X
    Categories: Newstech

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘ഡിലീറ്റ് ഫേസ്ബുക്ക്’ ഹാഷ്ടാഗ്; കാര്യം പിടികിട്ടാതെ ഉപയോക്താക്കള്‍

ഡിലീറ്റ് ഫേസ്ബുക്ക് # deletefacebook എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നു. നിരവധി പേരാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ട്രോളിയും ഈ ഹാഷ്ടാഗ് റീട്വീറ്റ് ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുടെ ആയുധമായി മാത്രം മാറുകയാണെന്നും ചില ട്വീറ്റുകളില്‍ പറയുന്നു.

അതേസമയം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്കിനെതിരെയുള്ള ക്യാമ്പയിന്‍ ഇപ്പോള്‍ ശക്തമാകുന്നത് എന്തിനാണെന്ന് അറിയാതെ തലപുകഞ്ഞു പോയവരുടെ ട്രോളുകളും വരുന്നുണ്ട്.

ഫേസ്ബുക്കിനെതിരെയുള്ള ക്യാമ്പയിന്‍ ആരംഭിച്ചത് ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയാണെന്നും ഇപ്പോള്‍ സംഭവം ട്രെന്‍ഡിംഗാവുന്നത് കണ്ട് അദ്ദേഹം ചിരിച്ച് ആഘോഷിക്കുകയാണെന്നും ചിലര്‍ ട്രോളുകളില്‍ പറയുന്നു.

ഡിലീറ്റ് ഫേസ്ബുക്ക് ട്രെന്‍ഡിംഗാവുന്നതിനെ തുടര്‍ന്ന് വന്ന ട്രോളുകളില്‍ ഏറ്റവും ഹിറ്റായിരിക്കുന്നത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവര്‍ തന്നെ ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും ഉപയോഗിക്കുന്നതിനെ കുറിച്ചുള്ളതാണ്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലാണ് ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും. അതുകൊണ്ട് ഫേസ്ബുക്ക് മാത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് പ്രഹസനം മാത്രമാണെന്നും ഈ ട്രോളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 

Test User: