Connect with us

Culture

കന്നി കിരീടം തേടി സ്‌പെയിന്‍-ഇംഗ്ലണ്ട് പോരാട്ടം

Published

on

അഷ്‌റഫ് തൈവളപ്പ്
കൊല്‍ക്കത്ത

കൗമാര ലോകകപ്പില്‍  പട്ടാഭിഷേകം. കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ‘യൂറോപ്യന്‍’ ഫൈനല്‍ ശനിയാഴ്ച്ച രാത്രി എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്‍ ബ്രസീല്‍ മാലിയെ നേരിടും. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷം രണ്ടാം തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്നത്. അണ്ടര്‍-17 യൂറോ കപ്പിന്റെ കിരീട പോരിലും ഇരുടീമുകളായിരുന്നു ഏറ്റുമുട്ടിയത്. സ്‌പെയിന്‍ ജയിച്ചു, ആ പടയോട്ടം ഇന്ത്യയിലും തുടരാമെന്ന് അവര്‍ മോഹിക്കുന്നു, മധുര പ്രതികാരത്തിനൊപ്പം കൗമാരകപ്പില്‍ കന്നി മുത്തം കൂടി ഇംഗ്ലീഷുകാര്‍ ആഗ്രഹിക്കുന്നു, ആരു ജയിച്ചാലും അവരുടെ ആദ്യ ലോകകപ്പാവും ഇത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ്് ഫൈനലില്‍ കളിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം. സ്‌പെയിന്‍ 1991, 2003, 2007 വര്‍ഷങ്ങളില്‍ ഫൈനലിസ്റ്റുകളായിരുന്നു, പക്ഷേ കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ല. ടൂര്‍ണമെന്റിലൂടനീളം മികച്ച കളിനിലവാരമായിരുന്നു ഇരുടീമുകളുടേതും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ കരുത്തര്‍. ഏതു സാഹചര്യത്തിലും കളിക്കാന്‍ മിടുക്കരാണ് സ്‌പെയിന്‍. ആത്മവിശ്വാസത്തോടെയാണ് അവര്‍ പന്ത് പാസ് ചെയ്യുന്നത്. സംഘടിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്.

ഇംഗ്ലണ്ടിന്റെ ഭാഗ്യ വര്‍ഷം

2017, ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ്. അണ്ടര്‍-20 ലോകകപ്പ് നേട്ടമായിരുന്നു ആദ്യത്തേത്. പിന്നാലെ അണ്ടര്‍-19 യൂറോപ്യന്‍ കിരീടവും നേടി. കൊല്‍ക്കത്തയില്‍ ഇന്ന്് അണ്ടര്‍-17 ഫൈനലില്‍ ജയിക്കാനായാല്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളുടെ വര്‍ഷമായി 2017 മാറും. ക്രൊയേഷ്യ വേദിയൊരുക്കിയ അണ്ടര്‍-17 യൂറോപ്യന്‍ കപ്പിന്റെ കലാശ കളിയില്‍ സ്‌പെയിനിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയത്. എതിരാളികളെയെല്ലാം കീഴടക്കി ഫൈനല്‍ വേദിയിലെത്തുമ്പോള്‍ അതേ സ്പാനിഷ് പട തന്നെയാണ് എതിരാളികള്‍. മധുര പ്രതികാരത്തിനും കളി മോശം കൊണ്ടല്ല, നിര്‍ഭാഗ്യം കൊണ്ടാണ് യൂറോപ്യന്‍ കിരീടം നഷ്ടമായതെന്ന് തെളിയിക്കാനും ഇതിലും വലിയൊരു അവസരം സ്റ്റീവ് കൂപ്പര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് കുട്ടികള്‍ക്ക് ഇനി കിട്ടാനില്ല. ആറു മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രം. നായകന്‍ ജോയല്‍ ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ശക്തരാണ്. ഇംഗ്ലീഷ് സംഘത്തിന്റെ വിങുകളിലൂടെയുള്ള മുന്നേറ്റം തടയാന്‍ സ്‌പെയിന്‍ പ്രതിരോധ നിരക്ക് ഏറെ വിയര്‍ക്കേണ്ടി വരും. വലതു വിങില്‍ ജോണ്‍ യൊബോയയുടെ സാന്നിധ്യവും സ്പാനിഷ് പടക്ക് തലവേദനയാകും. മൈതാനം നിറഞ്ഞാണ് മധ്യനിരയുടെ കളി. ആറു കളികളില്‍ നിന്ന് ഇംഗ്ലണ്ട് നേടിയത് 18 ഗോളുകള്‍. ബ്രൂസ്റ്റര്‍-ഹഡ്‌സണ്‍-ഫോഡന്‍ ത്രയത്തിന്റെ പ്രഹര ശേഷിയില്‍ സാഞ്ചോയുടെ അഭാവം ടീം അറിയുന്നതേയില്ല.

കണക്കില്‍ മുന്നില്‍ സ്‌പെയിന്‍

കുറിയ പാസുകള്‍ കൊണ്ടുള്ള ടിക്കി-ടാക്ക ശൈലി വിജയകരമായി പ്രാവര്‍ത്തികമാക്കിയാണ് സ്‌പെയിന്‍ ഫൈനല്‍ വരെ മുന്നേറിയത്. സന്തുലിതമാണ് ടീം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റാന്‍ കെല്‍പ്പുള്ളവര്‍. ആക്രമണത്തിലെ വൈവിധ്യമാണ് സ്‌പെയിനിന്റെ കളിയെ അഴകുള്ളതാക്കുന്നത്. ഗോളടിക്കുന്നതിലും വഴങ്ങാതിരിക്കുന്നതിലും ടീം മിടുക്ക് കാട്ടി. 15 ഗോളുകള്‍ എതിര്‍വലയിലാക്കിയപ്പോള്‍ വഴങ്ങിയത് അഞ്ചു ഗോളുകള്‍ മാത്രം. ആബേല്‍ റൂയിസ്, സെസാര്‍ ഗെലാബെര്‍ട്ട്, സെര്‍ജിയോ ഗോമസ്, മുഹമ്മദ് മുഖ്‌ലിസ്, ഫെറാന്‍ ടോറസ്, അന്റോണിയോ ബ്ലാങ്കോ പ്രതിഭാശാലികള്‍ ഏറെയുണ്ട് ടീമില്‍, എല്ലാവരും തികഞ്ഞ ഫോമില്‍. അണ്ടര്‍-17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു വട്ടം നേര്‍ക്കുനേര്‍ വന്നിട്ടുണ്ട് ഇംഗ്ലണ്ടും സ്‌പെയിനും. 2007ലെ ആദ്യ കണ്ടുമുട്ടലില്‍ സ്‌പെയിന്‍ കപ്പുമായി മടങ്ങി. മൂന്നു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് പകരം വീട്ടി. 2017 മെയ് മാസത്തില്‍ വീണ്ടും ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് സ്‌പെയിന്‍ കിരീടം വീണ്ടെടുത്തു. ഈ വിജയം സ്പാനിഷ് പടക്ക് ആത്മവിശ്വാസം നല്‍കുന്നു.

ബ്രൂസ്റ്ററും റൂയിസും

ഫൈനലില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളാവുക ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്ററും സ്്‌പെയിന്‍ നായകന്‍ ആബേല്‍ റൂയിസും. ടീമിന് കന്നി കിരീടം നേടി കൊടുക്കുന്നതോടൊപ്പം ഗോള്‍ഡന്‍ ബൂട്ടിലും ഇരുവര്‍ക്കും കണ്ണുണ്ട്. ടൂര്‍ണമെന്റില്‍ ഇരുവട്ടം ഹാട്രിക് ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള ബ്രൂസ്റ്റര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എസ്.എയുടെ വല മൂന്നു വട്ടം ചലിപ്പിച്ച ബ്രൂസ്റ്റര്‍ ശക്തമായ പ്രതിരോധ കോട്ട തീര്‍ത്തിരുന്ന ബ്രസീലിനെതിരെയും ആ മികവ് ആവര്‍ത്തിച്ചു. ടൂര്‍ണമെന്റിലാകെ ഈ ലിവര്‍പൂള്‍ താരം നേടിയത് ഏഴു ഗോളുകള്‍. ഗോളടിക്കുന്നതില്‍ മാത്രമല്ല സഹ താരങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ബ്രൂസ്റ്ററിന്റെ പങ്ക് നിര്‍ണായകമാണെന്ന് ക്യാപ്റ്റന്‍ ലാറ്റിബെഡ്യൂയി സാക്ഷ്യപ്പെടുത്തുന്നു. ഇരട്ട ഹാട്രിക് നേടുക വഴി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലെ നാലാമനായി മാറി ബ്രൂസ്റ്റര്‍. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ബ്രൂസ്റ്റര്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു. ആ പിഴവിനു കൂടി താരത്തിനിന്ന് പരിഹാരം കാണണം. നായകന്റെ കളിയാണ് സ്പാനിഷ് പടക്കായി ആബേല്‍ റൂയിസിന്റേത്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആബേല്‍ ഗോളടിച്ചു. മാലിക്കെതിരെ നേടിയ രണ്ടു ഗോളുകള്‍ മാത്രം ഉദാഹരണം. ലോകകപ്പിന് രണ്ടു മാസം മുമ്പ് ബാഴ്‌സിലോണയുടെ താരം കൂടിയായ റൂയിസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: അണ്ടര്‍-17 യൂറോപ്യന്‍ കിരീടമുയര്‍ത്തിയ രാത്രിയില്‍ ലോകകപ്പ് ഉയര്‍ത്തുന്നത് സ്വപ്‌നം കാണുകയായിരുന്നു ഞാന്‍, സ്വപ്്‌ന സാക്ഷാത്ക്കാരത്തിനും കപ്പിനും ഇടയിലുള്ള ദൂരം ഒരു മത്സരത്തിലേക്ക് മാത്രമെത്തിച്ചതില്‍ ആബേലിനോട് കടപ്പെട്ടിരിക്കുന്ന ടീം.

റോഡ് ടു ഫൈനല്‍

തോല്‍വിയില്‍ നിന്നാണ് സ്‌പെയിന്‍ കിരീട വഴിയില്‍ തിരിച്ചെത്തിയത്. ബ്രസീലിനോട് കൊച്ചിയില്‍ തോറ്റ ടീമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി എത്തിയ ഫ്രാന്‍സിനെ 2-1നാണ് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഇറാനെയും സെമി ഫൈനലില്‍ മാലിയെയും ഒരേ സ്‌കോറിന് (3-1) തകര്‍ത്തു വിട്ടു. ഇംഗ്ലണ്ട് ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നിലും ജയിച്ചു. പ്രീക്വാര്‍ട്ടറില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തോല്‍പ്പിച്ചു. സെമിയില്‍ കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Film

യഷ്- ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്’ നിയമക്കുരുക്കില്‍: സെറ്റ് നിര്‍മിക്കാന്‍ മരം മുറിച്ചതിന് കേസ്

കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

യാഷ് നായകനായെത്തുന്ന ‘ടോക്‌സിക്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനഭൂമിയില്‍നിന്ന് നിയമവിരുദ്ധമായി മരം മുറിച്ചതിന് നിർമാതാക്കൾക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കനറാ ബാങ്ക് ജനറല്‍ മാനേജര്‍, ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗീതു മോഹൻദാസ് ആണ് ചിത്രത്തിന്റെ സംവിധായിക.

കര്‍ണാടക പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പീന്യയിലെ സ്ഥലം സന്ദര്‍ശിച്ച് വനനശീകരണത്തിന്റെ വ്യാപ്തി പരിശോധിച്ചിരുന്നു. ഉപഗ്രഹചിത്രങ്ങളും അദ്ദേഹം വിശകലനം ചെയ്തു. എച്ച്എംടി കൈവശപ്പെടുത്തിയ സ്ഥലം സംരക്ഷിത വനമായി പ്രഖ്യാപിച്ചിട്ടും സ്ഥലത്തെ മരം മുറിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

‘‘ടോക്‌സിക് സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലം ഞാന്‍ നേരിട്ട് സന്ദര്‍ശിച്ചു. നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിയമപരമായ അനുമതിയില്ലാതെ വനഭൂമിയില്‍ മരംമുറിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്,’’ അദ്ദേഹം വ്യക്തമാക്കി. ടോക്‌സിക്കിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് മരങ്ങള്‍ മുറിച്ചതായി മന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കെവിഎന്‍ പ്രോഡക്ഷന്‍സും മോണ്‍സറ്റര്‍ മൈന്‍ഡ് ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് ആണ് ചിത്രത്തിലെ നായകൻ. 2023ലാണ് ചിത്രം പ്രഖ്യാപിച്ചത്. 2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതുന്നു. മയക്കുമരുന്നു മാഫിയയുടെ കഥ പറയുന്ന ചിത്രം ആക്ഷന്‍-ഓറിയന്റഡ് സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബോളിവുഡ് നടി കരീന കപൂര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിലെ നായികയാരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.

എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തിയിരുന്നു. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി ‘തട്ടിയെടുത്ത’ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം.

Continue Reading

Film

അന്ന് വില്ലൻ ഇന്ന് നായകൻ !; സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും

Published

on

ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം ‘വരത്തൻ’ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ‘പ്രേമം’ത്തിലെ ഗിരിരാജൻ കോഴിയെയും ‘ഹാപ്പി വെഡ്ഡിംഗ്’ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലൻ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘അഞ്ചാം പാതിര’യിൽ ബെഞ്ചമിൻ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാൻ തന്നെ കുറച്ചധികം സമയം വേണ്ടിവന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് ‘ഹലോ മമ്മി’യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാൻ ഒരുങ്ങുന്നു. ‘ഹലോ മമ്മി’ ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending