X
    Categories: keralaNews

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

തിരുവനന്തപുരം: വൈദ്യുതോപഭോഗത്തിന് മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ വീടുകളില്‍ ഘടിപ്പിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നിലവില്‍ വരും. 200 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് ഇതിന് കീഴില്‍ വരിക. സംസ്ഥാനത്തെ 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 4 വര്‍ഷം കൊണ്ട് സ്മാര്‍ട്ട് മീറ്റര്‍ നല്‍കും. മൊബൈല്‍ പ്രീപെയ്ഡ് സംവിധാനം പോലെ കെ.എസ്.ഇ.ബി. അംഗീകൃത ആപ് മുഖേനയാവും ഇനിമുതല്‍ സ്മാര്‍ട്ട് മീറ്ററില്‍ വൈദ്യുതി ഷെഡ്യൂള്‍ ചെയ്യേണ്ടത്. ആവശ്യമായ യൂണിറ്റുകള്‍ക്ക് മാത്രം ഉപഭോക്താക്കള്‍ മുന്‍കൂര്‍ പണമടച്ചാല്‍ മതി.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ ഉപഭോക്താക്കള്‍ക്കും വ്യവസായ., വാണിജ്യ ഉപഭോക്താക്കള്‍ക്കും 2023-നകം സ്മാര്‍ട്ട് മീറ്ററുകള്‍ കേന്ദ്രം മീറ്ററിംഗ് ചട്ടം ഭേദഗതി ചെയ്ത് നിര്‍ബന്ധമാക്കിയിരുന്നു. പത്തുവര്‍ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച് പരിശോധിക്കുന്നതിന്റെയും ഇതിനെ കെ.എസ്.ഇ.ബി. കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഘടിപ്പിക്കുന്നതിന്റെയും ചിലവ് പ്രതി മീറ്ററിന് 6000 രൂപയായാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 15 ശതമാനം കേന്ദ്രവിഹിതമായി ലഭിക്കും. പദ്ധതിക്കായി സ്മാര്‍ട്ട് മീറ്ററുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് വാങ്ങി നല്‍കുക. കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറി അലോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗം കേരളത്തില്‍ പദ്ധതി അടങ്കല്‍ മാറ്റം അംഗീകരിച്ചു.

കേന്ദ്രപദ്ധതി പൊതുഉപദേഷ്ടാക്കളായി കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനേയും സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുന്നതിന് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനേയും അംഗീകാരം നേടിയ കണ്‍സള്‍ട്ടന്റുമാരായി നിയമിച്ചു. കേന്ദ്രമാനദണ്ഡപ്രകാരം ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി സമര്‍പ്പിച്ച സംസ്ഥാനങ്ങളില്‍ കേരളം പെടുന്നു. സംസ്ഥാന ഗ്രിഡില്‍ വൈദ്യുതി പ്രസരണ വിതരണ നഷ്ടം 10 ശതമാനത്തില്‍ താഴെ എത്തിക്കാനും പ്രതി യൂണിറ്റ് നഷ്ടം 30 പൈസയില്‍ നിന്ന് പൂജ്യമാക്കി കെ.എസ്.ഇ.ബി. അടക്കമുള്ള 40-ലധികം പൊതുമേഖലാ വിതരണ കമ്പനികളുടെ നഷ്ടം ഒഴിവാക്കാനുമുള്ളതാണ് കേന്ദ്ര വിതരണ പരിഷ്‌കാരപദ്ധതി.

Chandrika Web: