ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ്(പി. ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിശബ്ദ അട്ടിമറിയിലൂടെ ഖാനെ പുറത്താക്കുകയും പുതിയ ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയും ചെയ്ത കരങ്ങള്‍ തന്നെയാണ് അദ്ദേഹത്തിനു നേരെ തോക്കു ചൂണ്ടിയതെന്ന് അനുയായികളില്‍ പലരും ഉറച്ചുവിശ്വസിക്കുന്നുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമാബാദിലേക്ക് മാര്‍ച്ച് തുടങ്ങുന്നതിന് മുമ്പ് പട്ടാള നേതൃത്വം നല്‍കിയ മുന്നറിയിപ്പിന് ഭീഷണിയുടെ സ്വരം കൂടിയുണ്ട്. തലസ്ഥാന നഗരിയില്‍ റാലി നടത്താന്‍ ഖാന് അവകാശമുണ്ടെങ്കിലും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. റാലിയോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് റാലിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അക്രമിയെ പിടികൂടിയിട്ടുണ്ടെങ്കിലും ഇമ്രാന്‍ ഖാനെ തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇന്നലെയുണ്ടായ ആക്രമണമെന്ന് പി.ടി.ഐ ആരോപിക്കുന്നുണ്ട്. 2008ല്‍ റാവല്‍പിണ്ടിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോള്‍ വെടിയേറ്റ് മരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വിധി തന്നെയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇമ്രാന്‍ ഖാനും കണ്ടുവെച്ചിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബേനസീര്‍ വധത്തെക്കുറിച്ചുള്ള അന്വേഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. അതിന് പിന്നില്‍ തീവ്രവാദികളാണെന്ന് ആരോപിച്ചതല്ലാതെ കുറ്റക്കാരെ കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആരും മുന്നോട്ടുവന്നില്ലെന്നത് ഇന്നും ദുരൂഹതയായി അവശേഷിക്കുന്നു. ഇമ്രാന്‍ ഖാനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കേണ്ട പ്രത്യേക സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.
സൈന്യത്തിന്റെ ആശീര്‍വാദത്തോടെ എതിരാളികള്‍ നടത്തിയ ഓപ്പറേഷനിലാണ് അദ്ദേഹത്തിന് അടിതെറ്റിയത്. അമേരിക്കയാണ് അതിന്് പിന്നിലെന്ന് ഖാന്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ രംഗപ്രവേശനത്തിന് ശേഷം കുറഞ്ഞ കാലം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കുകയും മുഖ്യധാരാ പാര്‍ട്ടികളെ നിഷ്പ്രഭരാക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്ത മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ സൈനിക നേതൃത്വമടക്കം പാകിസ്താനിലെ പലരും പേടിക്കുന്നുണ്ട്. പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷവും അദ്ദേഹത്തിന് ജനസമ്മിതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഖാന്‍ നടത്തുന്ന പ്രചാരണ റാലികള്‍ പാകിസ്താനെ ഇളക്കിമറിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ മുന്‍നിരയിലുള്ളത് പട്ടാള നേതൃത്വം തന്നെയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമായിരിക്കാമെന്നാണ് പി.ടി.ഐ വൃത്തങ്ങള്‍ പറയുന്നത്.