X

രാഹൂല്‍ തരംഗം സൃഷ്ടിച്ചു പ്രവാസികള്‍

അബുദാബി: രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസികള്‍ ശ്രദ്ധേയരായി. രാഹുലിന് പിന്തുണയുമായി അബുദാബി കെഎംസിസിയും ഇന്‍കാസും സംയുക്തമായി ഒരുക്കിയ ഐക്യദാര്‍ഢ്യ സംഗമത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഇന്‍കാസ് പ്രസിഡണ്ട് യേശുശീലന്‍ അധ്യക്ഷത വഹിച്ചു. അബൂദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.

റമദാനില്‍ മധ്യാഹ്നത്തില്‍ ഒരുക്കിയ പരിപാടിയായിട്ടുപോലും നൂറുകണക്കിനുപേരാണ് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത്. ‘സത്യം ജയിക്കും, സ്റ്റാന്‍ഡ് വിത്ത് രാഹുല്‍, വി ആര്‍ ഓള്‍ വിത്ത് രാഹുല്‍’ എന്ന സന്ദേശവുമായാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഗമംസംഘടിപ്പിച്ചത്. തുടര്‍ന്ന് ഐക്യദാര്‍ഢ്യ പ്രതിജ്ഞ നടന്നു. കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭരണഘടനാ സംവിധാനങ്ങളെ വേട്ടയാടുകയും ജനാധിപത്യത്തിനുവേണ്ടി പോരാടുന്നവരെ നിഷ്‌കാസനം ചെയ്യുകയുമാണ് രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നതെന്ന് ഷുക്കൂറലി കല്ലുങ്ങല്‍ പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് പിന്തുണ നല്‍കേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് രാജ്യത്തെ ജനാധിപത്യവും മതേതരത്വവും മൂലമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിദേശികള്‍ക്കുമുമ്പില്‍ രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇവ രണ്ടും കൂടുതല്‍ ശക്തിയോടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് ബാവ ഹാജി,ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പി. കൃഷ്ണകുമാര്‍, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനായില്‍, ശക്തി തിയറ്റേഴ്സ് സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, സലീം ചിറക്കല്‍, യാസര്‍ പാലത്തിങ്ങല്‍, സവാദ്, അഡ്വ. ആയിഷ, അഷറഫ് പൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസഫ് സ്വാഗതവും ട്രഷറര്‍ സിഎച്ച് അസ്ലം നന്ദിയും പറഞ്ഞു.

സംസ്ഥാന മുസ്ലിംലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സോഷ്യല്‍ മീഡിയയില്‍ അനുഭാവചിഹ്നം പ്രൊഫൈല്‍ വെക്കുന്നതിലും പ്രവാസികള്‍ വലിയ ആവേശമാണ് കാണിച്ചത്. പ്രവാസികളുടെ വാട്സ് ആപ്, ഫേസ്ബുക്ക ചിത്രങ്ങള്‍ രാഹുലിന്റെ ചിത്രം കൊണ്ട് നിറഞ്ഞു.

webdesk11: