X

ബ്രഹ്മപുരം തീപിടിത്തം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു, ഡയോക്‌സിന്‍ കലര്‍ന്ന വിഷപ്പുകയാണ് കൊച്ചിയിലുള്ളത്- വിഡി സതീശന്‍

അഴിമതിപ്പുക, മാലിന്യ പുക എന്ന മുദ്രാവാക്യമുയര്‍ത്തി ബ്രഹ്മപുരം തീപിടിത്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ബ്രഹ്മപുരത്ത് കരാറുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം നടത്താത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

മാലിന്യം മനപൂര്‍വ്വം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒരു നാടിനെയാകെ വിഷ പുകയിലാക്കിയ കരാറുകാരനെ രക്ഷിക്കാനായി സംസാരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ് ചെയ്തതത്. ഇവിടെ, കഴിഞ്ഞ ദിവസമാണ് മാസ്‌ക് ധരിക്കണമെന്ന് മന്ത്രി പറഞ്ഞത്. 10ാം ദിവസമാണിത് പറയുന്നത്. ആദ്യത്തെ അഞ്ച് ദിവസം കൊച്ചില്‍ ഒരു കുഴപ്പവുമില്ലെന്ന് ആരോഗ്യമന്ത്രി ആരോട് ചോദിച്ചാണ് പറഞ്ഞത്. കരാര്‍ കമ്പനിയെ ന്യായീകരിക്കുന്ന മന്ത്രിമാരാണുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സി ഭരിക്കുന്നതില്‍ അര്‍ത്ഥമില്ല. സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ദുരിതത്തിനിരയായ മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തദ്ദേശ വകുപ്പ് മന്ത്രി കരാര്‍ കമ്പനിയുടെ വക്താവായി മാറിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഡയോക്‌സിന്‍ കലര്‍ന്ന വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയല്‍ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകും. ഇപ്പോഴും തീ പടര്‍ന്ന് പിടിക്കുകയാണ്. ഡയോക്‌സിന്‍ കലര്‍ന്ന പുകയാണ് പടരുന്നത്. വളരെ അപകടകരമാണ് സ്ഥിതി. ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന വിഷയമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

അമേരിക്ക വിയറ്റ് നാം യുദ്ധത്തില്‍ ഉപയോഗിച്ച ഏജന്റ് ഓറഞ്ചില്‍ ഡയോക്‌സിനാണുള്ളത്. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസം മാത്രമാണ് ജനങ്ങളോട് മാസ്‌ക് ധരിക്കാന്‍ ആരോഗ്യമന്ത്രി പറഞ്ഞത്. എന്ത് ക്രൈസിസ് മാനേജ്മന്റാണിത്. ഇത്രയും ഗുരുതര വിഷ വാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഒരു ഏജന്‍സിയെ വെച്ച് അന്വേഷണം നടത്തിയോ? വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടത്. ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത സ്ഥിതി. എല്ലാവരും കൈ കഴുകുന്നു. മാലിന്യ മല ഉണ്ടാക്കിയത് യുഡിഎഫ് എന്നാണ് ഇപ്പോള്‍ പറയുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൃത്യമായി കാര്യങ്ങള്‍ ചെയ്യണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

 

webdesk14: