ഫസലുറഹ്മാന്‍
പെരിയ: ഇരുട്ട് തളംകെട്ടി നില്‍ക്കുന്ന കല്യോട്ടെ ഈ ഓലപ്പുരയില്‍നിന്ന് കേള്‍ക്കാം, മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിലവിളി. ”അവര്‍ കൊന്നില്ലെ എന്റെ മോനെ…”. ഏങ്ങിയേങ്ങിക്കരഞ്ഞ് അതുതന്നെ പറയുന്നു ആ പിതാവ്. ഞായറാഴ്ച സി.പി.എമ്മുകാര്‍ കൊലക്കത്തിക്കിരയാക്കിയ കൃപേഷിന്റെ അച്്ഛനും സി.പി.എം അനുഭാവിയുമായ കൃഷ്ണന്‍. ”സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഞാന്‍. ഉദുമ എം.എല്‍.എ കുഞ്ഞിരാമേട്ടെന്റ വീടിനടുത്താണ് എന്റെയും വീട്, ചെറുപ്പത്തില്‍ സി.പി.എമ്മിനുവേണ്ടി എത്രയോ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടുന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ പോകും, എല്ലാ തെരഞ്ഞെടുപ്പിനും. ഇനി ഞാന്‍ സി.പി.എമ്മിലില്ല. എന്റെ മോനെ അവര്‍ കൊന്നു” -കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
പെയിന്റ്പണിക്കാരനാണ് കൃഷ്ണന്‍. ”കൃപേഷ് പെരിയ പോളി ടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ ക്യാമ്പസില്‍ ഒരിക്കല്‍ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളജില്‍ കയറി എസ്.എഫ്.ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു; പ്രശ്‌നമുണ്ടാക്കില്ല എന്ന് ഉറപ്പുതന്നാല്‍ മാത്രം ഇനി നീ കോളജില്‍ പോയാല്‍ മതിയെന്ന്. ഇങ്ങോട്ട് തല്ലിയാല്‍ പോലും അങ്ങോട്ട് ഒന്നും ചെയ്യരുതെന്നാണ് മകനെ പഠിപ്പിച്ചത്. അവന്‍ പിന്നെ പോയില്ല, പേടിച്ചിട്ടാണ്. അങ്ങനെ അവന്റെ പഠനം മുടങ്ങി” – പലപ്പോഴും കൃഷ്ണന്റെ വാക്കുകള്‍ മുറിഞ്ഞു. ”ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കണ്ട എന്നാണ് ഞാന്‍ അവനെ പഠിപ്പിച്ചത്.
നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പോയാല്‍ അവര്‍ കൊന്നു കളയും.”
”കല്ല്യോട്ട് സംഘര്‍ഷമുണ്ടായാല്‍ ഞാന്‍ പറയും, ഇനി നടക്കുമ്പോള്‍ സൂക്ഷിക്കണമെന്ന്. അവര് കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്ന് അറിയാമായിരുന്നു. അവര്‍ തന്നെ ഗൂഢാലോചന നടത്തിയാണ് കൊന്നത്” – തൊണ്ടയിടറിക്കൊണ്ട് കൃഷ്ണന്‍ ആവര്‍ത്തിച്ച് പറഞ്ഞു.
ഓലമേഞ്ഞ ഒറ്റമുറിക്കുടിലിലാണ് കൃപേഷിന്റെ കുടുംബത്തിന്റെ ജീവിതം. രണ്ട് സഹോദരിമാര്‍; കൃപയും കൃഷ്ണയും. കൃപയുടെ വിവാഹം കഴിഞ്ഞു. ഇനി കൃഷ്ണയെ കൂടി അയക്കാനുണ്ട്. കുടുംബത്തിനെ നല്ല നിലയില്‍ എത്തിക്കാനായി പട്ടാളത്തില്‍ പോകാനായിരുന്നു കൃപേഷിന്റെ ആഗ്രഹം. അതിനായി കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് വിധി കൊലക്കത്തിയായി വന്ന് ജീവനെടുത്തത്. 19ാം വയസ്സില്‍തന്നെ രാഷ്ട്രീയ കഠാരകൊണ്ട് അരിഞ്ഞെറിയപ്പെട്ട് കൃപേഷ് ഇല്ലാതായതോടെ അണഞ്ഞുപോയത് ഈ ഓലക്കുടിലിലെ പ്രതീക്ഷയുടെ നേര്‍ത്ത തിരിവെട്ടം കൂടിയാണ്.