ഡോ. എബ്രഹാം മാമ്മന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്
പീഡിയാട്രിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്
ആസ്റ്റര്‍ മിംസ്, കോഴിക്കോട്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുള്ള അനുഭവ സമ്പത്തുണ്ട് എനിക്ക്. ഈ കാലയളവിനിടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികളും ആത്മസംഘര്‍ഷവും അനുഭവിക്കുന്ന പ്രധാനപ്പെട്ട സാഹചര്യമാണ് ബാഹ്യവസ്തുക്കള്‍ (Foreign Bodies) ഏതെങ്കിലും കാരണവശാല്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട് കുട്ടികള്‍ ചികിത്സ തേടിയെത്തുന്നത്. തൊണ്ടയിലും, വയറിലും, ശ്വാസകോശത്തിലുമെല്ലാം ബാഹ്യവസ്തുക്കള്‍ കുടുങ്ങിയത് മൂലം ചികിത്സ തേടിയെത്തിയ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എന്‍ഡോസ്‌കോപ്പിയിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. രക്ഷപ്പെടുത്താനുള്ള വഴികളെ കുറിച്ച് മാത്രമല്ല സംഭവിക്കാനിടയുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ചും അറിയാമെന്നതിനാല്‍ ഇത്തരത്തിലുള്ള ഓരോ കേസുകളെയും അഭിമുഖീകരിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് അറിയാതെ ഒരു വിറയല്‍ ഉണ്ടാവാറുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍ ഒന്നുകില്‍ അത് അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് അവയവങ്ങളുടേയും പ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്. കഴിക്കുന്ന ഭക്ഷണവും, വെള്ളവും അന്നനാളത്തിലേക്കും ശ്വാസിക്കുന്ന വായു ശ്വാസനാളത്തിലേക്കും എത്തിക്കാനുള്ള സ്വാഭാവികമായ ക്രമീകരണങ്ങള്‍ ഇവിടെയുണ്ട്.
അന്നനാളത്തിലേക്ക് പോകുന്ന ബാഹ്യവസ്തുക്കള്‍
കുട്ടികള്‍ വിഴുങ്ങുന്നിതില്‍ ഭൂരിഭാഗം വസ്തുക്കളും രക്ഷിതാക്കളുടെ ആശങ്കകളെയും ആകുലതകളെയും അസ്ഥാനത്താക്കി മറ്റ് ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാതെ മലത്തിലൂടെ പുറത്ത് പോവുകയാണ് പതിവ്. എന്നാല്‍ മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റും വിഴുങ്ങുമ്പോള്‍ ഇവ സഞ്ചാരപഥത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കാനോ അല്ലെങ്കില്‍ എവിടെയെങ്കിലും കുത്തിക്കയറുവാനോ ഒട്ടിപ്പിടിക്കുവാനോ സാധ്യതയുണ്ട്. ഇത് കാര്യങ്ങളെ തകിടം മറിച്ചേക്കാം. പ്രധാനമായും കുടലിലാണ് ഇവ ആഘാതം സൃഷ്ടിക്കാറുള്ളത്. ചിലപ്പോള്‍ അന്നനാളത്തേയും തകരാറിലാക്കാറുണ്ട്. വളരെ നേര്‍ത്തതും ഇടുങ്ങിയതുമായ മേഖലയായതിനാല്‍ ഇവിടങ്ങളില്‍ എളുപ്പം തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാനും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുവാനും സാധ്യതയുണ്ട്.
അപകടകരമായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് കളിപ്പാട്ടങ്ങളിലേയും ടോര്‍ച്ചിലേയും റിമോട്ട് കണ്‍ട്രോളിലെയുമെല്ലാം ബാറ്ററികള്‍ വിഴുങ്ങുന്നതാണ്. ബാറ്ററികളില്‍ ഉള്ള മാരകമായ പദാര്‍ത്ഥങ്ങള്‍ വയറിലെത്തുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ദോഷകരമാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ഭങ്ങളെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതാണ്. പൊതുവെ എന്‍ഡോസ്‌കോപ്പിയിലൂടെ ഇത്തരം വസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി പോയേക്കാം.
ശ്വാസനാളത്തിലേക്ക് (Bronchus) പോകുന്ന അന്യവസ്തുക്കള്‍
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ അന്നനാളത്തിലൂടെ വയറിലേക്ക് കടന്ന് പോകുന്ന വസ്തുക്കളെടെ കാര്യത്തിലാണ്. എന്നാല്‍ അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ അന്നനാളത്തിലേക്ക് പോകാതെ പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യം വന്ന് ചേരും. ഇത് തികച്ചും വ്യത്യസ്തമായ അവസ്ഥാ വിശേഷമാണ്. അതുകൊണ്ട് തന്നെ മേല്‍പറഞ്ഞിരിക്കുന്നവയില്‍ നിന്ന് വ്യത്യസ്തമായ ചികിത്സാ മുറകളാണ് ഇവിടെ സ്വീകരിക്കേണ്ടി വരാറുള്ളത്. ശ്വാസനാളത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വസ്തു സ്വാഭാവികമായി പുറത്ത് വരാനുള്ള ഏക മാര്‍ഗ്ഗം ചുമയ്ക്കുക എന്നത് മാത്രമാണ്. എന്നിട്ടും പുറത്ത് വരാതെ ഇവ ബ്രോങ്കസ്സിലോ ശ്വാസകോശത്തിലോ തുടരുകയാണെങ്കില്‍ ഗൗരവതരമായ സമീപനം ആവശ്യമായി വരും. ഈ വസ്തു ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്നിടത്തോളം ഇതുമൂലം വരുന്ന പഴുപ്പ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബ്രോങ്കോസ്‌കോപ്പി എന്ന പ്രൊസീജ്യര്‍ ആവശ്യമായി വരും.അനസ്തേഷ്യ നല്‍കിയ ശേഷമാണ് ഇത് നിര്‍വ്വഹിക്കുക. ശ്വാസനാളി വഴി ശ്വാസകോശത്തിലേക്ക് ബ്രോങ്കോസ്‌കോപ്പ് എന്ന കുഴല്‍ സന്നിവേശിപ്പിക്കുകയും ഇതിലൂടെ ബാഹ്യവസ്തുക്കളെ കൃത്യമായി ദര്‍ശിച്ച ശേഷം ഗ്രാസ്പിങ്ങ് ഫോര്‍സെപ്സ് എന്ന ഉപകരണം ഉപയോഗിച്ച് പുറത്തെടുക്കുകയം ചെയ്യുന്ന രീതിയാണ് ബ്രോങ്കോസ്‌കോപ്പി. അല്‍പ്പം സങ്കീര്‍ണ്ണമായ പ്രൊസീജ്യറാണ് ബ്രോങ്കോസ്‌കോപ്പി. ഈ പ്രൊസീജ്യര്‍ നിര്‍വ്വഹിക്കുന്ന സമയത്ത് കുഞ്ഞിന് ശരിയായി ശ്വസിക്കാന്‍ സാധിക്കില്ല. അതിനാല്‍ വളരെ വേഗത്തില്‍ തന്നെ പ്രൊസീജ്യര്‍ നിര്‍വ്വഹിക്കേണ്ടതാണ്. സര്‍ജന്റെ വൈദഗ്ദ്ധ്യവും അനസ്തറ്റിസ്റ്റുമായുള്ള ടീം വര്‍ക്കും ഇതില്‍ നിര്‍ണ്ണായകമാണ്.
നീക്കം ചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ ഈ വസ്തു തിരികെ വഴുതി വീഴാനുള്ള സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് നേരത്തെ സ്ഥിതി ചെയ്തിരുന്നതിന്റെ എതിര്‍ വശത്തേക്കായിരിക്കും എത്തിച്ചേരുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പ്രക്രിയ പുനരാവര്‍ത്തിക്കേണ്ടി വരും. ബോള്‍ റിങ്ങ്, പുളിങ്കുരു പോലുള്ള വട്ടത്തിലും മിനുസമുള്ളതുമായ വസ്തുക്കള്‍ പുറത്തെടുക്കുക എന്നത് കൂടുതല്‍ ദുഷ്‌കരമാണ്. ഇവ തിരികെ വീണ് പോകാനുള്ള സാധ്യതയും കൂടുതലാണ്. മഫ്ത പിന്‍ പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കളും വളരെ വ്യാപകമായി കുട്ടികള്‍ വിഴുങ്ങുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതും നീക്കം ചെയ്യല്‍ വളരെ സങ്കീര്‍ണ്ണവും ദുഷ്‌കരവുമാണ്.
ശസ്ത്രക്രിയ വേണ്ടി വരുന്ന സാഹചര്യം
അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ വ്യത്യസ്ത ദിവസങ്ങളിലായി നിര്‍വ്വഹിക്കേണ്ടി വരും. നിരവധി തവണ പരിശ്രമിച്ചിട്ടും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ ഭാഗത്ത് ശസ്ത്രക്രിയ (തൊറാകോടമി) നിര്‍വ്വഹിച്ച് അന്യവസ്തു നീക്കം ചെയ്യേണ്ടതായി വരും. ഒരു ട്യൂബ് സ്ന്നിവേശിപ്പിച്ച് അന്യ വസ്തുവിനെ ദര്‍ശിച്ച് പുറത്തെടുക്കുക എ്ന്നതാണ് ബ്രോങ്കോസ്‌കോപ്പിയുടെ രീതി. പറയുമ്പോള്‍ ഇത് വളരെ ആയാസ രഹിതമായി തോന്നുമെങ്കിലും അത്രത്തോളം എളുപ്പമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ജന്റെ അനുഭവസമ്പത്തും, അനസ്തറ്റിസ്റ്റിന്റെയും മറ്റ് ടീമംഗങ്ങളുടേയും അനുഭവ പരിചയവുമെല്ലാം ഇതില്‍ നിര്‍ണ്ണായകമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്തമാണ്. മുന്‍കരുതള്‍ നിര്‍ബന്ധമായും സ്വീകരിക്കുക.