Connect with us

Culture

തട്ടമിട്ട് ജോലിക്ക് വരരുതെന്ന് ആശുപത്രി അധികൃതര്‍ അങ്ങനെയെങ്കില്‍ എനിക്ക് ജോലി വേണ്ടെന്ന് ഫാത്തിമ വൈറലായി കുറിപ്പ്

Published

on

തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്‌റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ കിട്ടിയ ജോലിക്കു പോവാന്‍ വേണ്ടി മാനസികമായി തയ്യാറെടുത്തു നില്‍ക്കെയാണ് ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് അറിയിച്ച് ആശുപത്രി വക അറിയിപ്പ് വന്നത്. അതോടെ ഒരു നിമിഷം പോലും ആലോചിക്കാതെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ പോസ്റ്റില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയുപേക്ഷിച്ചത് പരാമര്‍ശിച്ചതിനെകുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകള്‍ ഇന്‍ബോക്‌സിലേക്കെത്തിയിരുന്നു.

സത്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ എനിക്കുണ്ടായൊരു അനുഭവമായിരുന്നത്. ജനുവരി ഏഴിനായിരുന്നു (7/1/2019)എനിക്ക് കോയമ്പത്തൂരിലെ ഒരു ‘പ്രമുഖ’ ആശുപത്രിയിലേക്കുള്ള ഇന്റര്‍വ്യൂ കാള്‍ വന്നത്.
ഒമ്പതിന് (9/1/2019) തിങ്കളാഴ്ച രാവിലെ അവിടെ എത്തണമെന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ചു 8ന് രാവിലെ തന്നെ ഞാനും ഉമ്മയും യാത്രതിരിച്ചു.
യാത്രക്കിടയില്‍ പഴയ pdf നോട്‌സും, സ്വന്തം പ്രീപെയര്‍ ചെയ്തുണ്ടാക്കിയ നോട്ടുകളും ഒക്കെ ട്രെയിനില്‍ കുത്തിയിരുന്നു ഞാന്‍ വായിച്ചുകൊണ്ടിരുന്നതിനിടയിലെപ്പോഴോ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി സമയങ്ങളിലേക്ക് ഓര്‍മ്മകള്‍ നീണ്ടു പോയി.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ആയിരുന്നുത്. അതിന്റെ മുഴുവന്‍ എക്‌സൈറ്മെന്റും ആവലാതിയുമുണ്ടായിരുന്നെനിക്ക്.

ഞായറാഴ്ച പോത്തന്നൂരിലെ ഒരു ബന്ധുവീട്ടില്‍ തങ്ങി തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞാന്‍ ആശുപത്രിയില്‍ എത്തി. ആദ്യം അവര്‍ HR മാനേജരെ കാണാന്‍ ആവശ്യപെട്ടു, അതു കഴിഞ്ഞായിരുന്നു HOD യുടെ ഇന്റര്‍വ്യൂ.
ചുവന്ന നിറത്തിലുള്ള വലിയ ഹിജാബായിരുന്നു ഞാനന്ന് ധരിച്ചിരുന്നത്.
ഇന്റര്‍വ്യൂവിന്റെ ബേജാറിലും, പഠിച്ചതൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും എന്റെ തട്ടത്തിലേക്കുള്ള എത്തിനോട്ടങ്ങള്‍ സത്യത്തില്‍ ഞാന്‍ കണ്ടിരുന്നില്ല.

തീരെ വൈകാതെ തന്നെ മെഡിക്കല്‍ ഡയറക്ടരെ കാണുകയും എന്നെ അവിടെ നിയമിച്ചതായവര്‍ അറിയിക്കുകയും ചെയ്തു. തെറ്റില്ലാത്ത സാലറിയും എനിക്ക് പരിചമുള്ള സിറ്റിയും ആയതുകൊണ്ട് എതിര്‍ത്തൊന്നും പറയാനുമുണ്ടായിരുന്നില്ല.
അന്നുച്ചകഴിഞ്ഞു ഞങ്ങള്‍ വലിയ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.

പുതിയ ക്യാന്‍വാസുകള്‍, പെയിന്റുകള്‍ ,ലിസ്റ്റിലുള്ള പുസ്തകങ്ങള്‍, ചെയ്തു തീര്‍ക്കേണ്ട യാത്രകള്‍, നുണഞ്ഞറിയേണ്ട രുചികള്‍ ഇങ്ങനെ
ഒരു നീളന്‍ ലിസ്റ്റിനെ ഞാന്‍ അവര്‍ പറഞ്ഞ എന്റെ സാലറിയിലേക്ക് ഒത്തുവെച്ചുനോക്കി. പതുക്കെ പതുക്കെ യാത്രകള്‍ക്ക് പൈസ സ്വരൂപിക്കാനുള്ള സൂത്രമൊക്കെ മനസ്സില്‍ ഓര്‍ത്തുവെച്ചു.
പതിനാലിന് (14/1/19 ) ജോയിന്‍ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
അതിനുമുന്‍പ് കുറെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. കൂടുമാറാനുള്ള ഒരുക്കങ്ങള്‍ ഞാന്‍ മെല്ലെ തുടങ്ങിവെച്ചു.
അങ്ങനെയിരിക്കെ (12/1/19)നാണ് ഹോസ്പിറ്റലില്‍ നിന്നും വീണ്ടും വിളി വന്നത്. ഹോസ്റ്റല്‍ സൗകര്യം ഒരുകുന്നതിനെ കുറിച്ചു ചോദിക്കാനായിരുന്നത്. കൂട്ടത്തില്‍ അവര്‍ മറ്റൊരു കാര്യം കൂടെ തീരെ സാരമില്ലാത്ത മട്ടില്‍ എന്നോട് പറയുകയുണ്ടായി.

‘You can’t wear ‘Hijab’ inside our campus. We have muslim staffs here and they are following the same rule.Hope it will be ok for you’

എന്തോ ഒന്ന് ഉള്ളിലേക്ക് പാഞ്ഞു കയറിയതു പോലെ, ഒരു നിമിഷം പോലും മറുത്തു ചിന്തിക്കേണ്ടി വന്നില്ല എനിക്ക് ആ ജോലി വേണ്ടെന്ന് വെക്കാന്‍.

‘But, fathima you can use it outside the campus
right.Then what?’

അവരുടെ ചോദ്യം സത്യത്തില്‍ എന്നില്‍ ചിരിയാണുണ്ടാക്കിയത്.
‘ഉറപ്പായും ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറാണ്, അതും നിങ്ങള്‍ ഓഫര്‍ ചെയ്ത സാലറിയില്‍ തന്നെ. പക്ഷേ എന്റെ തലയില്‍ ഹിജാബുണ്ടാകും അത്രേയുള്ളൂ.. !’

‘Sorry, we can’t let you do that.It will become issue with rest of the muslim staff’s ‘

‘എങ്കില്‍ ബാക്കിയുള്ള അപേക്ഷകരില്‍ ആരെയെങ്കിലും വിളിച്ചോളൂ.. നന്ദി ‘

ഇത്രമാത്രമായിരുന്നു ആ സംഭാഷണം.
ഇതിനെച്ചൊല്ലി അന്ന് ഇന്‍സ്റ്റാഗ്രാമില്‍ എനിക്ക് അനുകൂലമായും പ്രതികൂലമായും കുറേ മെസ്സേജുകള്‍ വന്നു. സത്യത്തില്‍ ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറല്ല എന്നല്ല പറഞ്ഞത്, മറിച്ചു ജോലി ചെയ്യുന്നുവെങ്കില്‍ എന്റെ വസ്ത്രധാരണത്തില്‍ ഹിജാബും ഉണ്ടാകും എന്നാണ് പറഞ്ഞത്.
അതുമായി ബന്ധപെട്ട പോളിംഗില്‍ 308 പേര്‍ അനുകൂലിക്കുകയും 14 പേര്‍ പ്രതികൂലിക്കുകയും ചെയ്ത്തിരുന്നു.
കൂട്ടത്തില്‍ രണ്ട്‌പേര്‍ ലിബറല്‍ വാദത്തില്‍ കിടന്നു ഊഞ്ഞാലാടി കൊണ്ടിരിക്കുകയും ചെയ്തു . അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ അന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിരുന്നു.

ഹിജാബ് ഇടണം എന്ന് പറയുന്നത് ഇസ്ലാമിക്ക് സ്ളേവറിയും അനാചാരവും… ഹിജാബ് അഴിച്ചു പൊട്ട് തൊടുന്നത് പുരോഗമനവാദവും വ്യക്തി സ്വാതന്ത്ര്യവും എന്നാണ് അവരുടെ പക്ഷം.
അവര്‍ പൊട്ട് തൊട്ടും, ഹിജാബിട്ടും ജോലി ചെയ്യുന്നതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അവര്‍ക്ക് വസ്ത്രം ഉപേക്ഷിക്കാനുള്ള അതേ അവകാശം മാത്രമേ എനിക്ക് വസ്ത്രം ധരിക്കാനും ആവശ്യപെടുന്നുള്ളു… !

എന്നോടവര്‍ ഇതിന്റെ റിവേഴ്സ് മെക്കാനിസം ആലോചിക്കാനാണ് പറഞ്ഞത്.
ഏതെങ്കിലും ഒരു മുസ്ലിം മാനേജ്‌മെന്റ് ഹോസ്പിറ്റലില്‍ ആര് ജോലിക്കു വന്നാലും അവര്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്ന് പറഞ്ഞാല്‍ ഈ പറഞ്ഞ വ്യക്തി സ്വാതന്ത്ര്യമോ, ഭരണഘടനാവകാശമോ ഒന്നുമല്ല ഇവിടെയുണ്ടാവുക. പകരം നിസംശയം തീവ്രവാദമെന്നും ISIS റിക്രൂട്‌മെന്റുന്നുമൊക്കെ പറഞ്ഞു ആ സ്ഥാപനം എപ്പോ നിന്ന് കത്തിയെന്നു നോക്കിയാല്‍ മതി.

എന്റെ നിലപാട് ഇത്രമാത്രമാണ്,
എന്റെ സ്വത്വം വൃണപ്പെടുത്തുന്ന ഒരു ജോലിയും സ്ഥാനവും എനിക്ക് ആവശ്യമില്ല.
അതെന്റെ വ്യക്തിസ്വാതന്ത്ര്യമാണ്.. !
ഇനിയതിനെ ബലിയാടെന്നും, അനാചാരമെന്നും, അടിമത്തമെന്നുമൊക്കെയാണ് നിങ്ങള്‍ ചാര്‍ത്തി തരുന്ന ലേബല്‍ എങ്കില്‍ ഒന്നേയുള്ളു പറയാന്‍,
നിങ്ങള്‍ക്കെന്റെ ‘നല്ലനമസ്‌കാരം’….!

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Film

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു

Published

on

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .

Continue Reading

Film

മോഹന്‍ലാല്‍ തിരിതെളിച്ചു, മമ്മൂട്ടിയും എത്തി മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ ആരംഭം

മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയവരുമുണ്ട്

Published

on

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയവരുമുണ്ട്.

മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.ആന്റോ  ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.  രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.  രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, പി ആർ ഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Continue Reading

Trending