Connect with us

Video Stories

മണിയില്ല, സര്‍ക്കാറുമില്ല

Published

on

ബംഗാളില്‍നിന്ന് വാര്‍ത്തകളില്ലാതായിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകളും ഇല്ലാതാകുന്നു. മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം കിട്ടിയ ബംഗാളിലും രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം നടന്ന ത്രിപുരയിലും തോറ്റെങ്കില്‍ അഞ്ച് വര്‍ഷത്തിലേറെ ഒരിക്കലും ഭരണാവസരം നല്‍കാത്ത കേരളത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കാനാണ്. തുടര്‍ഭരണം കിട്ടുന്നില്ലെന്നതായിരിക്കണം സി.പി.എമ്മിനെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്നുണ്ടാവുക.
ജ്യോതി ദാദയെപ്പോലെയോ ബുദ്ധദേബ് ദാദയെയോ പോലെയായിരുന്നില്ല ലളിത സുന്ദര ജീവിതം നയിച്ചയാളായിരുന്നു മണിക് സര്‍ക്കാര്‍ എന്ന ത്രിപുര മുഖ്യമന്ത്രി. സ്വന്തമായി വീടില്ല. കാറില്ല. സമ്പാദ്യമില്ല. മണിക് സര്‍ക്കാറില്‍ നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റുമ്പോള്‍ അദ്ദേഹം താമസം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റുകയാണ്. ഭാര്യ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത പാഞ്ചാലി ഭട്ടാചാര്യയുമൊത്ത് അഗര്‍ത്തലയിലെ സി.പി.എം ഓഫീസിന്റെ മുകളിലേക്ക് താമസം മാറ്റി. ഏറ്റവും ഒടുവില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മണിക് സര്‍കാറിന്റെ കൈവശമുള്ളത് 1080 രൂപ മാത്രം. 9720 രൂപ ബാങ്കിലുണ്ട്. മണികിന്റെ അച്ഛന്‍ തയ്യല്‍ക്കാരനും അമ്മ സര്‍ക്കാര്‍ ജീവനക്കാരിയുമായിരുന്നു. അമ്മയില്‍ നിന്ന് ലഭിച്ച 432 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമിക്ക് 22 ലക്ഷം രൂപയാണ് വില മതിച്ചത്. ഭാര്യക്ക് വിരമിച്ചപ്പോള്‍ ലഭിച്ച 23.5 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ബാങ്കിലുള്ളപ്പോള്‍ 20 ഗ്രാം സ്വര്‍ണാഭരണവും കൈയിരിപ്പായി 22015 രൂപയുമുണ്ട്. ദാരിദ്ര്യത്തില്‍ ഇന്ത്യയിലെ ഒന്നാമനാണ് മണിക്ക് സര്‍ക്കാര്‍. രണ്ടാം സ്ഥാനത്തുള്ള മമത ബാനര്‍ജിയുടേത് 30 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം പാര്‍ട്ടിക്ക് അപ്പടി നല്‍കുകയും അയ്യായിരം രൂപ നിത്യനിദാനച്ചെലവിന് പാര്‍ട്ടിയില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന മണിക് സര്‍ക്കാറിനെയാണ് ത്രിപുരക്കാര്‍ എടുത്ത് പുറത്തിട്ടത്. ലളിത ജീവിതക്കാരൊന്നുമല്ലെങ്കിലും വിനയവും മാന്യതയും ഏറെയുള്ളവരായിരുന്നിട്ടും ബുദ്ധദേബിനെ ബംഗാള്‍ പുറം തള്ളിയെങ്കില്‍ അവശേഷിക്കുന്നവര്‍ക്ക് കാലം കരുതിവെച്ചതെന്താണാവോ.
കുറെ കാലമായി ബി.ജെ.പിയെ ഒന്ന് ഏറ്റുമുട്ടാന്‍ സി.പി.എം അന്വേഷിച്ച് നടക്കുന്നു. സി.പി.എമ്മുള്ളിടത്ത് ബി.ജെ.പിയില്ല. ബി.ജെ.പിയുള്ളിടത്ത് സി.പി.എമ്മില്ല എന്നതായിരുന്നു അവസ്ഥ. ആദ്യമായി ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ ഇരുപത്തിയഞ്ചു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ത്രിപുരദഹനമാണ് നടന്നത്. സി.പി.എമ്മും ജനസംഘവുമെല്ലാം ഒരു ചേരിയില്‍ നിന്ന് കോണ്‍ഗ്രസിനോട് പൊരുതുന്ന 1977ലാണ് ത്രിപുരയില്‍ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി സര്‍ക്കാര്‍ വരുന്നത്. 1988ലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നും തോറ്റ് പത്തു വര്‍ഷം പ്രതിപക്ഷത്തുനിന്ന നൃപന്‍ വീണ്ടും ചക്രവര്‍ത്തിയായത് 1993ല്‍. 98ല്‍ വീണ്ടും മുഖ്യമന്ത്രിയാകാനിരിക്കെയാണ് നൃപന്‍ സഖാവിനെ വാര്‍ധക്യം ചുമത്തി പാര്‍ട്ടി പുറത്താക്കിയതും മണികിനെ സര്‍ക്കാര്‍ പണി ഏല്‍പിച്ചതും. ഏറ്റവും വലിയ റിവിഷനിസ്റ്റെന്നും അഴിമതിക്കാരനെന്നും ജ്യോതിബസുവിനെ വിളിച്ച നൃപന്‍ മരിച്ചത് ചുവപ്പ് പുതച്ചുതന്നെയായിരുന്നു.
എന്തുകൊണ്ട് ത്രിപുരയില്‍ സി.പി.എം തോറ്റുവെന്ന് അറിയാന്‍ ബംഗാളില്‍നിന്ന് തുടങ്ങണം. അവിടെ മമതബാനര്‍ജി വന്നതുകൊണ്ടാണ് ബി.ജെ.പിക്ക് അവസരം ഇല്ലാതെ പോയത്. കോണ്‍ഗ്രസ് ഉദാര ജനാധിപത്യ കക്ഷിയാണ്. സി.പി.എമ്മിനെപ്പോലെ കോര്‍പറേറ്റ് സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് പലപ്പോഴും കഴിഞ്ഞേക്കില്ല. മുപ്പത്തിയഞ്ച് വര്‍ഷം ബംഗാളില്‍ കോണ്‍ഗ്രസ് ശ്രമിച്ചതാണ്, സി.പി.എമ്മിനെ അധികാരത്തില്‍ നിന്ന് കളയാന്‍. അതില്‍ വലിയ കാലം മമതയുമുണ്ടായിരുന്നു, കോണ്‍ഗ്രസിന്റെ അമരത്ത്. ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വന്തം പാര്‍ട്ടിയും നിലപാടുമെടുത്ത് ഇറങ്ങിയ മമതക്ക് മുമ്പില്‍ സി.പി.എം കോട്ടകള്‍ കിടുങ്ങി. ഇപ്പോള്‍ മൂന്നാമത്തെയോ നാലാമത്തെയോ പാര്‍ട്ടിയായി അവിടെ സി.പി.എം മാറി. ത്രിപുരയില്‍ ഒരു മമത ഉണ്ടായില്ലെന്നതുകൊണ്ടുകൂടിയാണ് ബി.ജെ.പി ജയിച്ചത്. ഇതര പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടവും സ്വാതന്ത്ര്യവും പലപ്പോഴും നിഷേധിക്കുന്ന സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയെ മണിക് സര്‍ക്കാറിനെപ്പോലെ എത്ര ലളിതന്‍ നയിച്ചാലും ജനം തൂത്തെറിയുമെന്ന പാഠം ത്രിപുരയില്‍ നിന്ന് പഠിക്കാന്‍ കഴിയുമോ?
ഈയിടെ നടന്ന ചില രാഷ്ട്രീയ കൊലകള്‍ സി.പി.എമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കേണ്ടതുണ്ട്. ടി.പി ചന്ദ്രശേഖരനെയും ഷുക്കൂറിനെയും ഷുഹൈബിനെയും കൊല ചെയ്തത് ഏതെങ്കിലും പ്രാദേശിക അടിപിടിക്കിടയിലല്ലല്ലോ. സി.പി.എമ്മിന്റെ സംസ്ഥാനതലം വരെ നേതൃപദവിയില്‍ ഇരുന്ന ടി.പി ചന്ദ്രശേഖരനുമായി കൊടിസുനി മുതല്‍ പേര്‍ക്ക് വ്യക്തിവൈരാഗ്യമില്ലെന്നും വ്യക്തം. സി.പി.എമ്മിന്റെ സംസ്ഥാന ദേശീയ നേതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ടി.പിയെപ്പോലെ ഒരാളെ കൊല ചെയ്യില്ലെന്നും എല്ലാര്‍ക്കും അറിയാം. മറ്റു പാര്‍ട്ടിക്കാര്‍ കൊലപാതകക്കേസുകളില്‍ പ്രതികളാകാറുണ്ടെങ്കിലും ബി.ജെ.പിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സി.പി.എമ്മിന്റേതു പോലെ കൊലപാതക ‘സംവിധാനം’ ഇല്ല. തീര്‍ച്ചയായും ത്രിപുരയില്‍ നിന്ന് കേരളത്തിലേക്ക് തുറക്കുന്ന ചില വാതിലുകളുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകനായി തുടങ്ങിയ മണിക് സര്‍ക്കാര്‍ എന്നും പാര്‍ട്ടിക്കൊപ്പമായിരുന്നു. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. 1980 മുതല്‍ അഗര്‍ത്തലയില്‍ നിന്നുള്ള എം.എല്‍.എയാണ്. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം ജയിച്ചിട്ടുണ്ട്. നല്ല നേതാവ് മാത്രം പോരാ.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending