ഒന്നരവര്‍ഷം മുമ്പ് തുടക്കമിട്ട്, 300 ഓളം പേരുടെ മരണത്തിനും 60,000 ലധികം പേരുടെ പലായനത്തിനും ഇടയാക്കിയ മണിപ്പൂര്‍ കലാപം ശമനമില്ലാതെ തുടരുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും രാജ്യാതിര്‍ത്തിയും കടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നിയമസാഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലുള്‍പ്പടെ, പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയുടെ പ്രധാന പ്രചരണം ഡബിള്‍ എഞ്ചിന്‍ സര്‍ക്കാറിനെക്കുറിച്ചാണ്. കേന്ദ്രം ഭിരിക്കുന്ന തങ്ങള്‍ സംസ്ഥാനത്തും അധികാരത്തിലെത്തിയാലുണ്ടാവുന്ന വികസനവും കരുതലും കണക്കുകൂ ട്ടലുകള്‍ക്കുമപ്പുറമായിരിക്കുമെന്ന പ്രചണ്ഡമായ പ്രചരണം നടത്തുമ്പോള്‍ മണിപ്പൂര്‍ അവരെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനവും കേന്ദ്രവും ബി.ജെ.പിയുടെ കൈയ്യിലായിരുന്നിട്ടും പ്രദേശത്ത് ശാശ്വത സമാധാനം സ്ഥാപിക്കാന്‍പോയിട്ട് അവിടേക്ക് തിരിഞ്ഞുനോക്കാന്‍പോലും മോദിക്കും സംഘത്തിനും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇരു സര്‍ക്കാറുകളും മനസുവെച്ചാല്‍ നിമിഷ നേരംകൊണ്ട് പരിഹാരിക്കാവുന്ന പ്രശ്നമണ് അപരിഹാര്യമായി, രാജ്യത്തിനുമുന്നില്‍ ഒരു സമസ്യയായി, ലോകത്തിനുമുന്നില്‍ നാണക്കേടായി നിലകൊള്ളുന്നത്.
കഴിഞ്ഞ ദിവസം ജിരിബാമില്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയ 10 കുക്കികളെ സുരക്ഷാസേന വെടിവെച്ച് കൊന്നതോടെയാണ് പുതിയ സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ അക്രമണങ്ങള്‍ക്കു പിന്നാലെ രണ്ട് മെയ്തികളുടെ മൃതദേഹം കണ്ടെത്തുകയും ആറ് കുടുംബാംഗങ്ങളെ കാണാതാവുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്, കുതക് എന്നിവിടങ്ങളില്‍ കൊള്ളിവെപ്പും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാങ്പോക്പിക്ക് സമീപം കാങ് ചുപ് ചിങ്കോങില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. കഴിഞ്ഞ ദിവസം നടന്ന കലാപാനന്തരം മുമ്പെങ്ങുമില്ലാത്ത വിധം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയുമെല്ലാം വസതികള്‍ക്കുനേരെ ആക്രമണം നടന്നത് ജനങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടതിന്റെ പ്രകടമായ ഉദാഹരണമാണ്.
മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാസേന ശ്രമകരമായാണ് തടുത്തുനിര്‍ത്തിയത്. ഇത് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇതിനുപുറമേ രാഷ്ട്രിയമായ തിരിച്ചടിയും പുതിയ സാഹചര്യത്തില്‍ ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും 25 എം.എല്‍.എമാര്‍ വിട്ടു നിന്നതോടെ സംസ്ഥാന സര്‍ക്കാറിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. 25 എം.എല്‍.എമാരില്‍ 14 പേര്‍ ബി.ജെ.പി എം.എല്‍.എമാരാണ്. ഇതില്‍ 11 പേര്‍ ഒരുകാരണംപോലും സര്‍ക്കാറിനെ ബോധിപ്പിച്ചിട്ടില്ല. ഏഴു എം.എല്‍.എമാരുള്ള എന്‍.പി.പി കഴിഞ്ഞ ദിവസം എന്‍.ഡി.എക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും സംസ്ഥാന മന്ത്രിയുമായ വൈകേംചന്ദും വിട്ടു നിന്നവരല്‍ ഉള്‍പ്പെട്ടത് ബി.ജെ.പിക്ക് കനത്ത ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. കലാപത്തിന്റെ എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്ക് ബിരേന്‍സിങിനാണെന്ന് ഈ വിട്ടുനില്‍ക്കലിലൂടെ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം ബി.ജെ.പിയുടെ നിയമസഭാ സാമാജികര്‍പോലും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉത്തരവാദിത്തമെല്ലാം കാറ്റില്‍പറത്തി ഒരുപക്ഷത്തിന്റെ ഭാഗമായി മാറിയ ഈ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ തയാറാകാത്തതിലൂടെ പ്രദേശത്തെ അഗ്‌നിനാളം ഒരിക്കലും കെട്ടടങ്ങരുതെന്ന ബി.ജെ.പിയുടെ നിലപാടാണ് പുറത്തുവരുന്നത്. ഒന്നരവര്‍ഷത്തിനിടെ നിരവധി തവണ ലോകംചുറ്റിയിട്ടും മണിപ്പുരിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയും പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥമായ ഒരിടപെടലും നടത്താത്ത ആഭ്യന്തര മന്ത്രിയുമെല്ലാം അടിവരയിടുന്നത് ഈ വസ്തുതക്കാണ്. ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി മാറുകയും കലാപം കത്തിയാളുകയും ചെയ്യുമ്പോള്‍ രാഷ്ട്രപതിയുടെ ഇടപെടലാണ് നിലവില്‍ മണിപ്പൂര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ കലാപത്തില്‍ കക്ഷിചേരുകയും കേന്ദ്രം അര്‍ത്ഥഗര്‍ഭമാ യ മൗനത്തിലൂടെ അവര്‍ക്ക് പ്രോത്സാഹനവും നല്‍കുമ്പോള്‍ ഈ ഭരണകൂടങ്ങളെ പടിക്കു പുറത്തുനിര്‍ത്തലല്ലാതെ മറ്റൊരുപരിഹാരമില്ല.