Culture
ക്രൊയേഷ്യ പ്ലാന്‍ ചെയ്തത് 120 മിനുട്ടിനാണ്; ഇംഗ്ലണ്ടിനത് മനസ്സിലായില്ല

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ അതിനു പറ്റില്ല.’ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന വാക്കുകളായിരുന്നു അത്. സെമിയില്‍ അഞ്ചാം മിനുട്ടില്‍ തന്നെ കീറണ്‍ ട്രിപ്പിയര്‍ മനോഹരമായ ഫ്രീകിക്കില്‍ ഗോള്‍ നേടുകയും ആദ്യപകുതിയില്‍ ഇംഗ്ലണ്ട് വിജയികളുടെ ശരീരഭാഷയില്‍ കളിക്കുകയും ചെയ്തപ്പോള്‍ ഡാലിച്ചിന്റെ വാക്കുകളാണ് ഞാനോര്‍ത്തത്; ഒരല്‍പം സഹതാപത്തോടെ. എന്നാല്‍, എഴുപതു മിനുട്ടുകള്‍ക്കു ശേഷം ക്രൊയേഷ്യ കളിച്ച കളിയിലൂടെ ഡാലിച്ച് തന്റെ വാക്കുകളുടെ ഉദ്ദേശ്യം വിശദീകരിച്ചു. സമനില ഗോള്‍ വഴങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് ഏറെക്കുറെ ലോകകപ്പില്‍ നിന്നു പുറത്തായിക്കഴിഞ്ഞിരുന്നു.
3-5-2 തനതുശൈലിയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ടും 4-1-3-2ല്‍ കളിച്ച ക്രൊയേഷ്യയും കളിയില്‍ സെറ്റില്‍ ചെയ്യുന്നതിനു മുമ്പാണ് ആ ഗോള്‍ പിറന്നത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ലോകകപ്പ് സെമിയില്‍, അതും കൃത്യതയാര്‍ന്ന ഒരു ഫ്രീകിക്കിലൂടെ നേടുക എന്നത് ഏതു കളിക്കാരനും സ്വപ്‌നം കാണുന്ന കാര്യമാവും. നേരിട്ട് ഗോള്‍ ലക്ഷ്യം വെക്കാവുന്ന പൊസിഷനില്‍ നിന്ന് പാദത്തിന്റെ ഉള്‍ഭാഗം കൊണ്ട് തൊടുത്ത ആ കിക്കിന് ഒരു പ്ലേസിങിന്റെ സ്വഭാവമായിരുന്നെങ്കിലും അതിലടങ്ങിയ കരുത്തും വേഗതയും സുബാസിച്ചിനെ നിസ്സഹായനാക്കി. പ്രതിരോധ മതില്‍ കടന്നതിനു ശേഷവും പന്ത് അതിന്റെ ഉയരം നിലനിര്‍ത്തി വലയുടെ മുകള്‍ഭാഗത്തേക്ക് തുളച്ചുകയറുമ്പോള്‍ ഗോള്‍കീപ്പര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനു പരിധിയുണ്ട്.
അന്തിമ വിശകലനത്തില്‍ ആ ഗോളാണ് ഇംഗ്ലണ്ടിനെ ചതിച്ചത് എന്നുപറയാം. ആ സമയത്ത് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ കോച്ചിന്റെ ശരീരഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ലീഡ് നിലനിര്‍ത്തുന്നതിനായി പ്രതിരോധം ശക്തമാക്കാനാണോ അതോ ഇനിയും ഗോളടിക്കാനാണോ കളിക്കേണ്ടത് എന്ന കാര്യത്തിലുള്ള സന്ദേഹമാണ് ഇംഗ്ലീഷ് നിരയില്‍ അത് സൃഷ്ടിച്ചത്. എങ്കിലും, കൃത്യമായ മാര്‍ക്കിങും ചടുലമായ നീക്കങ്ങളുമായി അവര്‍ തന്നെയാണ് മേല്‍ക്കൈ പുലര്‍ത്തിയത്. കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ സ്‌കൂള്‍കുട്ടികളെ പോലെ വരിയില്‍ നിന്ന് പലഭാഗത്തേക്കായി ചിതറുന്ന ഇംഗ്ലീഷ് തന്ത്രത്തിന് ക്രൊയേഷ്യന്‍ ഡിഫന്‍സിന്റെ പരിചയ സമ്പത്തിനെ മുതലെടുക്കാനായില്ല. അതേസമയം, ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ അലസ സമീപനങ്ങളോടെ ഡെലെ അലിയും ഹാരി കെയ്‌നും റഹീം സ്റ്റര്‍ലിങ്ങും തുലക്കുകയും ചെയ്തു.
ക്രൊയേഷ്യയുടെ ആദ്യപകുതിയിലെ കളി ഏറെക്കുറെ ദുരൂഹമായിരുന്നു. ഒരു ഗോളിന് പിന്നിലായിട്ടും ഇംഗ്ലണ്ടിന്റെ ഗോള്‍ ഏരിയക്കുചുറ്റും കളി മെനയാനും ഉയരക്കാരനായ മാന്ദ്‌സുകിച്ചിന് പന്തെത്തിക്കാനും അവര്‍ ശ്രമിച്ചില്ല. പകരം ലോങ് റേഞ്ചറുകളിലൂടെയുള്ള ഭാഗ്യപരീക്ഷണങ്ങളാണ് ശ്രമിച്ചത്. അവയ്ക്കാകട്ടെ വലകുലുക്കാനുള്ള കൃത്യതയുമുണ്ടായിരുന്നില്ല. ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലണ്ട് നന്നായി മാര്‍ക്ക് ചെയ്തതും ഇനിയുമൊരു ഗോള്‍ വഴങ്ങേണ്ടെന്ന് നിര്‍ദേശം ലഭിച്ചതുമായിരിക്കണം ഇതിനു കാരണം. അവരുടെ മിഡ്ഫീല്‍ഡ് ജനറല്‍ ലൂക്കാ മോഡ്രിച്ചിന്, കനത്ത മാര്‍ക്കിങ് കാരണം ആദ്യപകുതിയിലുടനീളം ഡീപ്പായി തന്നെ തുടരേണ്ടിവന്നു. മൂന്നു പ്രതിരോധക്കാര്‍ വട്ടമിട്ട മോഡ്രിച്ച് പല നീക്കങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതായും തോന്നി. റെബിച്ചിന്റെ നീക്കങ്ങള്‍ ആഷ്‌ലി യങും സ്‌കെച്ച് ചെയ്തതോടെ സ്ട്രിനിച്ചും പെരിസിച്ചും റാകിറ്റിച്ചും കളിച്ച ഇടതുഭാഗമായിരുന്നു ആ ഘട്ടത്തില്‍ ക്രൊയേഷ്യയുടെ ശക്തിമേഖല. മൂന്നംഗ ഡിഫന്‍സിനു പുറമെ രണ്ടുപേരെക്കൂടി പ്രതിരോധത്തില്‍ നിര്‍ത്തി ഇംഗ്ലണ്ട് അപകടമൊഴിവാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി ലക്ഷ്യബോധം കൈവന്നു. എങ്കില്‍പ്പോലും മൈതാനം നിറഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നിച്ച വെള്ളക്കുപ്പായക്കാരെ കടന്നുപോവുക എളുപ്പമായിരുന്നില്ല. അഞ്ചുപേര്‍ സദാസമയവും ഇംഗ്ലീഷ് ഡിഫന്‍സിലുണ്ടായിരുന്നു. ആക്രമണം നടത്തിയ ഡിഫന്‍സ് തുറക്കേണ്ടെന്നായിരിക്കണം സൗത്ത്‌ഗേറ്റ് ഇടവേളയില്‍ കളിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതോടെ ഇടതുഭാഗത്ത് പെരിസിച്ചും റാകിറ്റിച്ചും ചില ലോങ് റേഞ്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീഷണിയായില്ല. എന്നാല്‍, അപ്രതീക്ഷിതമായി വലതുഭാഗത്തു നിന്ന് വിര്‍സാല്‍കോ തൊടുത്ത ക്രോസാണ് കളിയുടെ ഗതിമാറ്റിയത്. ബോക്‌സിലേക്ക് പന്ത് തൂങ്ങിയിറങ്ങുമ്പോള്‍ ഇംഗ്ലണ്ടുകാര്‍ മരിയോ മാന്ദ്‌സുകിച്ചിനെ മാര്‍ക്ക് ചെയ്യാന്‍ ജാഗ്രത പുലര്‍ത്തവെ ഫ്രീയായി ഓടിക്കയറിയ പെരിസിച്ച് പണിപറ്റിച്ചു. ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനായി ഡൈവ് ചെയ്ത കെയ്ല്‍ വാക്കറുടെ തലയില്‍ കൊള്ളുന്നതിന്റെ തൊട്ടുമുന്നത്തെ അര്‍ധനിമിഷത്തില്‍ പെരിസിച്ചിന്റെ ബൂട്ട് പന്തിന് അന്ത്യചുംബനം നല്‍കി. ഹൈബൂട്ട് ഫൗളിന് ഇംഗ്ലണ്ടുകാര്‍ ഹതാശരായി അപ്പീല്‍ ചെയ്‌തെങ്കിലും പെരിസിച്ചിന്റെ ഫിനിഷിങ് പിക്ചര്‍ പെര്‍ഫക്ട് ആയിരുന്നു.
യഥാര്‍ത്ഥത്തില്‍ ആ ഗോളിനു പിന്നില്‍ ഇവാന്‍ റാകിറ്റിച്ചിന്റെ തലച്ചോറിന് വലിയ പങ്കുണ്ട്. ഇടതുവശത്തുകൂടിയുള്ള ആക്രമണം ഇംഗ്ലീഷുകാര്‍ പ്രതീക്ഷിച്ചു നില്‍ക്കവെ റാകിറ്റിച്ച് ആണ് മൈതാനത്തിന്റെ മറുവശത്ത് ഫ്രീയായി നില്‍ക്കുന്ന വിര്‍സാല്‍കോയെ കണ്ടതും പന്ത് അങ്ങോട്ടെത്തിച്ചതും. ആ നീക്കത്തിലാണ് ഡിഫന്‍സിന് പെരിസിച്ചിനു മേലുള്ള ശ്രദ്ധ തെറ്റുന്നത്. ക്രോസ് കുറ്റമറ്റതായിരുന്നു, അതിനേക്കാള്‍ കൃത്യമായിരുന്നു പെരിസിച്ചിന്റെ റണ്ണിങും പ്ലേസിങും. ഹൈബോളുകളില്‍ മാന്ദ്‌സുകിച്ച് മാത്രമാവും അപകടമുണ്ടാക്കുക എന്ന ഇംഗ്ലണ്ടിന്റെ മുന്‍വിധിക്ക് നല്‍കേണ്ടി വന്ന വലിയ വിലയായിരുന്നു അത്. പെരിസിച്ച് വന്ന ഭാഗത്ത് ഒന്നും ചെയ്യാതെ പന്തിന്റെ വരവിനെയും മാന്ദ്‌സുകിച്ചിനെയും നോക്കി നില്‍ക്കുകയായിരുന്ന ട്രിപ്പിയറാണ് ഇതിലെ ഒന്നാം പ്രതി. പരിചയസമ്പത്താണ് ഗോളടിച്ചത്.
കൃത്യസമയത്തു തന്നെയായിരുന്നു ക്രൊയേഷ്യക്കാര്‍ ഗോള്‍ കണ്ടെത്തിയത്. ആ ഗോളോടെ, ഇംഗ്ലണ്ട് അതുവരെ സംഭരിച്ചുനിന്ന ആത്മവിശ്വാസം ചോര്‍ന്നുപോയി. മാത്രവുമല്ല, അവര്‍ക്ക് മോഡ്രിച്ചിനെ സ്വതന്ത്രനാക്കേണ്ടിയും വന്നു. ക്ഷീണിതനായിരുന്നെങ്കിലും മോഡ്രിച്ച് അവസാന ഘട്ടങ്ങളില്‍ ക്രൊയേഷ്യന്‍ നീക്കങ്ങളില്‍ സജീവമായി പങ്കെടുത്തു.
ആദ്യപകുതിയില്‍ തന്നെ ഭീഷണി മുഴക്കിക്കൊണ്ടിരുന്ന പെരിസിച്ച് 71ാം മിനുട്ടിലേ കളി കൊല്ലേണ്ടതായിരുന്നു. പക്ഷേ, ഡിഫന്‍സിനെ വെട്ടിയൊഴിഞ്ഞു തൊടുത്ത ആ ഷോട്ടിന് സൈഡ് ബാര്‍ തടസ്സമായി. റീബൗണ്ടില്‍ നിന്ന് റെബിച്ച് സുവര്‍ണാവസരം തുലക്കുകയും ചെയ്തു. പക്ഷേ, കളിയുടെ ആധിപത്യം എതിര്‍ധ്രുവത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. മാന്ദ്‌സുകിച്ച് വണ്‍വണ്‍ സിറ്റ്വേഷനില്‍ തൊടുത്ത ഷോട്ട് പിക്ക്‌ഫോഡ് തട്ടിയകറ്റിയെങ്കിലും ക്രൊയേഷ്യ ഏതുനിമിഷവും ഗോള്‍ നേടാമെന്നു തോന്നി. ഇംഗ്ലീഷുകാരുടെ സ്റ്റാമിനയില്‍ ഉണ്ടായ ഇടിവും ക്രൊയേഷ്യ അവസാന നിമിഷങ്ങളില്‍ കൈവരിച്ച ഊര്‍ജവും അതിലേക്ക് വിരല്‍ചൂണ്ടി.
നിര്‍ണായക ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരക്കാര്‍ക്ക് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ആരാണ് പോസ്റ്റിനെ ലക്ഷ്യംവെക്കുക എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഗോള്‍ ഏരിയയിലെ ഓരോ അധിക ടച്ചും ക്രൊയേഷ്യന്‍ ഡിഫന്‍സിന് കൂടുതല്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കി. ലോവ്‌റനും വിദായും മികച്ച ഫോമിലുമായിരുന്നു. സ്റ്റര്‍ലിങ്ങിനു പകരം വന്ന റാഷ്‌ഫോര്‍ഡ് സ്റ്റാമിന കൊണ്ട് വേറിട്ടുനിന്നെങ്കിലും അയാളെ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ക്യാപ്ടനും പ്രധാന സ്‌െ്രെടക്കറുമായ ഹാരി കെയ്ന്‍ പലപ്പോഴും ചിത്രത്തിലേ ഇല്ലായിരുന്നു.
എക്‌സ്ട്രാ ടൈമില്‍ വിര്‍സാല്‍കോയുടെ ജാഗ്രതയാണ് ഇംഗ്ലണ്ട് അര്‍ഹിച്ച രണ്ടാം ഗോള്‍ നിഷേധിച്ചത്. ട്രിപ്പിയറുടെ ഡെലിവറിയും ജോണ്‍സിന്റെ ഹെഡ്ഡറും പെര്‍ഫക്ട് ആയിരുന്നു. പക്ഷേ, ഗോള്‍ലൈനില്‍ വിര്‍സാല്‍കോ അപകടമൊഴിവാക്കി. അതേസമയം, മറുവശത്ത് മാന്ദ്‌സുകിച്ചിന്റെ ഉറച്ച ഗോള്‍ അപാരമായ മനക്കട്ടിയുമായി പിറ്റ്‌ഫോര്‍ഡ് വിഫലമാക്കുകയുംചെയ്തു. സ്‌റ്റോണ്‍സിനെ മാന്ദ്‌സുകിച്ച് മറികടന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷത്തില്‍ തന്നെ പിക്ക്‌ഫോര്‍ഡ് ഒരടി മുന്നോട്ടുവെച്ചു. ഇല്ലായിരുന്നെങ്കില്‍ കളി അവിടെ തീര്‍ന്നേനെ. പക്ഷേ, അനിവാര്യമായ പരാജയം ഒഴിവാക്കാനോ ക്രൊയേഷ്യയെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഷൂട്ടൗട്ടിന് നിര്‍ബന്ധിക്കാനോ ഇംഗ്ലണ്ടിനായില്ല. ഗോള്‍മുഖത്ത് സ്‌റ്റോണ്‍സ് വരുത്തിയ മറ്റൊരു അലസത യുവനിരയുടെ വിധിയെഴുതി. പിവാരിച്ചിന്റെ ക്രോസില്‍ വാക്കറുടെ അര്‍ധമനസ്സോടെയുള്ള ക്ലിയറിങ് പന്ത് കുത്തനെ ഉയര്‍ത്തി. ട്രിപ്പിയറുടെ സമ്മര്‍ദം വകവെക്കാതെ റെബിച്ച് പന്ത് ബോക്‌സിലേക്ക് ഹെഡ്ഡ് ചെയ്തപ്പോള്‍ പ്രതികരിക്കാന്‍ സ്‌റ്റോണ്‍സ് ഒരുനിമിഷം വൈകി. നിരവധി സമ്മര്‍ദ ഘട്ടങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാന്ദ്‌സുകിച്ചിന് അത് ധാരാളമായിരുന്നു. ക്ലോസ്‌റേഞ്ചില്‍ നിന്നുള്ള അയാളുടെ പ്രഹരം തടയുക പിക്ക്‌ഫോഡിനെന്നല്ല, ലോകത്ത് ഒരു ഗോളിക്കും സാധ്യമാകുന്ന കാര്യമല്ല.
സെമിഫൈനല്‍ മത്സരത്തോട് ഇംഗ്ലണ്ടിന്റെയും ക്രൊയേഷ്യയുടെയും കോച്ചുമാര്‍ പുലര്‍ത്തിയ സമീപനമാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. 90 മിനുട്ടില്‍ തന്നെ ജയിച്ചുകയറാമെന്ന് സൗത്ത്‌ഗേറ്റ് കണക്കുകൂട്ടിയിരുന്നു. ഗോള്‍ നേടാനായതോടെ ആ വിശ്വാസം അദ്ദേഹം ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാല്‍, മുമ്പത്തെ രണ്ടു മത്സരങ്ങളുടെ അനുഭവജ്ഞാനമുള്ളതിനാല്‍ 120 മിനുട്ട് മത്സരത്തിനു വേണ്ടിയാണ് ഡാലിച്ച് ഒരുങ്ങിയത്. ക്രൊയേഷ്യ നടത്തിയ എല്ലാ സബ്സ്റ്റിറ്റിയൂഷനും എക്‌സ്ട്രാ ടൈമിലായിരുന്നു എന്നകാര്യം ഈ നിഗമനത്തിന് ബലംപകരുന്നു. ഇംഗ്ലണ്ട് കളിക്കാരുടെ സ്റ്റാമിന കൂടി വിലയിരുത്തിക്കൊണ്ടാണ് 65 മിനുട്ടിനു ശേഷം ടോപ്പ് ഗിയറില്‍ കളിച്ചാല്‍ മതിയെന്ന് അദ്ദേഹം കണക്കുകൂട്ടിയത്. മോഡ്രിച്ചിനെ മാര്‍ക്ക് ചെയ്യുമെന്നു മുന്‍കൂട്ടിക്കണ്ട് പ്ലാന്‍ ബി അദ്ദേഹം തയ്യാറാക്കുകയും ചെയ്തു. റിസ്‌കെടുത്താണെങ്കിലും റാകിറ്റിച്ചിനെയും വിര്‍സാല്‍കോയെയും ഡാലിച്ച് കളിപ്പിച്ചു എന്നതും അവര്‍ നിര്‍ണായക നീക്കങ്ങളുടെ ഭാഗമായി എന്നതും ശ്രദ്ധിക്കുക. സൗത്ത്‌ഗേറ്റിനാകട്ടെ, കെയ്‌നിനെ മാറ്റിക്കൊണ്ടുള്ള ഒരു ആക്രമണപദ്ധതിക്കും ധൈര്യമുണ്ടായിരുന്നില്ല. സ്റ്റര്‍ലിങിനു പകരം കെയ്ന്‍ കയറുകയും വാര്‍ദി 85 മിനുട്ടിനു ശേഷം ഇറങ്ങുകയും ചെയ്തിരുന്നെങ്കില്‍ ക്രൊയേഷ്യയെ വിറപ്പിക്കാന്‍ അവര്‍ക്കാകുമായിരുന്നു.
ഏതായാലും, അട്ടിമറികളും അത്ഭുതങ്ങളും വന്‍വീഴ്ചകളും ഏറെ കണ്ട ലോകകപ്പിന് അതര്‍ഹിച്ച സമാപ്തി തന്നെയാണ് ലഭിച്ചിരിക്കുന്നത്. മൈതാനമധ്യത്ത് കളി തളക്കുകയും കളിക്കാരുടെ വ്യക്തിഗത മികവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ദെഷാംപ്‌സിനെതിരെ ഡാലിച്ച് എന്താണ് പ്രയോഗിക്കാന്‍ പോകുന്നത്? ഇന്നലെ കളികഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ ഫ്രാന്‍സ് മാച്ചിന് ഒരുങ്ങിക്കഴിഞ്ഞു’ എന്നാണദ്ദേഹം പറഞ്ഞത്. അത് വെറുമൊരു ആത്മവിശ്വാസ പ്രഖ്യാപനമാണോ; അതോ ഇന്നലത്തേതു പോലെ എന്തെങ്കിലും ഗൂഢാര്‍ത്ഥങ്ങളുണ്ടോ?
Film
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘
എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.
200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.
മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
Film
ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.
കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്