Connect with us

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പുദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ളയാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രിയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം. എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവ ദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കിയതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതി ഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്.

ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേത്യത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്തകത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

kerala

വാളയാര്‍ പോക്‌സോ കേസ്; സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു

തൃശൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് അഡ്വക്കേറ്റ് പയസ്

Published

on

വാളയാര്‍ പോക്‌സോ കേസില്‍ സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു. മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് തൃശൂരില്‍ നിന്നുള്ള അഡ്വക്കേറ്റ് പയസ്.

നിലവില്‍ 27 പോക്‌സോ കേസുകളിലെ പ്രോസിക്യൂട്ടറാണ് പയസ്. ചാലക്കുടി രാജീവ് കൊലക്കേസിലും കണിമംഗലം കേസിലും പയസ് പ്രോസിക്യൂട്ടറാണ്. 33 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദേഹം.

പാലക്കാട് പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ പരിധിയിലായിരുന്ന വാളയാര്‍ കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐക്ക് കൈമാറിയിരുന്നു. നവംബറില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സോജനെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനല്‍ കേസ് തുടരാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരായ എം.ജെ സോജന്റെ വിവാദ പരാമര്‍ശത്തിലായിരുന്നു ക്രിമിനല്‍ കേസ്. പോക്‌സോ നിയമപ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമര്‍ശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

എം.ജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം തള്ളിയായിരുന്നു നടപടി.

Continue Reading

kerala

അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനായി നല്‍കിയ സ്ഥലം തിരിച്ചെടുക്കണം; യോഗിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്

2022ല്‍ താജ്മഹല്‍ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാളാണ് രജനീഷ് സിങ്

Published

on

യുപി: അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനായി സുപ്രിം കോടതി സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം തിരിച്ചെടുക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്. ഇവിടെ പള്ളി നിര്‍മിക്കാനായിരുന്നില്ല ഉദ്ദേശ്യം എന്നും സിങ് അവകാശപ്പെട്ടു.

നീണ്ട അയോധ്യ തര്‍ക്കത്തിന് ശേഷം 2019 നവംബര്‍ ഒമ്പതിന് വിധി വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. വിധി പ്രകാരം ബാബരി മസ്ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുകയും അയോധ്യയിലെ തന്നെ ധന്നിപൂരില്‍ പള്ളി പണിയുന്നതിനായി അഞ്ചേക്കര്‍ അനുവദിക്കുകയുമായിരുന്നു.

മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡിനായിരുന്നു മസ്ജിദ് നിര്‍മിക്കാന്‍ അനുവാദം ലഭിച്ചത്. മസ്ജിദിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്തോഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മസ്ജിദ് നിര്‍മിക്കാനല്ല മുസ്‌ലിം സമുദായം ശ്രമിക്കുന്നത്, ഒരു മസ്ജിദിന്റെ മറവില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
‘സുപ്രിം കോടതിയുടെ വിധിക്ക് വിപരീതമായി സുന്നി സെന്‍ട്രന്‍ വഖഫ് ബോര്‍ഡിന് അനുവദിച്ച സ്ഥലം മസ്ജിദിന്റെ നിര്‍മാണത്തിനായി ഏല്‍പ്പിച്ചവര്‍ മറ്റ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ലക്ഷ്യം ഒരിക്കലും അനുവദിച്ച സ്ഥലത്ത് പള്ളി നിര്‍മിക്കലായിരുന്നില്ല, പള്ളി എന്ന പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കലായിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ലക്ഷ്യം താങ്കളുടെ ഭരണത്തിന്റെ കീഴില്‍ നടത്താനായിട്ടില്ല’ എന്നാണ് രജനീഷ് സിങ് യോഗിക്കെഴുതിയ കത്തില്‍ കുറിച്ചിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിന് പ്രാര്‍ഥനയ്ക്ക് പള്ളികള്‍ ആവശ്യമില്ലെന്നും പള്ളി നിര്‍മാണം എന്ന പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഭിന്നതയും നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും ബിജെപി നേതാവ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

2022ല്‍ താജ്മഹല്‍ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാളാണ് രജനീഷ് സിങ്. ബിജെപി നേതാവിന്റെ ആരോപണത്തില്‍ പ്രതികരിക്കാന്‍ അയോധ്യ മസ്ജിദ് സെക്രട്ടറി അത്തര്‍ ഹുസൈന്‍ വിസമ്മതിച്ചു.

Continue Reading

kerala

മുസ്‌ലിം ലീഗിന്റെ നിയമപോരാട്ടം; വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാറിന് തിരിച്ചടി

ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

on

മുസ്‌ലിംലീഗിന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. 2015ല്‍ പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളാണ് കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍ നഗരസഭകള്‍. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഈ നഗരസഭകളില്‍ അതേ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. പടന്ന ഗ്രാമ പഞ്ചായത്തില്‍ 2015ലും മട്ടന്നൂര്‍ നഗരസഭയില്‍ 2017ലും 2011 സെന്‍സസ് കണക്കിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്.

നിയമപ്രകാരം നഗരസഭകളില്‍ അനുവദിനീയമായ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൊണ്ട് മുനിസിപ്പാലിറ്റി നിയമത്തിലെ 6(3) വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 9ന് ഭേദഗതി ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നഗരസഭകളില്‍ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ സെന്‍സസ് പ്രകാരം പ്രസിദ്ധീകരിച്ച ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തുവാന്‍ പാടുള്ളു എന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതിനാല്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി ബാധകമാവില്ലെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ അവിടെ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.

2011ന് ശേഷം പുതിയ ജനസംഖ്യ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ 2015ല്‍ പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യതിയാനം വരുത്തുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പിന് വിരുദ്ധമാണെന്നും അതിനാല്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി മേല്‍ പറഞ്ഞ പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്കും നേരത്തെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ നഗരസഭകള്‍ക്കും ബാധകമാവില്ല എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മേല്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ റദ്ദാക്കിയത്.

Continue Reading

Trending