ടെന്നും ഈ കപ്പല്‍ ആടിയുലയില്ലെന്നും അടിക്കടി പ്രസ്താവന ഇറക്കുന്ന മന്ത്രിയുടെ പ്രധാന പണി തന്നെ പ്രസ്താവന കളിറക്കുക എന്നതാണ്. പ്രസ്താവനാ വകുപ്പ് മന്ത്രി എന്നൊരു വകുപ്പ് തന്നെ ഭവതിക്ക് വെച്ച് നല്‍കാവുന്നതാണ്.

സഭയില്‍ കൈചൂണ്ടി സംസാരിച്ചാല്‍ പോലും അതിനെതിരെ ഉറഞ്ഞു തുള്ളുന്ന മന്ത്രി പക്ഷേ കേരളത്തില്‍ ആരോഗ്യ രംഗം ഐ.സി.യുവിലായിട്ട് ഒരു ചെറുവിരല്‍ പോലും അനക്കാറില്ല. എന്നും വരും മന്ത്രിയുടേതായി പ്രസ്താവനകള്‍. നടപടി എടുക്കും. കര്‍ശന നടപടി, ഉത്തരവാദികളായവരെ കണ്ടത്തും. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എന്ന തരത്തില്‍ ദിവസവും പ്രസ്താവനകള്‍ വന്നു കൊണ്ടേ ഇരിക്കും. മാധ്യമങ്ങള്‍ക്ക് ആകെയുള്ള പണി മന്ത്രി പറഞ്ഞ സ്ഥലം മാത്രം മാറ്റുക എന്നതാണ്. ഉള്ളടക്കം എല്ലാം ഒന്ന് തന്നെ. പ്രസ്താവനയിലെ വാക്യങ്ങളും വാക്കുകളും ഒരേ കോപ്പി പേസ്റ്റ് സാധനങ്ങള്‍ തന്നെ. കേരളം എന്ന സംസ്ഥാനം രൂപികൃതമായ ശേഷം ഇത്രയും മോശം ആരോഗ്യ മന്ത്രി ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ച് വേണമെങ്കില്‍ ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാവുന്നതാണ്.

അത്രമേലുണ്ട് വകുപ്പിന്റെ വീഴ്ചകള്‍. 231 രൂപ എന്ന ദിവസ കൂലി കുട്ടിത്തരണമെന്ന് പറയുന്ന ആശപ്രവര്‍ത്തകരെ കൊഞ്ഞനം കുത്തി നടക്കുന്ന മന്ത്രിക്ക് പക്ഷേ ബംഗാളിലെ സി.പി.എം തകര്‍ന്നതിനെ കു റിച്ച് തെല്ലൊന്ന് ആലോചിക്കുന്നത് നന്നാവും. ആപ്പിള്‍വാച്ചും മോംബ്ലോ പേനയും ഉപയോഗിച്ചതിന് പണ്ട് സിപിഎമ്മിന്റെ ബംഗാളിലെ ചെന്താരകവും എം.പിയുമായിരുന്ന ഋതബ്രത ബാനര്‍ജിക് പണികിട്ടിയ കാര്യം ശരിക്കും ഓര്‍ക്കാവുന്നതാണ്. പാര്‍ട്ടി രീതിയോട് ചേര്‍ന്നുള്ള ജീവിത ശൈലിയല്ലെന്ന് ആരോപിച്ച് ടിയാനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാലം മാറി ഋതബ്രത പിന്നീട് ദീദിക്കൊപ്പം ചേര്‍ന്നു. ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ കസേരയിട്ട് മേല്‍ പോട്ട് നോക്കുകയും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മുതലാളിത്തത്തിന് മണിയടിച്ച് നെതര്‍ലന്‍ഡ്‌സില്‍ നിന്നും റൂം ഫോര്‍ റിവറുമായി എത്തിയ സഖാവിന്റെ കുടെ ജോലി ചെയ്യുന്നതിനാല്‍ പട്ടിണി കിടക്കുന്ന ആശകളെ നോക്കുന്നതിനേക്കാളും തന്റെ എംപോറിയോ അര്‍മാനിയുടെ ബാഗ് പ്രദര്‍ശിപ്പിക്കുന്നതിലാണ് തിരക്ക്.

ഇറ്റാലിയന്‍ നിര്‍മിത അര്‍മാനി വിപണിയില്‍ വില്‍ക്കുന്നത് 162,000 രൂപയ്ക്കാണ്. തൊഴിലാളി ചൂഷണ നിര്‍മിതിയായ പൊങ്ങച്ച ബാഗ്തൂക്കി ലളിത ജീവിതം കാട്ടി നടക്കുമ്പോള്‍ 231 രൂപയേക്കാളും കൂടുതല്‍ ചോദിക്കുന്നവരെ പരമ പുച്ഛം തോന്നുക സ്വാഭാവികം. ഇനി ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഡ്യൂപ്ലിക്കേറ്റ് ആയത് പോലെ ബാഗും വ്യാജനാണോ എന്നറിയില്ല.

സൈബര്‍ സഖാക്കള്‍ എന്തായാലും വീണ മന്ത്രിക്ക് വേണ്ടി സൈബറിടത്തില്‍ പടവെട്ടി മരിക്കുകയാണ്. നിപ സമയത്ത് പി.ആര്‍ പോരാത്തതിനാല്‍ പണ്ട് തന്റെ സഹപ്രവര്‍ത്തകയായിരുന്നയാളെ ഉപയോഗിച്ച് സമാന്തര പി.ആര്‍ പണി നടത്തിയ ആളായതിനാല്‍ ഇതൊക്കെ മന്ത്രിക്ക് എന്ത്. മാധ്യമ നിശ്പക്ഷതയെ കുറിച്ചൊക്കെ വാചാലയാവുന്ന മന്ത്രി മുമ്പ് പിണറായിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകയായിരുന്ന സമയത്ത് ചെയ്തു കൊടുത്ത സഹായത്തിന്റെ ആകെത്തുകയാണ് ഇപ്പോഴത്തെ മന്ത്രിപ്പണിയും സംസ്ഥാന സമിതിയിലെ സ്ഥാനവുമെല്ലാം. അല്ലേലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കൊട്ടിഘോഷിച്ചേ മന്ത്രി ചെയ്യൂ. ചുമ്മാതങ്ങ് ചെയ്യാനൊക്കുമോ.

വൈത്തിരി താലൂക്ക് ആ ശുപത്രിയിലെ കെട്ടിടോദ്ഘാടനത്തിന് മന്ത്രിക്ക് വെടിക്കെട്ടും ചെണ്ടമേളയുമായിരുന്നു വരവേല്‍പ്. രോഗികള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് വെടിക്കെട്ട്. അതും സ്‌നേഹപ്രകടമാണെന്നാണ് മന്ത്രിയുടെ ഭാഷ്യം. ഇനി ഇവര്‍ക്ക് സി.പി.എമ്മില്‍ സീറ്റുകിട്ടിയത് എങ്ങിനെയാണെന്നത് പരിശോധിച്ചാല്‍ മതി അത്രമേല്‍ ഉണ്ട് ഇവരുടെ വീര സാഹസങ്ങള്‍. മുന്‍ മന്ത്രി ടി.എം ജേക്കബ് അന്തരിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ദിവസം… പോളിംഗ് തുടങ്ങി ഏതാണ്ട് പത്തുമണിയോട് അടുക്കുന്നു… പെട്ടെന്ന്,സാധാരണ, വാര്‍ത്ത വായിക്കുക മാത്രം ചെയ്യാറുണ്ടായിരുന്ന ഇവര്‍, ചാനല്‍ മൈക്കുമായി നേരെ ഒരു ബ്രേക്കിംഗ് ന്യൂസ് നടത്തുകയാണ്…’ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷം മൂലം അടച്ചിട്ടിട്ടുണ്ടായിരുന്ന കോലഞ്ചേരി പള്ളിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ ഒരു വിഭാഗം ആരാധന നടത്തുന്നു എന്നതായിരുന്നു ബ്രേക്കിംഗ്…. പിറവം നിയമസഭാ മണ്ഡലത്തിന്റെ സ്ട്രക്ചര്‍ വെച്ചിട്ട് ഒരു വിഭാഗം വോട്ടര്‍മാരെ സാമുദായികമായി അനൂപ് ജേക്കബിന് /യുഡിഎഫിന് എതിരാക്കുന്നതിന്, സംഘര്‍ഷമുണ്ടാക്കി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി നടത്തിയ യാതൊരു നാണവും മാനവും ഇല്ലാത്ത പ്രവര്‍ത്തിയാണ് അന്ന് വീണ ജോര്‍ജ് ചെയ്തത് സിപിഎം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പുള്ള, പി ണറായി വിജയനെ ആകര്‍ഷിച്ച ഇവരുടെ പെര്‍ഫോമന്‍സ് ഇതാണ് …എന്തും ചെയ്യും…. എന്തും പറയും എന്തും ന്യായീകരിക്കും സൈബര്‍ സഖാക്കള്‍ക്ക് പറ്റിയ കൂട്ടാണ്.

Continue Reading

Article

അമര സ്മരണകളുടെ മഹാദിനം

ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്

Published

on

വല്ലാഞ്ചിറ മുഹമ്മദാലി

ഇന്ത്യാ ചരിത്രത്തില്‍ ഒരു ഭാഷക്ക് വേണ്ടി സമരം ചെയ്തു രക്തസാക്ഷിയാവേണ്ടി വരികയും, ഭരണകൂടം അവരുടെ തിരുമാനങ്ങളില്‍ നിന്നും പിന്‍വലിയേണ്ടി വരികയും ചെയ്ത ആദര്‍ശ സമര വീഥിയിയിലെ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട സമരമാണ് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കിയ ഭാഷാസമരം. ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്.

1980 ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ സര്‍ക്കാര്‍ കരിനിയമങ്ങള്‍ കൊണ്ടു വന്നു. ഭരണഘടനാ ദത്തമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ഭാഷാ സ്‌നേഹികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. വ്യാപകമായി സംസ്ഥാനത്ത് കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യപ്പെട്ടു. 1980 ജൂലൈ 30 (റമസാന്‍ 17ന്) മലപ്പുറത്ത് സമരത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തിന് നെരെ പൊലിസ് നിറയൊഴിച്ചു. മൂന്ന് യുവാക്കള്‍ രക്തസാക്ഷികളായി, അവകാശ സംരക്ഷണ പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിക്കപ്പെട്ടു.

സമരം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു. സമരത്തില്‍ പങ്കെടുത്ത എന്നെ പോലെയുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജീവിത കാലം മുഴുവന്‍ ഹരിത പതാക നെഞ്ചിലേറ്റാനുള്ള ആവേശം പകര്‍ന്ന സമരമായിരുന്നു അന്ന് നടന്നത്. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് എനിക്ക് ഈ സമരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായത്. മുസ്ലിം ലീഗ് സമുദായത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടതുപക്ഷം കൊണ്ടുവന്ന അജണ്ടയുടെ ഭാഗമായിരുന്നു കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. അജണ്ട തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുത്തു. 45 വര്‍ഷം മുമ്പ് നടന്ന ഈ സമര കാലഘട്ടത്തില്‍ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി പെട്ടെന്ന് സമരം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ദീര്‍ഘകാലത്തെ രാഷ്ട്രീയപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഓരോ സമരങ്ങളും സംഘടിപ്പിച്ചിരുന്നത്.

മര്‍ഹും അഹമ്മദലി മദനിയുടെയും കുളത്തുര്‍ മുഹമ്മദ് മൗലവിയുടെയും നേത്യത്വത്തില്‍ കെ.എ.ടി.എഫ് ആയിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച് പ്രഖ്യാപിച്ചു ‘അറബി അധ്യാപകരെ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങി പോകുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു’. സി.എച്ചിന്റെ ആഹ്വാനം കേട്ടുകൊണ്ടാണ് പി.കെ.കെ ബാവയുടെയും കെ.പി.എ മജിദിന്റെയും നേത്യ ത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ഉള്‍പ്പെടെയുള്ള എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും 1080 ജൂലൈ 30ന് മാര്‍ച്ച് പ്രഖ്യാപിച്ചത്. റമസാന്‍ 17ന് ബദര്‍ ദിനത്തില്‍ വ്രതം അനുഷ്ടിച്ചുകൊണ്ടാണ് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി. രായിന്‍, പി.ഖാലിദ് മാസ്റ്റര്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആസൂത്രണം ചെയ്ത നായനാര്‍ സര്‍ക്കാര്‍ മലപ്പുറത്ത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന വാസുദേവന്‍ മേനോനെ ഇറക്കി സമരക്കാര്‍ക്കു നേരെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ചു. സമാധാനപരമായി നടന്ന സമരം വെടി വെപ്പില്‍ കലാശിച്ചപ്പോള്‍ മജീദിന്റെയും കുഞ്ഞിപ്പയുടെയും അബ്ദുറഹ്‌മാന്റെയും ജിവനുകളാണ് സമരത്തില്‍ സമര്‍പ്പിക്കേണ്ടി വന്നത്. നൂറ് കണക്കിന് ചെറുപ്പക്കാര്‍ വെടിയേറ്റ് ജീവച്ചവങ്ങളായി കഴിയേണ്ട സാഹചര്യമുണ്ടായി. നാലര പതിറ്റാണ്ടു പിന്നിടുമ്പോഴും ഇന്നും വെടിയുണ്ട ശരീരത്തില്‍ പേറി ജീവിക്കുന്നവരുണ്ട്.

മലപ്പുറത്ത് നടന്ന ഈ സമരത്തില്‍ സംഭവിച്ച പല കാര്യങ്ങളും പൊതുപ്രവര്‍ത്തകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ളതായിരുന്നു. മുന്നറിയിപ്പ് നല്‍കാതെ ടിയര്‍ ഗ്യാസ് പൊട്ടിച്ചും വെടിവെച്ചും നടത്തിയ പൊലീസ് അതിക്രമം ഭീതിതമായ അന്തരീക്ഷം മലപ്പുറത്ത് ഉണ്ടാക്കി. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളെയാണ് വെടിവെപ്പില്‍ പരിക്കുമായി എത്തിച്ചത്. മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കപ്പെ ട്ടതോടെ സമരത്തിന്റെ ഭാവം മാറി. സമരത്തില്‍ പങ്കെടുത്ത യുവാക്കളുടെ സമരവീര്യം എല്ലാവരിലും പ്രകടമായിരുന്നു. മൂന്ന് പേരുടെ രക്തസാക്ഷിത്വം മഞ്ചേരിയില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. പരിക്കേറ്റ് ഒരാള്‍ മഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി വീണ്ടും സമര രംഗത്തേക്ക് പോവുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. എല്ലാ പൊലീസുകാര്‍ക്കും സുഹൃത്തും വഴികാട്ടി യുമായിരുന്ന പാലായി അബൂബക്കര്‍ ആകുട്ടത്തിലുണ്ടായിരുന്നു. അന്നത്തെ എം.എ സ്.എഫ് നേതാവായിരുന്ന ഇബ്രാഹിം മുഹമ്മദിന്റെ അനൗണ്‍സ്‌മെന്റ് അരീക്കോട് പി.വി മുഹമ്മദിന്റെ മുദ്രാവാക്യം വിളികളും സമരത്തിന് ആവേശം പകര്‍ന്ന കാര്യങ്ങളായിരുന്നു. പി.വി മുഹമ്മദ് അന്ന് വിളിച്ചു കൊടുത്ത മുദ്രാവാക്യങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ‘അറബി നാട്ടില്‍ പണി വേണം, അറബി നാട്ടിലെ പണം വേണം, അറബി ഭാഷ പഠിക്കാന്‍ മാത്രം കേരളം നാട്ടില്‍ ഇടമില്ല.. മറുപടി പറയൂ സര്‍ക്കാറേ…

ഭാഷാസമരത്തില്‍ മഞ്ചേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലും പ്രത്യേകം പറയേണ്ടതുണ്ട്. ഇസ്ഹാക്ക് കുരിക്കള്‍, അഡ്വ.യു.എ ലത്തിഫ്, അഡ്വ.ഹസന്‍ മഹമൂദ് കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഞ്ചേരിക്കാര്‍ സമരത്തില്‍ അണിനിരന്നത്. മഹ്‌മൂദ് കുരുക്കളുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ ലീഗ് പ്രവര്‍ത്തകര്‍ സമര സ്ഥലത്തുനിന്നും കാല്‍നടയായി മടങ്ങിയെത്തിയാണ് മഞ്ചേരിയിലെ ആശു പത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

മുസ്ലിം ലിഗിന്റെ സംഘടനാ രംഗത്ത് ഭാഷാ സമരം വരുത്തിയ ഐക്യവും ആവേശവും വിവരണാതീതമാണ്. അന്ന്‌വരെ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പില്ലാതെ അനുഭാവികള്‍ മാത്രമായിരുന്ന പലരും സമരവേശത്താല്‍ പൂര്‍ണ ലീഗുകാരായി മാറി. സംഘടനക്ക് വേണ്ടി സമര്‍പ്പിത യൗവനങ്ങളായിരുന്നു ഓരോ യൂത്ത് ലീഗ്കാരന്റെയും ജീവിതം. ഭാഷാ സമരത്തെ തുടര്‍ന്ന് ആത്മാര്‍ഥതയും, പരസ്പര സ്‌നേഹവും, ആദരവുക ളും വര്‍ധിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എന്ന കേരളത്തിലെ രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നത് ഭാഷാ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു. മുസ്ലിംലീഗിന്റെ പ്രവര്‍ത്തന ശൈലിയില്‍ തന്നെ ഏറെ മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ ഭാഷാ സമരത്തിന് കഴിഞ്ഞു.

സമരത്തിന് ശേഷം നിയമസഭയെ കുലുക്കിയ സി.എച്ചിന്റെയും സിതി ഹാജിയുടെയും പ്രസംഗങ്ങള്‍ കാതുകളില്‍ തങ്ങിനില്‍ക്കുന്നു. ‘മലപ്പുറത്തുനിന്ന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം ഉയരുന്നു ‘ എന്ന് സി.എച്ചിന്റെ വാക്കുകളും ഭരണകൂടത്തെ വിറപ്പിക്കുന്ന ഹാജിയുടെ പ്രസംഗങ്ങളും ഓരോ മുസ്ലിം ലീഗുകാരെന്റെയും ആത്മാഭിമാനത്തെ ഉയര്‍ത്തുന്നവയായിരുന്നു.

Continue Reading

Trending