ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്‌സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. ബാഴ്‌സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്‌ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരവും ബാഴ്‌സയെ വിട്ടുപോകാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനോട് ബാഴ്‌സ തോറ്റതോടെ ടീം മാനേജ്‌മെന്റിനു മുന്നില്‍ മെസി പുതിയ നിബന്ധനകള്‍ വെച്ചതായാണ് വിവരം. എയ്ഞ്ചല്‍ ഡി മരിയ, അന്റോയിന്‍ ഗ്രീസ്മാന്‍, പൗലോ ഡിബാല എന്നിവരിലൊരാളെ നെയ്മറിന്റെ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് മെസി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ആരെയെങ്കിലും ടീമിലെത്തിച്ചില്ലെങ്കില്‍ ടീം വിടുമെന്ന സൂചന മെസി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എയ്ഞ്ചല്‍ ഡി മരിയ, ഡിബാല എന്നിവരാണ് മെസിയുടെ ഫേവറിറ്റ്. ഇവരെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഗ്രീസ്മാനെയെങ്കിലും എത്തിക്കണമെന്നാണ് മെസിയുടെ ആവശ്യം.
അതേ സമയം മെസ്സിക്കായി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും രംഗത്തുണ്ട്. ബാഴ്‌സയുമായുളള പുതിയ കരാറില്‍ മെസി ഒപ്പിടാത്തതാണ് സംശയങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ബാഴ്‌സയുമായി ഈ ജൂലൈയില്‍ ആഴ്ച്ചയില്‍ അഞ്ച് ലക്ഷം യൂറോ പ്രതിഫലത്തില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് മെസി കരാര്‍ ഒപ്പിട്ടതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മെസി ഇതുവരെ ആ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി മെസ്‌ട്രോ സ്ഥിരീകരിച്ചതോടെയാണ് താരത്തിനായി ചെല്‍സിയും സിറ്റിയും വീണ്ടും ശ്രമം ആരംഭിച്ചത്.
‘ഞങ്ങളെല്ലാം അതിനായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരും യോജിപ്പില്‍ എത്തിയതുമാണ് എന്നാല്‍ ആ ഒപ്പ് മാത്രം മെസി ഇതുവരെ ഇട്ടിട്ടില്ല’ മെസ്‌ട്രോ പറയുന്നു. മെസ്സിയുടെ ജോലിഭാരമാണ് ഒപ്പിടാന്‍ സമയം ലഭിക്കാത്തതെന്നാണ് മെസ്‌ട്രോ നല്‍കുന്ന വിശദീകരണം. എല്ലാവരും ഇക്കാര്യം ഉറ്റ് നോക്കുകയാണെന്നും ബാഴ്‌സലോണ വൈസ് പ്രസിഡന്റ് പറയുന്നു.
അതെസമയം മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ശൈഖ് മന്‍സൂറിന്റെ ട്വീറ്റും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഉടനുണ്ടാകും എന്നാണ് ശൈഖ് മന്‍സൂര്‍ അവകാശപ്പെടുന്നത്. ഇത് ലയണല്‍ മെസ്സിയെ ചുറ്റിപറ്റിയാണെന്ന ചര്‍ച്ച സജീവമാണ്. ഖത്തര്‍ ഉടമസ്ഥതയിലുളള പിഎസ്ജി റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ സ്വന്തമാക്കിയത് നിലവില്‍ അവരുടെ ബദ്ധശത്രുക്കളായ യുഎഇയെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അതിന് പകരമായാണ് മെസിയെ തന്നെ പണമെറിഞ്ഞ് പിടിക്കാന്‍ സിറ്റി ശ്രമിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മെസിയ്ക്ക് പിന്നാലെ ചെല്‍സിയും ഉണ്ടെന്ന വാര്‍ത്തകളും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌കറിനെ വിറ്റ തുകയും കോസ്റ്റയെ വില്‍ക്കുന്ന തുകയും ചേര്‍ത്ത് മെസിയെ സ്വന്തം നിരയിലെത്തിക്കാമെന്നാണ് ചെല്‍സി കണക്ക് കൂട്ടുന്നത്. നേരത്തെ 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്.