Connect with us

politics

മലപ്പുറത്തെ പ്ലസ് വൺ സീറ്റൊഴിവും വസ്തുത മറച്ചുവെച്ചുള്ള ദേശാഭിമാനിയുടെ വ്യാജ പ്രചാരണവും

Published

on

ടി.പി അഷ്‌റഫ്അലി

പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്.

മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ വാസം വരെ അനുഷ്ഠിച്ചതും വിജയം കണ്ടതുമായ സമരമാണ്. ഇനി വസ്തുതകളിലേക്ക് വരാം. മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്നത് നേരാണ്. ആ സത്യം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ 7642 സീറ്റുകളിൽ 5173 സീറ്റും പണം കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലാണെന്നതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികൾ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം.

അതായത് മലപ്പുറത്ത് ഒഴിവുണ്ടെന്ന് പറയുന്ന 7642 സീറ്റുകളിൽ 68 ശതമാനവും (5173 എണ്ണം) സർക്കാർ ഏകജാലക രീതിയിൽ പ്രവേശനം നടത്താത്തതും ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റാണ്. ഇതുകഴിച്ചാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി മലപ്പുറം ജില്ലയിൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇതിൽ 2133 സീറ്റ് സർക്കാർ സ്കൂളുകളിലും 336 സീറ്റ് എയ്ഡഡ് സ്കൂളുകളിലുമാണ്.

എല്ലാവർഷവും മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളികളിൽ ശരാശരി 5000നും 6000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. കാസർകോട് ജില്ലയിൽ 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.

എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളിൽ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങൾ ഇനി പറയാം. മലപ്പുറത്ത് അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസിൽ ആയിരുന്നില്ല. സയൻസ് കോമ്പിനേഷൻ താൽപര്യമുള്ള കുട്ടികൾക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് അൽപ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്‍റുകളും രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്‍റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളിൽ നിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്‍റ് നടത്തിയതും. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താൽക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്‍റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിൽ പലവഴിക്ക് തിരിയും. സീറ്റില്ലാതെ നിൽക്കുന്ന കുട്ടികൾ സമാന്തര മാർഗങ്ങൾ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി. മറ്റൊരു കാരണം ഏത് മേഖലയിലാണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളിൽ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.

ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65000ന് താഴെയാകുമായിരുന്നു. അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കിൽ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതിൽപരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യൽ മീഡിയയിൽ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം. മലപ്പുറത്തെ സീറ്റൊഴിവിന്‍റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്‍റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് പൊതുജനം തന്നത്.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലിൽ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയത്; എം.എം ഹസ്സന്‍

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു.

Published

on

രണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജി വെക്കണമെന്ന് എം എം ഹസ്സന്‍ പറഞ്ഞു.

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു. പുനരന്വേഷണം നടക്കട്ടെ. എന്നാല്‍ സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിനില്ലയെന്നും കോടതി വിധി വരട്ടെയെന്നും ഹസ്സന്‍ പറഞ്ഞു.

അതെസമയം ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്നും എല്‍ഡിഎഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ്; ‘മൊദാനി’ അഴിമതികളെക്കുറിച്ച് ജെപിസി അന്വേഷണം വേണം

കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് അദാനിക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്

Published

on

തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് അദാനിക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്. സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു.

‘ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്ഇസി) കുറ്റപത്രം സമർപ്പിച്ചത്, വിവിധ ‘മൊദാനി’ അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിനായി 2023 ജനുവരി മുതൽ കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ശരിവെക്കുന്നു. കോൺഗ്രസിന്റെ ‘ഹം അദാനി കെ ഹേ’ (എച്ച്എഎച്ച്കെ) പരമ്പരയിൽ ഈ അഴിമതികളുടെ വിവിധ മാനങ്ങളും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിഹിതബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

അദാനി ഗ്രൂപ്പിന്റെ നിയമ ലംഘനങ്ങളെ കുറിച്ചും നിക്ഷേപം, ഷെൽ കമ്പനികൾ എന്നിവയുടെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതും സെബി അന്വേഷണം നടത്തിയ രീതിയിലും എസ്ഇസിയുടെ നടപടികൾ വെളിച്ചം വീശുന്നുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകളിൽ കുത്തകവത്കരണം വർധിപ്പിക്കുന്നതിനും പണപ്പെരുപ്പം വർധിപ്പിക്കുന്നതിനും വിദേശനയ വെല്ലുവിളികൾ ഉയർത്തുന്നതിനും ഇടയാക്കുന്ന അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ ജെപിസി രൂപീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിക്കുന്നു’ -ജയറാം രമേശ് വ്യക്തമാക്കി.

രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് അദാനിക്കെതിരായ കുറ്റം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനർജിക്കുമെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

Continue Reading

Trending