മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
സെനഗൽ 0 കൊളംബിയ 1
#sencol
പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ – കൊളംബിയയും സെനഗലും – പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ ജയിച്ചു. ജപ്പാനെ പോളണ്ട് തോൽപിച്ചു. പോയിന്റിലും ഗോൾ ശരാശരിയിലും ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം നിന്നപ്പോൾ വഴങ്ങിയ മഞ്ഞക്കാർഡുകളുടെ കണക്കിൽ ആഫ്രിക്കക്കാർ പുറത്ത്. ഒരു ജയവും സമനിലയുമുണ്ടായിട്ടും ഭാഗ്യക്കേടിന്റെ വിധിയെ വരിച്ച് അലിയൂ സിസ്സേയുടെ – ഈ ലോകകപ്പിലെ കറുത്ത വർഗ്ഗക്കാരനായ ഒരേയൊരു കോച്ചിന്റെ – കുട്ടികൾ പുറത്താകുന്നത് സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങനെ?
താല്പര്യത്തോടെ കാണാനിരുന്ന കൊളംബിയയുടെ കളി ഒട്ടുമുക്കാലും വിരസമായിരുന്നു. മത്സരത്തിന്റെ പ്രാധാന്യം അറിയാവുന്ന സെനഗൽ വിജയം ലക്ഷ്യം വെച്ചു കളിച്ചപ്പോൾ ഒരുവേള ഹോസെ പെക്കർമാൻ പ്രീക്വർട്ടർ കാണാതെ മടങ്ങുമെന്നു വരെ തോന്നി. ഈ മത്സരത്തിന് വേണ്ടി നേരത്തെ കരുതിവെച്ചത് പോലെ ആയിരുന്നു സെനഗലീസ് ലൈൻഅപ്പ്. മധ്യനിരയിൽ ഇദ്രിസ ഗ്വേക്കൊപ്പം ഷെയ്ക് കുയാറ്റേ തുടക്കം മുതൽ കളിച്ചു. സദിയോ മാനെയെയും നിയാങ്ങിനെയും ഫോർവേഡുകളായി കളിപ്പിച്ചു കൊണ്ടുള്ള 4-4-2 ശൈലി. പതിവുപോലെ 4-2-3-1 ശൈലിയിൽ ഹാമിസ് – ക്വിന്ററോ – ക്വഡ്രാഡോ ത്രയം ആയിരുന്നു കൊളംബിയയുടെ നട്ടെല്ല്.
സെനഗലിനെ കളിക്കാൻ വിടുകയും മധ്യനിരയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള കൊളംബിയൻ അലസ്യത്തിന് ആദ്യപകുതിയിൽ വലിയൊരു പണി കിട്ടേണ്ടതായിരുന്നു. ഹാമിസ് പരിക്കേറ്റു കയറിയതിനു പിന്നാലെ സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടു. ഒറ്റക്കാഴ്ച്ചയിൽ നീതീകരിക്കാവുന്നത് എന്നു തോന്നിയ തീരുമാനം വി.എ.ആർ പരിശോധനയിൽ റദ്ദാക്കുകയായിരുന്നു.
ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങിയ കൊളംബിയ, 70 മിനുട്ടിനോടടുത്തപ്പോഴാണ് കളി കാര്യമായെടുത്തത്. അവരുടെ നീക്കങ്ങൾക്ക് വേഗം കൈവരികയും ആഫ്രിക്കൻ ഉയരക്കാർ വാഴുന്ന മധ്യനിരയെ ബൈപാസ് ചെയ്‌ത് ലോങ് ബോളുകൾ തുടർച്ചയായി കളിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും ബോക്‌സ് കവർ ചെയ്യുന്നതിൽ സെനഗൽ ജാഗരൂകരായിരുന്നു. പക്ഷെ, തുടർച്ചയായി മൂന്നാം കളിയിലും ക്വിന്ററോ നിമിഷം സംഭവിച്ചു. വലതുകോർണറിൽ നിന്ന് 20-ആം നമ്പർ താരം എയ്തുവിട്ട കുറ്റമറ്റ ഒരു കോർണർ കിക്കിൽ ചാടിയുയർന്നുള്ള യേറി മിനയുടെ അസാമാന്യമായ ഹെഡ്ഡർ. ആഫ്രിക്കക്കാർക്ക് വല്ലതും മനസ്സിലാകും മുമ്പേ നിലത്തു കുത്തിയ പന്ത് വലയുടെ ഉത്തരത്തിൽ ഓളങ്ങളുണ്ടാക്കി. അപ്പുറത്ത് ജപ്പാൻ തോറ്റു കൊണ്ടിരുന്നതിനാൽ സമനില പാലിച്ച് കൊളംബിയയും സെനഗലും മുന്നേറുമെന്ന എന്റെ പ്രതീക്ഷയുടെ ഗോൾപോസ്റ്റിലേക്കു കൂടിയാണ് ആ ഗോൾ വന്നുവീണത്.
ഗോൾ വന്നത് സെറ്റ്പീസിൽ നിന്നാകാം, നന്നായി കളിച്ചിട്ടും സെനഗൽ ദൗർഭാഗ്യം കൊണ്ടു തോൽക്കുകയായിരുന്നു എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷെ, പെക്കർമാൻ എന്ന കൗശലക്കാരന്റെ വിജയമായിട്ടാണ് എനിക്ക് ഇതും തോന്നിയത്. കളിയുടെ വേഗവും താളവും അയാൾ നേരത്തെ ഫിക്സ് ചെയ്തു കാണും. ശരിയാണ്, സെനഗൽ പോരാടി. പക്ഷെ, അന്തിമചിരി വീണ്ടും പെക്കർമാന്റേതായി.
ക്വിന്ററോ കൊളംബിയക്ക് എത്രമാത്രം പ്രധാനമാണെന്നു ഈ മത്സരവും തെളിയിച്ചു. ക്വഡ്രാഡോയുടെ ഫുട്ട് വർക്കിനെ നേരിടാൻ സിസ്സേയുടെ കൈവശം തന്ത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, മിഡ്ഫീൽഡിൽ കളിനെയ്യുന്ന ക്വിന്ററോ ഇന്നും വേറിട്ടുനിന്നു. അയാളുടെ പന്തടക്കവും പാസുകളുമായിരുന്നു കൊളംബിയയുടെ ശക്തി. ഒരു ഘട്ടത്തിൽ അയാൾ തൊടുത്തൊരു ഫ്രീകിക്ക് തടയാൻ സെനഗൽ ഗോളി ശരിക്കും പണിപ്പെട്ടു. ഫാൽകവോ നിലവാരം പുലർത്താതെ പോയ കളിയിൽ ഹാമിസിന് പകരം വന്ന മുറിയാലും ഡിഫൻസിലെ സാഞ്ചെസ് – മിന സഖ്യവും തിളങ്ങി. ഒറിബേ – മോറിനോ ഹോൾഡർമാർക്കും പിടിപ്പത് ജോലിയുണ്ടായിരുന്നു. സെനഗൽ നിരയിൽ സാദിയോ മാനെ നന്നായി പോരാടിയെങ്കിലും അയാളെ ബോക്സിൽ ഫ്രീ ആക്കാൻ ആഫ്രിക്കൻ മിഡ്ഫീൽഡിന് കഴിഞ്ഞില്ല.
ഇന്നത്തെ ഇംഗ്ലണ്ട് – ബെൽജിയം മത്സരം വിരസമാകുമെന്നും ക്വർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാനാവും ഇരുകൂട്ടരുടെയും ശ്രമമെന്നും എവിടെയൊക്കെയോ കണ്ടിരുന്നു. എനിക്ക് തോന്നുന്നത് ഇരുടീമുകളും ജയിക്കാൻ തന്നെ പോരാടിക്കുമെന്നാണ്. കൊളംബിയ ഒരു നിലക്കും ദുർബലരല്ലെന്നു മാത്രമല്ല, ഏതു കൊമ്പനെയും മറിച്ചിടാൻ പോന്ന കളി അവരുടെ കാലിലുണ്ട്. പെക്കർമാൻ ഇക്കുറി വന്നിരിക്കുന്നത് ക്വർട്ടർ ലക്ഷ്യം വെച്ചല്ലെന്ന് ഉറപ്പ്.