X

റഷ്യന്‍ ലോകകപ്പ്: മത്സരങ്ങള്‍ റദ്ദാക്കുക തുടങ്ങി കടുത്ത നിലപാടുമായി ഫിഫ

 

മോസ്‌കോ : 2018ല്‍ റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ കടുത്ത നിലപാടുമായി ഫിഫ. കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ മത്സരം റദ്ദാക്കുക തുടങ്ങി കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറയുന്നു. റഷ്യന്‍ ലോകകപ്പില്‍ ഇത്തരം നടപടികള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് ടീം ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്‍ഫാന്റിനൊ.

 

2012 മുതല്‍ 2016 വരെ റഷ്യന്‍ ക്ലബ് സെനിറ്റ് സെയിന്റ് പീറ്റര്‍ബര്‍ഗിനു വേണ്ടി കളിച്ച ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഹള്‍ക്ക് നിരന്തരം വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു. തന്നെ  ‘കുരങ്ങന്‍… കുരങ്ങന്‍…’ എന്നു ഉറക്കെ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ വംശീയാധിക്ഷേപിച്ചതായി അദ്ദേഹം തന്നെ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യായ ടൂറെക്കും റഷ്യയില്‍ സമാനമായ വംശീയാധിക്ഷേപം അനുഭവിക്കേണ്ടിവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഫിഫ മുതിരുന്നത്.

 

വംശീയാധിക്ഷേപം പോലെ തന്നെ ഉത്തേജകമരുന്ന് സംബന്ധിച്ച് ഒട്ടേറെ പ്രശ്‌നങ്ങള്‍ അടുത്തിടെ റഷ്യയില്‍ ഉയര്‍ന്നുവന്നിരുന്നു.ഉത്തേജകമരുന്ന് ഉപയോഗവും ഫിഫ കൂടുതല്‍ ഗൗരവത്തോടെ പരിഗണിച്ചുവരികയാണെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ലോകകപ്പില്‍ വംശീയാധിക്ഷേപം മുന്‍നിര്‍ത്തി ഏതെങ്കിലും ഒരു മത്സരം റദ്ദാക്കുകയാണെങ്കില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു ലോകകപ്പ് കളി ഉപേക്ഷിച്ചതായി രേഖപ്പെടുത്തുക.

 

chandrika: