Connect with us

Culture

സിറിയയില്‍ വ്യോമാക്രമണം; നൂറിലേറെ മരണം

Published

on

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ സിറിയന്‍ സേന നടത്തിയ വന്‍ വ്യോമാക്രണങ്ങളില്‍ നൂറിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള പ്രദേശം തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയായാണ് വ്യോമാക്രമണം നടന്നത്.

Syrian children at a makeshift hospital in Douma following airstrikes.

20 കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടുമെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. 2013ല്‍ സൈനിക ഉപരോധം തുടങ്ങിയ ശേഷം മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. 24 മണിക്കൂറിനിടെ കിഴക്കന്‍ ഗൗത്വയിലെ ജനവാസ കേന്ദ്രങ്ങളിലെല്ലാം സിറിയന്‍ സേന ബോംബ് വര്‍ഷിച്ചു. അടുത്തതായി സൈന്യം പ്രദേശത്തേക്ക് ഇരച്ചുകയറാനുള്ള തയാറെടുപ്പിലാണ്. ജനവാസ കേന്ദ്രത്തില്‍ കണ്ടതിനുനേരെയെല്ലാം പോര്‍വിമാനങ്ങള്‍ തീ തുപ്പുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഡോക്ടര്‍ പറഞ്ഞു. നഗരത്തിലെ ആസ്പത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്യാവശ്യ മരുന്നുകളെല്ലാം തീര്‍ന്നുതുടങ്ങിയിട്ടുണ്ട്. വ്യോമാക്രമണത്തോടൊപ്പം കനത്ത ഷെല്‍വര്‍ഷവുമുണ്ടായി.

A woman and children run for cover following an attack on the rebel-held town of Hamouria, Eastern Ghouta on Monday.

മിനുട്ടില്‍ മുപ്പതോളം ഷെല്ലുകള്‍ പതിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദമസ്‌കസിനു സമീപം വിമത നിയന്ത്രണത്തിലുള്ള അവസാന പ്രദേശമാണ് കിഴക്കന്‍ ഗൗത്വ. നാലുലക്ഷത്തോളം പേര്‍ താമസിക്കുന്ന പ്രദേശം 2013 മുതല്‍ കടുത്ത ഉപരോധത്തിലാണ്. കിഴക്കന്‍ ഗൗത്വയിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മേഖലാ കോഓര്‍ഡിനേറ്റര്‍ പാനോസ് മോംസിസ് പറഞ്ഞു. നഗരവാസികള്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളിലും ഭൂഗര്‍ഭ ബങ്കറുകളിലും കുട്ടികളോടൊപ്പം അഭയം തേടേണ്ടിവന്നു. സാധാരണക്കാരെ കൊലപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് ഏറെ ഭീകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യോമാക്രമണങ്ങളെ അമേരിക്കയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര മൗനമാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Film

‘1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്’: മോഹന്‍ലാല്‍

Published

on

സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. “തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്, ഒപ്പം ഭാഗ്യവും. ഒരുപാട് നാള്‍ മുന്‍പ് തുടങ്ങിയതാണ്. റിലീസ് ആയതോടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്”, മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ചിത്രം ഇപ്പോഴാണ് എത്തുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. ബറോസ് റിലീസില്‍ മോഹന്‍ലാലിന് ആശംസയുമായി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും എത്തിയിരുന്നു.

Continue Reading

Film

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന്‍ ഇംതിയാസ് അലി

തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Published

on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ച് വിഖ്യാത ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. ‘ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ എന്ന് പേരിട്ട സിനിമ ബോളിവുഡിലേക്കുള്ള ഫഹദ് ഫാസിലിന്റെ നായക അരങ്ങേറ്റമായിരിക്കും. ഈയടുത്ത് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

‘സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു, എന്നാൽ പ്രഖ്യാപനം ഏറെ നേരത്തെയാണ്. ഒരു സിനിമ താൻ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്, അടുത്ത സിനിമയാകുമോ അതിനടുത്ത സിനിമയാണോ എന്നറിയില്ല, എന്നാൽ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്’ എന്നായിരുന്നു ഇംതിയാസ് അലി പറഞ്ഞത്. 2025ലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്.

അനിമൽ, ഭൂൽ ഭുലയ്യ ത്രീ, ബുൾബുൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജബ് വി മെറ്റ്, തമാഷ, ഹൈവേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദിൽജിത്ത് ദോസഞ്ചും പരിണീതി ചൊപ്രയും അഭിനയിച്ച അമർസിങ് ചംകീല ആയിരുന്നു ഇംതിയാസ് അലിയുടെ അവസാന സിനിമ. സിനിമയിൽ ഫഹദ് ഫാസിൽ ഒരു ശ്രദ്ധേയ വേഷത്തെ അവതരിപ്പിച്ചിരുന്നു.

Continue Reading

Film

 ‘മാർക്കോ’ തെലുങ്ക് റൈറ്റ്‌സിനു റെക്കോർഡ് തുക

Published

on

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മാർക്കോ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദൻ എന്ന താരത്തെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ബെഞ്ച് മാർക്ക് ചിത്രം കൂടിയാണ് മാർക്കോ. ചിത്രത്തിന്റേതായി പുറത്തു വരുന്ന പ്രോമോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ വിശേഷണവുമായിട്ടാണ് മാർക്കോയുടെ പുതിയ സക്സസ് ടീസർ അണിയറപ്രവത്തകർ പുറത്തു വിട്ടത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദർശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. മാർക്കോയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ്.

അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Continue Reading

Trending