Connect with us

india

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക 15ന്

പി.സി.സി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.

Published

on

മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന 130 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഒക്ടോബര്‍ 15ന് പ്രഖ്യാപിക്കും. പി.സി.സി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.

15നാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. സംസ്ഥാനത്ത് പിതൃബലിതര്‍പ്പണപക്ഷാചരണം നടക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്ഥനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നത് നീട്ടിയതെന്ന് നേരത്തെ കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പിതൃപക്ഷാചരണം.

5 സര്‍വേകളുടെ അടിസ്ഥാനത്തില്‍ 230 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് 2 പട്ടികകള്‍ തയാറാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും കമല്‍നാഥിനുവേണ്ടി മറ്റൊരു സര്‍വേയും നടത്തിയിരുന്നു.

90 സിറ്റിങ് എം.എല്‍.എമാരും 15 മുന്‍ എം.എല്‍.എമാരും ആദ്യ പട്ടികയിലുണ്ടാകുമെന്നാണ് കരുതുന്നത്. കമല്‍നാഥ് ചിന്ദ്‌വാരയില്‍തന്നെ ജനവിധി തേടും. രണ്ടാം പട്ടിക തയാറാക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഉടന്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി നാലു ഘട്ടങ്ങളിലായി 136 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതവികാരം വ്രണപ്പെടും; നവരാത്രിക്ക് ഡല്‍ഹിയിലെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് ബിജെപി എം.എല്‍.എമാര്‍

മുമ്പ് ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

Published

on

ഹിന്ദുവികാരം വ്രണപ്പെടുന്നതിനാല്‍ നവരാത്രിക്കാലത്ത് ഇറച്ചിക്കടകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍. ബി.ജെ.പി എം.എല്‍.എമാരായ രവീന്ദര്‍ നേഗിയുടെയും നീരജ് ബസോയുടേതുമാണ് വിചിത്ര വാദം. മട്ടണ്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ഇറച്ചി കടകള്‍ ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് എം.എല്‍.എമാരുടെ വാദം. മുമ്പ് ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

നവരാത്രിക്കാലത്ത് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പോലും ഇറച്ചിക്കടകള്‍ തുറക്കാറുണ്ടെന്നും നവരാത്രി ഹിന്ദുക്കളുടെ ഉത്സവമാണെന്നും ഇറച്ചിക്കടകള്‍ കാണുന്ന തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ആരോപിക്കുന്നു. അതേസമയം ഈദിന് പായസം കുടിച്ചാല്‍  ആടിനെ അറുക്കേണ്ട ആവശ്യമില്ലെന്നും ദല്‍ഹിയിലുടനീളം തന്റെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കിലും തന്റെ മണ്ഡലമായ പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ കടകള്‍ അടച്ചിടുമെന്നും രവീന്ദര്‍ നേഗി പറഞ്ഞു.

അടച്ചിടാനായി തന്റെ മണ്ഡലത്തില്‍ എല്ലാ ശ്രമങ്ങള്‍ നടത്തുമെന്നും താന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേറ്ററായിരുന്ന കാലഘട്ടത്തില്‍ ഇതേ വിഷയത്തിനായി വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവരാത്രി സമയത്ത് ഇറച്ചിക്കടകള്‍ അടച്ചിടണമെന്നും ഈ ഇറച്ചിക്കടകള്‍ ജനവാസ മേഖലകളില്‍ പാടില്ലെന്നുമാണ് മറ്റൊരു എം.എല്‍.എയായ നീരജ് ബസോയയുടെ വാദം.

ഇറച്ചി വില്‍പ്പനക്കാര്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നുവെന്നും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ തങ്ങള്‍ കത്തെഴുതുമെന്നും എം.എല്‍.എ പറഞ്ഞു. നവരാത്രി സമയത്ത് മാത്രമല്ല, വര്‍ഷം മുഴുവനും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ മാംസക്കടകള്‍ അനുവദിക്കരുതെന്നും അത്തരം സ്ഥാപനങ്ങള്‍ വാണിജ്യ മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ബസോയ വാദിക്കുന്നു.

സമീപകാലത്ത് ഗണ്യമായ തോതില്‍ മാംസക്കടകള്‍ തുറന്നിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി അവരുടെ ഭരണകാലത്ത് അവയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ബന്‍സോയ നഗരത്തിലെ ഈ കടകള്‍ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിക്കും, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്കും, ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും താന്‍ കത്തെഴുതുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading

india

തെലങ്കാനയിലെ ടണല്‍ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്

Published

on

തെലങ്കാനയിലെ തുരങ്കത്തിനുള്ളില്‍ അകപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മിനി എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെ മൃതദേഹം കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരം.

മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് ഒമ്പതിന് ടി.ബി.എം ഓപ്പറേറ്ററായ ഗുര്‍പ്രീത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് തുരങ്കം തകര്‍ന്ന് എട്ട് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്. അമരാബാദിലാണ് തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തുരങ്കമാണ് തകര്‍ന്നത്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യന്‍ സൈന്യം, ഖനന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തനമാണ് ആരംഭിച്ചത്. എന്നാല്‍, തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിട്ടും തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍, വെള്ളം അടിഞ്ഞുകൂടല്‍, മോശം വായുസഞ്ചാരം എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം കാര്യമായ വെല്ലുവിളികള്‍ നേരിട്ടു.

Continue Reading

india

ആക്ഷേപ ഹാസ്യത്തിന് പരിധിയുണ്ട്; കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് ഏകനാഥ് ഷിന്‍ഡെ

 കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു.

Published

on

ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘തമാശ പറഞ്ഞാൽ ഞങ്ങൾക്ക് മനസിലാകും, എന്നാൽ തമാശക്കും ഒരു പരിധിയുണ്ട്’-എന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു. ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകുമെന്ന് മനസിലാക്കണം എന്നാണ് ഇക്കാര്യത്തിൽ ഷിൻഡെ പറഞ്ഞത്.

‘ഒരു വ്യക്തിക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടാകണം. അല്ലാത്തപക്ഷം ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകും. ആവിഷ്‍കാര സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ട്. ഞങ്ങൾക്ക് തമാശ കേട്ടാൽ മനസിലാകും. എന്നാൽ അതിനും ഒരു പരിധിയുണ്ട്. മറ്റൊരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ് തോന്നിയത്”-ഷിൻഡെ പറഞ്ഞു.

വിദ്വേഷ പ്രസംഗം വഴി 39കാരനായ സ്റ്റാന്റപ്പ് കൊമേഡിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഷിൻഡെ കുറ്റപ്പെടുത്തി. ഈ വ്യക്തി തന്നെയാണ് സുപ്രീംകോടതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പറഞ്ഞത്. ഇത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല, മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്-ഷിൻഡെ വിമർശിച്ചു.

ഞായറാഴ്ച നടന്ന ഷോയിൽ കുനാൽ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.

എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹോട്ടൽ അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു. ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.

Continue Reading

Trending