Connect with us

kerala

ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.

Published

on

2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.

ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുതകുന്ന വിധത്തില്‍ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കില്‍ വ്യാവസായിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നല്‍. മേക് ഇന്‍ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുള്‍പ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദനം മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.എന്നാല്‍ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിര്‍ദേശങ്ങളില്‍ മദ്യത്തിന് ചെറിയതോതില്‍ വില വര്‍ദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേല്‍ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പര്‍വതീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട് . വിശദമായി തന്നെ വിഷയം പറയാം.

സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളില്‍നിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്.

ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്ത വര്‍ഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഒരു വര്‍ഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും അനേകം കോടികള്‍ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവര്‍ക്കും അറിയുന്നതാണ്. വന്‍കിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.

എന്നാല്‍ ഒരു വശത്ത് വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുന സംഘടിപ്പിച്ചു. അതുള്‍പ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ തനതു വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 13000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായത്. ഈ വര്‍ഷം 13000 കോടിയിലധികം രൂപയുടെ കൂടി വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016 ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അത് നല്‍കിവന്നിരുന്നത്. 18 മാസമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ കൊടുത്തുതീര്‍ത്തത് തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരാണ്. എന്നാല്‍ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങള്‍ക്ക് നല്‍കുകയാണ്. ഇതില്‍ 50.66 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ എന്ന നിലയിലും 6.73 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ എന്ന നിലയിലും സര്‍ക്കാര്‍ നല്‍കുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ 4.28 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്ന ചെലവ് എങ്കില്‍ ഇന്നത് 950 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അനുപാതത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിടവ് നികത്താന്‍ കൂടുതല്‍ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു. അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തില്‍ ശോഷണം സംഭവിക്കുന്നു. ഈ സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയില്‍ എങ്കിലും ചില മേഖലകളില്‍ നികുതി വര്‍ദ്ധിപ്പിക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
ജിഎസ്ടി നടപ്പിലായതോടുകൂടി സംസ്ഥാനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോള്‍,ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്താന്‍ അധികാരം ഉള്ളത്.

സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി നികുതിക്ക് മേല്‍ നികുതി എന്ന പേരില്‍ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്നതില്‍ യാതൊരു ന്യായവുമില്ല.
ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന ഒരു ഉല്‍പ്പന്നത്തിന്മേല്‍ കടന്നു കയറി സര്‍ചാര്‍ജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിന്‍വലിക്കേണ്ടത്.

സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേര്‍ന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങള്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്.കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.

kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, എണറാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. ഈ ഭാഗങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കന്‍ കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി

ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സന്ദീപ് വാര്യർ നാളെ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കാണും. കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും, പാലക്കാട് വലിയ വിജയമുണ്ടാകുമെന്നും സന്ദീപിന്റെ വരവ് അത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും’ പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

പത്തു വർഷം മുമ്പത്തെ ‘ഗസ്സ ലേഖനം’; പ്രതികരണവുമായി മഹ്‌മൂദ് കൂരിയ

കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തന്റെ പഴയ ലേഖനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

ലണ്ടൻ: ഇസ്രാഈല്‍ – ഫലസ്തീൻ സംഘർഷത്തിൽ നിലപാടെടുക്കുന്നതിനെക്കുറിച്ച് പത്തുവർഷം മുമ്പ് താൻ എഴുതിയ ലേഖനം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി എഡിൻബർഗ് യൂണിവേഴ്‌സിറ്റി ലെക്ചററും 2024-ലെ ഇൻഫോസിസ് പ്രൈസ് ജേതാവുമായ മഹ്‌മൂദ് കൂരിയ. ‘നമ്മൾ എന്തുകൊണ്ട് ഗസ്സയെ പിന്തുണക്കരുത്’ എന്ന തലക്കെട്ടിൽ ഒരു വെബ് പോർട്ടലിൽ എഴുതിയ ലേഖനം അതിന്റെ ആശയത്തിനു വിരുദ്ധമായാണ് ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നതെന്നും, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് താൻ പൂർണമായും എതിരാണെന്നും മഹ്‌മൂദ് പറഞ്ഞു. കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തന്റെ പഴയ ലേഖനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിൽ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നിലപാടെടുക്കുന്നവർ ജൂതമത വിശ്വാസികളെ മുഴുവനായും എതിർപക്ഷത്തു നിർത്തുന്നതിനെ തന്റെ ലേഖനത്തിൽ മഹ്‌മൂദ് വിമർശിച്ചിരുന്നു. ഹിറ്റ്‌ലറുടെ പേരിൽ പ്രചരിക്കുന്ന ഉദ്ധരണികൾ ഉപയോഗിച്ച് ജൂത വിശ്വാസികൾക്കെതിരെ പ്രചരണം നടത്തുന്നത് സെമിറ്റിക് വിരുദ്ധതയാണെന്നും, ഐ.സി.സിന്റെ ചെയ്തികളുടെ പേരിൽ മുസ്ലിംകളെ പഴിക്കുന്നതിനു സമാനമാണ് സയണിസ്റ്റുകളുടെ പേരിൽ ജൂതന്മാരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യശാസ്ത്ര മേഖലയിലെ അക്കാദമിക മികവിനുള്ള 2024-ലെ ഇൻഫോസിസ് പ്രൈസ് മഹ്‌മൂദ് നേടിയതിനു പിന്നാലെ ഈ ലേഖനം ഫേസ്ബുക്ക് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയാവുകയും ചെയ്തു. ഫലസ്തീൻ ജനതയ്ക്കു മേൽ ഇസ്രായേൽ നടത്തുന്ന കൊടിയ അതിക്രമങ്ങളെ പിന്തുണക്കുന്നതാണ് ലേഖനത്തിന്റെ തലക്കെട്ടെന്നും, ലേഖനത്തിന്റെ ഉള്ളടക്കത്തിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നുമുള്ള വിമർശനങ്ങൾ ഉയർന്നു.

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കുന്നതിനാൽ തന്റെ പേരിൽ നടക്കുന്ന വിവാദം അറിയാൻ വൈകിയെന്ന് മഹ്‌മൂദ് പറയുന്നു: ‘ഒരു സംശയവുമില്ലാത്തവിധം, ഗസ്സയിലെ വംശഹത്യയ്‌ക്കെതിരെ നിലപാടെടുക്കുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും ഞാൻ. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൊലപ്പെടുത്തുകയും, യൂണിവേഴ്‌സിറ്റികളും ആശുപത്രികളുമടക്കം തകർക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടികൾ ഒരർത്ഥത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.’

ഗസ്സയിലെ മനുഷ്യർക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളുടെ ദൃശ്യങ്ങളും വാർത്തകളും തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയതു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ കൺമുന്നിൽ വംശഹത്യ അരങ്ങേറുമ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് തളർച്ചയുണ്ടാക്കുന്ന കാര്യമാണ്.’ ഇസ്ലാമോഫോബിയ പോലെ തന്നെ പ്രശ്‌നമാണ് സെമിറ്റിക് വിരുദ്ധതയും എന്നു പറയാനാണ് താൻ 2014-ലെ ലേഖനത്തിൽ ശ്രമിച്ചതെന്നും മഹ്‌മൂദ് വ്യക്തമാക്കി.

Continue Reading

Trending