ടി.എച്ച് ദാരിമി
നബി തിരുമേനി (സ) മാര്‍ക്കറ്റിലൂടെ നടന്നു നീങ്ങുകയാണ്. ഇടക്ക് ഇങ്ങനെ നടക്കുന്നത് പതിവാണ്. ശത്രുക്കള്‍ അത് ഒരു അപവാദമായിപോലും പറയുമായിരുന്നു. വിശുദ്ധഖുര്‍ആനില്‍ അല്‍ഫുര്‍ഖാന്‍ അധ്യായത്തില്‍ അവിശ്വാസികള്‍ നടത്തിയ ആരോപണങ്ങളില്‍ ഇത് പറയുന്നുണ്ട്. ഇതെന്തു പ്രവാചകനാണ്? ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ക്കൂടി നടക്കുകയും ചെയ്യുന്നു. തന്റെ രാജ്യത്തിലെ ജനങ്ങളും അവരുടെ വ്യവഹാരങ്ങളും ശരിയായ താളത്തില്‍ തന്നെ നടന്നുപോകുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ആരെങ്കിലും വല്ല വേലകളും ഒപ്പിക്കുന്നുണ്ട് എങ്കില്‍ അത് തടയാനു മൊക്കെയാണ് ഈ നടത്തം. അതിനിടയില്‍ അവിടെ ഒരു കര്‍ഷക വ്യാപാരി മുമ്പില്‍ കാരക്ക കൂട്ടിയിട്ട് വില്‍ക്കുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നിയ നബി (സ) കൂമ്പാരത്തില്‍ കൈ കടത്തി പരിശോധിച്ചു. കൂമ്പാരത്തിന്റെ അടിയില്‍ നനവുകണ്ടു. നനവില്ലാത്തത് കാണിച്ച് നനവുള്ളത് കച്ചവടം നടത്തുന്ന ഈ കള്ളക്കളിയില്‍ നബി (സ) അപ്പോള്‍ തന്നെ ഇടപെട്ടു. അപ്പോഴേക്കും ജനം അവിടെ തടിച്ചുകൂടി. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് അവനോട് നബി ചോദിച്ചു. തലേന്നാള്‍ മഴ പെയ്തതാണ് കാരണം എന്നവന്‍ പരിതപിച്ചു. എങ്കില്‍ നനഞ്ഞതും വില കെട്ടതുമായ കാരക്ക എന്തുകൊണ്ട് നിനക്ക് പുറത്തിട്ടുകൂടാ? എന്നായി നബി (സ). തുടര്‍ന്ന് അവിടെക്കൂടിയ ജനങ്ങളോടായി ഗൗരവത്തോടെ നബി (സ) പ്രഖ്യാപിച്ചു: നമ്മെ വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.
എല്ലാവിധ ചൂഷണങ്ങളുടെയും ആകെത്തുക ഒരാള്‍ തന്റെ സഹജീവിയുടെ സ്വത്ത് അന്യായമായി സ്വന്തമാക്കുക എന്നതാണ്. ഇത് പല രൂപത്തിലുമാവാം. ഏത് രൂപത്തിലുള്ളതാണെങ്കിലും അതിനെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായി താക്കീതു ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് അന്യോന്യം അന്യായമായി തിന്നരുത്; പരസ്പരം പൊരുത്തത്തോടെയുള്ള വ്യാപാരത്തിലൂടെയല്ലാതെ. നിങ്ങളെത്തന്നെ നിങ്ങള്‍ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ് തീര്‍ച്ച (4:29). ചൂഷണം വഴി ഒരാളിലേക്ക് ധനം വന്നു ചേരുന്നതോടെ അയാള്‍ അല്ലാഹുവില്‍നിന്ന് അകലുന്നു. നിഷിദ്ധമായ മാര്‍ഗത്തിലൂടെ നേടിയ സമ്പത്ത് ഉപയോഗിക്കുന്നവരുടെ പ്രാര്‍ഥന പോലും അല്ലാഹു സ്വീകരിക്കുകയില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി (സ) ഒരു മനുഷ്യനെ പരിചയപ്പെടുത്തി. അയാളില്‍ ഭക്തിയുടെ എല്ലാ അടയാളങ്ങളുമുണ്ട്. അയാള്‍ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അയാള്‍ക്ക് എങ്ങനെ ഉത്തരം കിട്ടാനാണെന്ന് നബി ആശ്ചര്യത്തോടെ ചോദിക്കുന്നു. അയാള്‍ തിന്നുന്നതും കുടിക്കുന്നതും ധരിക്കുന്നതും നിഷിദ്ധമാണ്. അയാള്‍ വളര്‍ത്തപ്പെട്ടതും നിഷിദ്ധം ഭക്ഷിച്ചാണ്, പിന്നെ എങ്ങനെയാണ് അയാള്‍ക്ക് ഉത്തരം നല്‍കപ്പെടുക! അനുവദനീയമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നവരുടെ ആരാധനാകര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് ഈ തിരുവചനത്തിന്റെ ആശയം. ഇവര്‍ പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നതിന്റെ രംഗചിത്രവും നബി (സ) അവതരിപ്പിക്കുണ്ട്. അവരുടെ സുകൃതങ്ങള്‍ ആരുടെ ധനമാണോ അവിഹിതമായെടുത്തത് അവര്‍ക്ക് നല്‍കേണ്ടിവരുമെന്നും മതിയാവാതെ വരുമ്പോള്‍ അവരുടെ പാപങ്ങള്‍ ഏറ്റെടുത്ത് ഇവര്‍ നരകാവകാശികളായിത്തീരുമെന്നും പ്രവാചകന്‍ താക്കീത് ചെയ്തിരിക്കുന്നു.
ചൂഷണത്തിന്റെ രീതികള്‍ വിവിധങ്ങളാണ്. അത് ചൂഷകന്റെ കൗശലത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ടാണ് അതിന് വിവിധ രൂപങ്ങള്‍ ഉണ്ടാവുന്നത്. കൗശലങ്ങള്‍ക്ക് പല രൂപങ്ങള്‍ ഉണ്ടാവുമല്ലോ. അവയില്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ ഒന്നാണ് അളവു തൂക്കങ്ങളിലെ കൃത്രിമത്വം. ഈ ആശയം പറയാന്‍ ഖുര്‍ആന്‍ അവലംബിച്ചിരിക്കുന്നത് മദിയന്‍ നാട്ടുകാരുടെ ചെയ്തിയെയാണ്. ഫലസ്തീന്റെ തെക്ക് ചെങ്കടലിന്റെയും അഖബാ ഉള്‍ക്കടലിന്റെയും കരയോരങ്ങളില്‍ സ്ഥിതിചെയ്തിരുന്ന മദിയന്‍ സമൂഹം അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരായിരുന്നു. അതിന് അറുതിവരുത്താന്‍ അല്ലാഹു ശുഐബ് നബിയെ നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങള്‍ അളവിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിവെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാകരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം (ഖുര്‍ആന്‍: 7:85). ഈ കല്‍പന പാലിക്കാതെ ജീവിച്ച ആ ജനത സമൂലം നശിപ്പിക്കപ്പെട്ടു. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു തുലാസ് സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ കൃത്രിമം വരുത്താതിരിക്കാനാണത്. അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവ് വരുത്തരുത് (55:79). വളരെ നിസ്സാരമായ സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പോലും ഇസ്‌ലാം ഗൗരവമായി കാണുകയും കണിശമായി വിലക്കുകയും ചെയ്യുന്നു. നിഷിദ്ധമായ സമ്പാദന മാര്‍ഗങ്ങള്‍ ഇസ്‌ലാം ശക്തമായി വിലക്കുന്നു. എന്നാല്‍ ഒപ്പംതന്നെ ശരിയായ സമ്പാദന മാര്‍ഗത്തിലേക്ക് അല്ലാഹു വിരല്‍ ചൂണ്ടുന്നുമുണ്ട്. അതിലൊന്നാണ് മേല്‍ ആയത്തില്‍ സൂചിപ്പിക്കുന്ന കച്ചവടം. പക്ഷേ, കച്ചവടവും ചൂഷണത്തിന്റെ വഴിയായി മാറിയിട്ടുണ്ട് ഇക്കാലത്ത് എന്നത് മറ്റൊരു സങ്കടം. ഭരണകൂടത്തെ തന്നെ കയ്യിലെടുത്ത് വലിയ ചൂഷണങ്ങള്‍ക്ക് മറപിടിക്കുന്ന പുതിയ കുത്തക കച്ചവടങ്ങള്‍ അതിനുദാഹരണമാണ്. അത്തരമൊരു സാധ്യതയും ഖുര്‍ആന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അല്ലാഹു പറയുന്നു: നിങ്ങളന്യോന്യം നിങ്ങളുടെ ധനം അന്യായമായി അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂര്‍വം കുറ്റകരമായ മാര്‍ഗത്തിലൂടെ അന്യരുടെ സ്വത്തില്‍നിന്ന് ഒരു ഭാഗം ആഹരിക്കാനായി അതുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത് (2:188).
ചൂഷണം, മോഷണം, അഴിമതി, പൂഴ്ത്തിവെയ്പ്, കൈക്കൂലി, കരിഞ്ചന്ത, വഞ്ചന, കൃത്രിമം കാണിക്കല്‍, മായംചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സാമ്പത്തിക കുറ്റങ്ങളെയും ഇസ്‌ലാം കര്‍ക്കശമായി വിലക്കുന്നു. വഞ്ചന നടത്തിയവന്‍ നമ്മില്‍ പെട്ടവനല്ല, കച്ചവടത്തില്‍ നിങ്ങള്‍ പരസ്പരം വഞ്ചിക്കരുത്, ഒരാള്‍ വില പറഞ്ഞതിന്‌മേല്‍ കൂട്ടിപ്പറയരുത്, കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അവര്‍ക്കിടയില്‍ അത് കൊടുപ്പിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു, അനുകൂലമായ വിധിക്കുവേണ്ടി കൈക്കൂലി കൊടുക്കല്‍ സത്യനിഷേധമാണ് തുടങ്ങി ഈ വിഷയങ്ങളില്‍ നബി (സ)യുടെ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും നിരവധിയാണ്. അസ്ദ് ഗോത്രത്തിലെ ഇബ്‌നുല്ലുത്ബിയ്യ എന്നയാളെ പ്രവാചകന്‍ സകാത്ത് സംഭരിക്കാന്‍ നിയോഗിച്ചു. തിരിച്ചുവന്നപ്പോള്‍ അയാള്‍ പറഞ്ഞു: ഇത് നിങ്ങള്‍ക്കുള്ളതാണ്. ഇത് എനിക്ക് പാരിതോഷികമായി ലഭിച്ചതും. അപ്പോള്‍ പ്രവാചകന്‍ മിമ്പറില്‍ കയറി അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് നബി പറഞ്ഞു: അല്ലാഹു എന്നെ ചുമതലപ്പെടുത്തിയ ചില കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നിങ്ങളില്‍നിന്ന് ഞാന്‍ ഭരമേല്‍പിച്ചയാള്‍ ശേഖരിച്ച സമ്പത്ത് കൊണ്ടുവന്നപ്പോള്‍ പറയുന്നു: ഇതാണ് നിങ്ങള്‍ക്കുള്ളത്. ബാക്കി എനിക്കു പാരിതോഷികമായി ലഭിച്ചതാണ് എന്ന്. എന്നാല്‍ അയാള്‍ സത്യസന്ധനെങ്കില്‍ ഓര്‍ത്തു കൊള്ളട്ടെ; അയാള്‍ തന്റെ മാതാപിതാക്കളുടെ വീട്ടിലിരുന്നാല്‍ അയാള്‍ക്കത് കിട്ടുമായിരുന്നോ? അല്ലാഹുവാണ് സത്യം! അനര്‍ഹമായി നിങ്ങളിലാരെങ്കിലും വല്ലതും കൈവശപ്പെടുത്തിയാല്‍ ആ ഭാരവും ചുമന്നാണ് അന്ത്യദിനത്തില്‍ അവന്‍ ദൈവവുമായി സന്ധിക്കുക.