തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചുതകര്‍ത്തതില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്
കെ.സി വേണുഗോപാല്‍. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടര്‍ ഇന്നും ഇവിടെയുണ്ട് എന്ന് തെളിയിക്കുകയാണ് അല്‍പ്പം മുന്‍പ് നടന്ന സംഭവമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചുതകര്‍ത്തുവെന്ന വാര്‍ത്ത വളരെ വേദനയോടെയും അതിലുപരി രോഷത്തോടെയുമാണ് കേട്ടത്. ജീവിച്ചിരുന്നപ്പോള്‍ ആ മനുഷ്യന്റെ നേര്‍ക്ക് ചിലര്‍ കല്ലെറിഞ്ഞു. ഇപ്പോള്‍ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കപ്പെടുന്നു. ഓരോ നിമിഷവും ഉമ്മന്‍ ചാണ്ടിയുടെ കരുത്തുറ്റ ഓര്‍മകള്‍ ഉയരുന്ന ഓരോ ഇടങ്ങളും ചിലര്‍ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേര്‍സാക്ഷ്യമാണീ സംഭവം.
അടിമുടി തകര്‍ന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ് കേരളത്തിലുള്ളതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ മൂക്കിന്‍ത്തുമ്പത്താണ് അക്രമം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.ക്രിമിനല്‍ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ സ്തൂപമാണ് അടിച്ചുതകര്‍ത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരത്തിന് നേര്‍ക്കാണ് അവര്‍ ആയുധം വീശിയത് അദ്ദേഹം കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കെതിരെ പോലും വിദ്വേഷം പ്രചരിപ്പിക്കുന്ന സാമൂഹിക ദ്രോഹികളെ അടിയന്തിരമായി കണ്ടെത്തണം. പൊലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങും വരെ കാത്തിരിക്കരുത് എന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പൊന്‍വിളയില്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപമാണ് തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.