X

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്. മൊത്തം 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. ഡിസംബര്‍ മാസത്തെ ശമ്പളമായിരിക്കും നല്‍കുക.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലായിരുന്നു. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ഇത്രയും തുക നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല.

ഓരോ മാസവും 3.46 കോടി രൂപ വീതം മുന്‍ഗണനാ ക്രമത്തില്‍ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ വിരമിച്ച 1757 ജീവനക്കാരില്‍ 1073 പേര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയത്.

webdesk13: