Connect with us

kerala

2000 രൂപ വന്നിരുന്നവര്‍ക്ക് അറുപതിനായിരം രൂപ വരെ വൈദ്യുതി ബില്‍; കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധം

തൊടുപുഴ, വേങ്ങല്ലൂര്‍ ഭാഗങ്ങളിലുള്ള മുന്നൂറോളം പേര്‍ക്കാണ് ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കിയത്.

Published

on

തൊടുപുഴയില്‍ കെ.എസ്.ഇ.ബിയുടെ ബില്ലടിക്കല്‍ തോന്നുംപടിയെന്ന് പരാതി. 2000 രൂപ ബില്‍ വന്നിരുന്നവര്‍ക്ക് അറുപതിനായിരം രൂപ വരെ ബില്‍ തുക വന്നതായി വിമര്‍ശനം.
നൂറുകണക്കിന് പേരാണ് ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് ബില്‍ വന്നു എന്ന പരാതിയുമായി സമീപിച്ചത്. തൊടുപുഴ കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

തൊടുപുഴ, വേങ്ങല്ലൂര്‍ ഭാഗങ്ങളിലുള്ള മുന്നൂറോളം പേര്‍ക്കാണ് ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേരും ആയിരം രൂപയില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്.

ശരാശരി ആയിരം രൂപയാണ് ഇവരുടെ വൈദ്യുതി നിരക്ക്. വേനല്‍ക്കാലത്ത് പല വീടുകളിലും എസി ഉപയോഗം വര്‍ദ്ധിച്ചിരുന്നു. എ.സി. ഉപയോഗിച്ചതിനാലാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിച്ചത് എന്ന് തെറ്റിദ്ധരിച്ച് ഈ ബില്‍ അടച്ചവരുമുണ്ട്.

മീറ്റര്‍ റീഡിങ് എടുക്കാനെത്തിയവര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും റീഡിങ്ങില്‍ സംഭവിച്ച പിഴവാണെന്നുമാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇപ്പോള്‍ ലഭിച്ച ബില്‍ അടയ്‌ക്കേണ്ടതില്ലെന്നും ശരാശരി ലഭിക്കാറുള്ള തുക മാത്രം അടച്ചാല്‍ മതിയെന്നും കെ.എസ്.ഇ.ബി. ഉറപ്പു നല്‍കിയിട്ടുണ്ട്.

 

kerala

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.

അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട് .

Continue Reading

kerala

കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന സംഭവം; 12 വയസുകാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും

പെണ്‍കുട്ടിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം

Published

on

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ 12 വയസുകാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും. പെണ്‍കുട്ടിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പിലും ഹാജരാക്കും.

രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും ഏകമകളാണ് കുഞ്ഞ്. ക്വാര്‍ട്ടേഴ്‌സിലെ നടുമുറിയില്‍ ഇവര്‍ക്കൊപ്പം മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് മൂന്നുമാസം മുന്‍പ് മരിച്ചിരുന്നു. അമ്മ നേരത്തേ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന പന്ത്രണ്ടുകാരിയുടെ സംശയമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളില്‍ ചെന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പാപ്പിനിശ്ശേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending