കോഴിക്കോട്: ലീഗിന്റെ മതേതര നിലപാട് കേരളത്തിന് ബോധ്യപ്പെട്ടതാണെന്നും അത് ഇടക്കിടെ വിളിച്ചുപറയേണ്ട ഒന്നല്ലെന്നും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഏഴ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നിലപാടുകളുമായി ലീഗ് ഇനിയും മുന്നോട്ട് പോവുമെന്നും ഇ.ടി വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജീവനോടെ അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം , അതിനാൽ കേരളത്തിൽ അത് നിലനിർത്തേണ്ടത് അവർക്ക് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു എന്നത് വാസ്തവമാണ് . ആ നിലനിൽപ്പിനായുള്ള കൈവിട്ട കളികളാണ് സി പി എമ്മും മുഖ്യമന്ത്രിയും കളിക്കുന്നത് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്ബ് പറഞ്ഞത് മുസ്‌ലിം ലീഗിന്റെ അടിത്തറ ഇളകുമെന്നാണ് , എന്നാൽ ഫലം വന്നപ്പോൾ ആ അടിത്തറക്ക് ഒരു ഇളക്കവും തട്ടിയില്ല എന്ന് മാത്രമല്ല ഒന്നൂടെ ശക്തമാണെന്ന് തെളിയുകയും ചെയ്‌തു . അതേത്തുടർന്നാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും കോൺഗ്രസിനെ ആര് നയിക്കണം എന്നത് ലീഗ് തീരുമാനിക്കുന്നു എന്ന രൂപത്തിലുള്ള പ്രസ്ഥാനവനകൾ പിണറായി വിജയൻ ഇറക്കിയത് .
എന്താണ് ആ പ്രസ്താവനകൾ കൊണ്ടുള്ള ലക്‌ഷ്യം എന്നത് കേരളം ചർച്ച ചെയ്തു കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ മതേതര സമൂഹത്തിന് ഇത് തിരിച്ചറിയാൻ കഴിയും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
ചരിത്രം അത്ര പെട്ടെന്ന് മറക്കുന്നവരല്ല മലയാളികൾ. സഖാവ് മത്തായി ചാക്കോയുടെ അന്ത്യകർമ്മങ്ങൾ വിശ്വാസാചാരപ്രകാരം നടത്തിയതിന് ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്ന് വിളിച്ചത് കേരളം മറന്നിട്ടില്ല . ആ പിണറായി വിജയൻറെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഇന്ന് മറ്റുള്ളവർക്ക് ക്ലാസ്സെടുക്കുന്ന തമാശയും നാം കണ്ടു.
മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകൾ ഇടക്കിടക്ക് വിളിച്ചുപറയേണ്ട ഒന്നല്ല , കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ട ഒന്നാണ് അത് , ഇനിയും ആ നിലപാടുകളുമായി മുന്നോട്ട് പോകും .