പൂത്തൂര്‍ റഹ്മാന്‍
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാരാന്ത അവധി ദിനങ്ങളില്‍ യു.എ.ഇ സന്ദര്‍ശിക്കുകയാണ്. ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലായി വന്‍ സ്വീകരണ പരിപാടികളും ആദരവിരുന്നുകളുമാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ദുബായ് നഗരത്തിന്റെ പൗരാണിക മുദ്രപേറുന്ന ദേരയില്‍ ഒരുക്കുന്ന ആദരവിരുന്നാണ് പര്യടന പരിപാടികളില്‍ ആദ്യത്തേത്. തങ്ങളെ അനുഗമിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പര്യടനങ്ങളില്‍ സന്നിഹിതനായിരിക്കും. വിവിധ പ്രവാസസംഘടനകളുടെ നേതൃത്വവും കെ.എം.സി.സിയുടെ മുഴുവന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കുന്ന വിരുന്നില്‍ തങ്ങള്‍ക്ക് വിവിധ തുറകളിലുള്ളവര്‍ ആദരാര്‍പ്പണം നടത്തും. വിരുന്നിലെ മുഖ്യാതിഥി എം.എ യൂസുഫലി ഉള്‍പ്പെടെ പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം സയ്യിദ് സാദിഖലി ശിഹാബിനെ കേള്‍ക്കാനും കൂടിക്കാഴ്ച നടത്താനുമായെത്തും. ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലും തിങ്കളാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും സ്വീകരണസമ്മേളനങ്ങള്‍ നടക്കും. മുഴുവന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് ഓരോ സംഗമങ്ങളും ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായി ആരംഭിക്കുകയും ഇപ്പോള്‍ പ്രവാസ ലോകത്തെ തുല്യതയോ പകരമോ ഇല്ലാത്ത സന്നദ്ധസേനയായി നിലകൊള്ളുകയും ചെയ്യുന്ന കെ. എം.സി.സിയുടെ യു.എ.ഇയിലെ ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടിയുടെ മഹാന്മാരായ നേതാക്കള്‍ നടത്തിയ ഔദ്യോഗികവും അനൗപചാരികവുമായ സന്ദര്‍ശനങ്ങളിലൂടെയാണ് സംഘടന രൂപപ്പെട്ടതും വളര്‍ന്നതും പന്തലിച്ചതുമെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. മലയാളി മുസ്‌ലിം വെല്‍ഫയര്‍ സെന്റര്‍ എന്ന പേരില്‍ 1974ല്‍ അുദാബിയിലും ചന്ദ്രിക റീഡേഴ്‌സ് ഫോറമെന്ന പേരില്‍ ഇതര എമിറേറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയതാണ് മുസ്‌ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മകള്‍. ഗള്‍ഫിലെങ്ങും ഒരേ പേരിലാവണം പോഷകസംഘടന എന്ന തീരുമാന പ്രകാരം ആദ്യം ചന്ദ്രിക റീഡേഴ്‌സ് ഫോറമാണ് രൂപീകരിക്കപ്പെട്ടത്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികക്ക് വേണ്ടി ഷെയര്‍ പിരിക്കലും ചന്ദ്രികയുടെ കടം തീര്‍ക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ സ്വരുക്കൂട്ടലുമായിരുന്നു ആദ്യ നാളുകളിലെ പ്രധാന പ്രവര്‍ത്തനം. മുസ്‌ലിംലീഗ് നേതാക്കളായ സി.എച്ച് മുഹമ്മദ്‌കോയ, ഇബ്‌റാഹിം സുലൈമാന്‍ സേട്ട്, ബി.വി അബ്ദുല്ലക്കോയ, പി. സീതിഹാജി തുടങ്ങിയവര്‍ ആദ്യമായി യു.എ.ഇയില്‍ എത്തിയതും അവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടികളും ഇപ്പോഴും അക്കാലത്തെ പ്രവര്‍ത്തകരുടെ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്.
1984ലെ ഓര്‍മയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം. തങ്ങളുടെ കൂടെ ഇ. അഹമ്മദാണുണ്ടായിരുന്നത്. ഫുജൈറ ഭരണാധികാരിയുമായുള്ള അവരുടെ കൂടിക്കാഴ്ച ദീവാനില്‍ വച്ചായിരുന്നു. ഇ. അഹമ്മദിനെ തങ്ങള്‍ ഫുജൈറ ഭരണാധികാരിക്കു പരിചയപ്പെടുത്തിയത് നാട്ടില്‍ വ്യവസായം കൊണ്ടുവന്ന മന്ത്രി എന്നായിരുന്നു. അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയായ അഹമ്മദുമായി ശൈഖ് വളരെ നേരം സംസാരിച്ചു. തങ്ങള്‍ വരുമ്പോഴെല്ലാം ശൈഖ് വിരുന്നൊരുക്കി സല്‍ക്കരിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി സ്ഥാപനങ്ങളുടെയും ദൗത്യങ്ങളുടെയും വിജയത്തിനും വേണ്ട പോഷകാംശമെത്തിക്കുന്ന കീഴ്ഘടകമായാണ് അക്കാലത്തെ ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവര്‍ത്തിച്ചത്. 1980ലെ ഭാഷാസമരത്തിന്റെ ഇരകളെയും രക്തസാക്ഷികളുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും നിര്‍ലോഭം സഹായം ചൊരിയാന്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന് സാധിച്ചു.
1985ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും അഖിലേന്ത്യാ മുസ്‌ലിംലീഗും ഐക്യപ്പെടാന്‍ തീരുമാനിച്ചതോടെ ഗള്‍ഫിലെ പോഷകസംഘടനകളും ഒന്നാവണമെന്ന നിര്‍ദ്ദേശമുണ്ടായി. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി) എന്ന പേര് സ്വീകരിച്ചു ഒരൊറ്റ സംഘടനയായി പ്രവാസലോകത്തെ ലീഗണികള്‍ സംഘടനാ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇപ്പോഴത്തെ കെ.എം.സി.സി അതോടെ ജന്മം കൊണ്ടു. ലയനശേഷം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും യു.എ.ഇ സന്ദര്‍ശിച്ചു. ഐക്യത്തിന്റെ ആവേശത്തോടെ പ്രവര്‍ത്തകര്‍ നേതാക്കളെ വരവേറ്റു. സി.എച്ച് മുഹമ്മദ് കോയയുടെ ആദ്യ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുപോയ അവസരത്തില്‍തന്നെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുമതിയോടെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിനൊരു കേന്ദ്ര കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. മഠത്തില്‍ മുസ്തഫ പ്രസിഡന്റ് പദവി വഹിച്ച പ്രസ്തുത കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ യു.എ.ഇയിലെങ്ങും വ്യാപകമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തിപ്പോന്നിരുന്നു. അതേ മാതൃകപിന്തുടര്‍ന്ന് കെ.എം.സി.സിയും കേന്ദ്ര കമ്മിറ്റിയും വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളായും പ്രവര്‍ത്തനം തുടര്‍ന്നു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പ്രവാസ ലോകത്തേക്കു സന്ദര്‍ശനങ്ങള്‍ നടത്തുകയും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. അതേ പാരമ്പര്യവും അനുഗ്രഹാശിസ്സുകളുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും യു.എ.ഇയിലെക്കെത്തുന്നു. ചരിത്രം ആവര്‍ത്തിക്കുകയാണിവിടെ. അഭൂതപൂര്‍വവും സഫലതകളേറെയുള്ളതുമായ കേരളയാത്രക്കു ശേഷമാണ് സംസ്ഥാന മുസ്‌ലിം ലീഗധ്യക്ഷന്‍ പ്രവാസ മണ്ണിലെത്തുന്നത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച സൗഹൃദ സന്ദേശയാത്രക്ക് കേരളമൊട്ടുക്കും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ല എന്നു തമാശക്കു പറയാറുള്ള ദുബായിലേക്കു തങ്ങളെത്തുമ്പോള്‍ അതേ യാത്ര തന്നെയാണ് തുടരുന്നത്. നാനാജാതി മതസ്ഥരുടെയും പരിപൂര്‍ണ സഹകരണവും സന്തോഷവും ഏറ്റുവാങ്ങിയാണ് കേരളത്തിലെ തങ്ങളുടെ ജൈത്ര യാത്രയവസാനിച്ചത്. സൗഹൃദ സംഗമവേദികളില്‍ പങ്കെടുത്തു പ്രസംഗിച്ച എല്ലാവരും; അവര്‍ ഹിന്ദുവാവട്ടെ ക്രിസ്ത്യനാവട്ടെ മുസ്‌ലിമാവട്ടെ ഐക്യപ്പെടലിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടിയത്. അതു സൂചിപ്പിക്കുന്നത് തങ്ങളുടെ ആ യാത്ര സമകാലികമായ ഏറ്റവും ഉന്നതമായ ചുവടായിരുന്നു എന്നതാണ്. എല്ലാവരും ആവശ്യപ്പെട്ടത് ഈ യാത്ര ഇവിടെ അവസാനിപ്പിക്കരുത്, യാത്ര തുടര്‍ന്നുകൊണ്ടിരിക്കണം, ഇത്തരം ഐക്യസംഗമങ്ങള്‍ക്കു സ്ഥിരംസംവിധാനം വേണം എന്നൊക്കെയാണ്. ഒരര്‍ഥത്തില്‍ ആ യാത്രയുടെ തുടര്‍ച്ച തന്നെയാണ് മഹാനായ തങ്ങളുടെ യു.എ. ഇ പര്യടനവും. സഹിഷ്ണുതയുടെ ഒരു വര്‍ഷക്കാലം ആചരിച്ച യു.എ.ഇയുടെ മണ്ണില്‍ തങ്ങളെത്തുമ്പോള്‍ സഹവര്‍ത്തിത്വത്തിന്റെ മഹത്തായ ആശയം മുന്നില്‍വച്ചാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നോട്ടുനീങ്ങുന്നതെന്ന വസ്തുത രാജ്യന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. വര്‍ത്തമാനകാല ഇന്ത്യയിലെ വെറുപ്പിന്റെ രാഷ്ട്രീയം സാംസ്‌കാരിക ധ്രുവീകരണത്തിനും മൂല്യച്യുതിക്കും ആക്കം കൂട്ടുമ്പോള്‍ ഇത്തരം സംഗമങ്ങള്‍ മതേതരത്വത്തിന്റെ പൈതൃകത്തെയാണ് കാത്തുസൂക്ഷിക്കുക. മൈത്രിയുടെ കാവല്‍പുരയായ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും തുടക്കമിടുന്ന യാത്രകള്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കപ്പുറമുള്ള വിശാലവും മാനവികവുമായ സ്‌നേഹസന്ദേശമുണ്ട്. ആ പരിമളം പ്രവാസലോകത്തും പരക്കാന്‍ തങ്ങളുടെ യു.എ.ഇ പര്യടനം കൊണ്ടാവുമെന്നതാണ് കെ.എം.സി.സി പ്രവര്‍ത്തകരെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.