ന്യൂഡല്‍ഹി: ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്‌ലിം ലീഗ് അവരുടെ സങ്കടങ്ങളില്‍ നെഞ്ച് ചേര്‍ത്ത് നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന അന്താരാഷ്ട്ര റോഹിങ്ക്യന്‍ വംശഹത്യ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടും വീടുമില്ലാത്ത, ആര്‍ക്കും വേണ്ടാത്ത, ആരുടേതുമല്ലാത്ത ജനതയാണിത്. അവരുടെ പ്രയാസങ്ങള്‍ ഞങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കോടി രൂപ എത്തിച്ചു. ജമ്മു, മേവാത്, ഫരീദാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വസ്ത്രം, ഭക്ഷണം, പഠനസാമഗ്രികള്‍, കുടിവെള്ളം എന്നിവ പാര്‍ട്ടി ഉറപ്പു വരുത്തും. ഇത്തരം ഇടപെടല്‍ കൊണ്ട് മാത്രം അവരുടെ ദുരിതങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണാനാവില്ല.
ദുരിതക്കയത്തില്‍ നില്‍ക്കുന്ന ഒരു ജനതയെ രാജ്യദ്രോഹികള്‍, തീവ്രവാദ ബന്ധമുള്ളവര്‍, വ്യാജരേഖ ഉണ്ടാക്കിയവര്‍, എന്നീ ആരോപണങ്ങള്‍ ചുമത്തുന്നതും മ്യാന്മറില്‍ തിരിച്ചയക്കുമെന്ന പ്രസ്താവനയിറക്കാന്‍ ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിപോലും തയ്യാറായത് ഞെട്ടിപ്പിക്കുന്നതാണ്. രക്ഷ തേടിയെത്തിയവര്‍ക്ക് അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അത് തുടരുന്നതിനു പകരം അഭയാര്‍ത്ഥികളെ കുത്തി നോവിക്കുന്ന പ്രാകൃതമായ നിലപാട് അത്യന്ത്യം പ്രതിഷേധാര്‍ഹമാണ്. സമഗ്രമായ ഒരു അഭയാര്‍ത്ഥി നയം രൂപപ്പെടുത്താന്‍ പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുമെന്നും എം.പി വ്യക്തിമാക്കി.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സലാമ ട്രസ്റ്റ്, രോഹിങ്ക്യന്‍ ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവ്, ഡല്‍ഹി കെ.എം.സി.സി, ആള്‍ ഇന്ത്യ മജ്‌ലിസ് തമീര്‍ എ മില്ലത്ത്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് രണ്ടുദിവസത്തെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. ഫാറൂഖ് അബ്ദുള്ള, പ്രശാന്ത് ഭൂഷണ്‍, സ്മൃതി സിങ്, അഡ്വ.ഹാരിസ് ബീരാന്‍, സ്വാമി അഗ്നിവേശ്, പ്രൊഫ. അപൂര്‍വാനന്ദ്, വജഹത് ഹബീബുള്ള, സഫര്‍ മുഹമ്മദ് ഷാ , ജസിന്‍ ഫീല്‍ഡ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.