സക്കീര്‍ താമരശ്ശേരി
സര്‍വ്വത്ര അട്ടിമറിയാണ് ഗോവന്‍ രാഷ്ട്രീയത്തില്‍. ഇതിനെല്ലാം ചുക്കാന്‍പിടിക്കുന്നത് ബി.ജെ.പിയും. ആദ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറിച്ചിട്ട് സര്‍ക്കാരുണ്ടാക്കി. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടെ പുലര്‍ച്ചെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഇപ്പോള്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പിയില്‍ ലയിപ്പിച്ചു. അധികാരക്കൊതി മൂത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യപ്പെടുകയാണിവിടെ. ഈ നീക്കങ്ങളെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്നുറപ്പ്.
ഇത് ചെറുത്
ആകെയുള്ളത് രണ്ട് മണ്ഡലങ്ങള്‍. വോട്ടര്‍മാര്‍ 11.31 ലക്ഷവും. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ആവേശത്തിനൊട്ടും കുറവില്ല ഗോവയില്‍. അധികാരത്തിലേക്കുള്ള വഴിയില്‍ ഒരോ സീറ്റും നിര്‍ണായകം. ഗോവന്‍ രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങള്‍ക്കും കാതോര്‍ക്കുന്നുണ്ട് ദേശീയ രാഷ്ട്രീയവും. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതിനാല്‍ പോരാട്ടത്തിന് മാനമേറെ. 2014 ല്‍ രണ്ടിടത്തും വിജയിച്ചത് ബി.ജെ.പിയാണ്. വടക്കന്‍ ഗോവയില്‍ ഷിര്‍പാദ് യെസോസോ നായിക്കും (ഭൂരിപക്ഷം 105,599), ദക്ഷിണ ഗോവയില്‍ നരേന്ദ്ര കേശവ് സ്വവേയ്ക്കറും (32,330). മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23നാണ് ഗോവയും ബൂത്തിലെത്തുക. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.
പോരാളികള്‍ റെഡി
പുതുമുഖത്തിനും പരിചയസമ്പത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. വടക്കന്‍ ഗോവയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോദന്‍ക്കറും ദക്ഷിണ ഗോവയില്‍ മുന്‍മുഖ്യമന്ത്രി ഫ്രാന്‍സികോ സര്‍ദിന്‍ഹയും ജനവിധി തേടും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഗിരീഷ് ചോദന്‍ക്കറിന് ലോക്‌സഭയിലേക്ക് കന്നിയങ്കം. എന്‍.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നുവന്ന നേതാവ്.
പനാജി ഉപതെരഞ്ഞെടുപ്പില്‍ 2017 ല്‍ പരീക്കറിനെതിരെ മല്‍സരിച്ചെങ്കിലും തോല്‍വി രുചിച്ചു. അഞ്ചു തവണ എം.എല്‍.എ ആയിരുന്നു ഫ്രാന്‍സികോ സര്‍ദിന്‍ഹ. 1998 ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 14-ാം ലോക്‌സഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തി. 2009ല്‍ വീണ്ടും എം.പി ആയി. ഇവരിലൂടെ രണ്ടു സീറ്റുകളും തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും. അങ്കത്തട്ടില്‍ സിറ്റിങ് എം.പിമാര്‍ തന്നെ. വടക്കന്‍ ഗോവയില്‍ ഷിര്‍പാദ് യെസോസോ നായിക്കും ദക്ഷിണ ഗോവയില്‍ നരേന്ദ്ര കേശവ് സ്വവേയ്ക്കറും.
പരീക്കറില്ലാത്ത ബി.ജെ.പി
ഗോവയില്‍ ബി.ജെ.പിയുടെ മേല്‍വിലാസം മനോഹര്‍ പരീക്കറായിരുന്നു. അസുഖ ബാധിതനായിട്ടും പരീക്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ബി.ജെ.പി വിട്ടില്ല. അര്‍ബുദരോഗത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17നാണു മരിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നാണു മുഖ്യമന്ത്രിയാക്കി മടക്കികൊണ്ടുവന്നത്. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ആ വിടവ് എങ്ങനെ നികത്തുമെന്ന് ബി.ജെ.പിക്ക് ചോദ്യചിഹ്നമാണ്. വളരെ ചെറിയ മാര്‍ജിനിലുള്ള ബി.ജെ.പി സര്‍ക്കാരാണ് നിലവില്‍ ഗോവ ഭരിക്കുന്നത്. മൂന്നു സീറ്റുകള്‍ കൂടി നേടി ശക്തി വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ഇവ തിരിച്ചുപിടിച്ച് ഭരണം തന്നെ നേടാനാകും കോണ്‍ഗ്രസിന്റെ നീക്കം.
ഉപതെരഞ്ഞെടുപ്പ്
ഷിരോദ, മാന്‍ഡ്രെം, മാപുസ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പരീക്കറിന്റെ മണ്ഡലമായ പനാജിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയതോടെയാണ് ഷിരോദ, മാന്‍ഡ്രെം എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാപുസയില്‍ ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെയും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡിസൂസ അന്തരിച്ചത്. മാന്‍ഡ്രെവും മാപുസയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ഗോവ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. ഷിരോദ ദക്ഷിണ ഗോവയിലും. 2014 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗോവയില്‍ റെക്കോര്‍ഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 76.82 ശതമാനം.
പോളിങ് കൂടും
മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ലോക്‌സഭാ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് സൂചന. ഗോവയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ആവശ്യമാണ് എന്നത് ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ വോട്ടു ചെയ്യാനെത്തും. നിലവില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബി.ജെ.പി – 12, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) – 3, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) – 3, സ്വതന്ത്രര്‍ – 3. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 14 അംഗങ്ങളും. എന്‍.സി.പിക്ക് ഒരു സീറ്റും. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാടകീയ നീക്കങ്ങളിലൂടെ കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പ് നേടിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകം.
പാതിരാത്രിയിലെ അട്ടിമറി
പാതിരാത്രിയിലെ നാടകീയ നീക്കത്തില്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജെപി)യുടെ രണ്ട് എം.എല്‍.എമാരെ ബി.ജെ.പി അടര്‍ത്തിമാറ്റി. 2012 മുതല്‍ ബി.ജെ.പി സഖ്യകക്ഷിയാണ് എം.ജെ.പി. എം.എല്‍.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ലയിച്ചെന്നാണ് വിശദീകരണം. മൂന്നില്‍ രണ്ട് എം.എല്‍.എമാരും പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വാദം. ഇതോടെ നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 12 ല്‍ നിന്നും 14 ആയി ഉയര്‍ന്നു. എം.ജെ.പിയുടെ മൂന്നാമത്തെ എം.എല്‍. എയും ഉപമുഖ്യമന്ത്രിയുമായിരുന്ന സുധീന്‍ ധാവലീക്കര്‍ കത്തില്‍ ഒപ്പുവച്ചില്ല. പിന്നാലെ മന്ത്രിപദത്തില്‍ നിന്ന് ധാവലീക്കറെ പുറത്താക്കി. സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ധാവലീക്കറിനു ബി.ജെ.പി ഉപമുഖ്യന്ത്രി പദം നല്‍കിയത്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ അംഗബലത്തിന് ഒപ്പമെത്താനുള്ള ബി.ജെ.പിയുടെ നാണംകെട്ട കളി.
നല്ല അവസരം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ശക്തി തെളിയിക്കാനുള്ള അവസരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറി മാറി തുണച്ചിട്ടുള്ള സംസ്ഥാനമാണിത്. അതിനാല്‍ കോണ്‍ഗ്രസിന് ബാലികേറാമലയല്ല. മുന്‍ മുഖ്യമന്ത്രി ദികംബര്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രചാരണ കമ്മിറ്റിയെയാണ് ഗോവ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്നതോടെ പോരാട്ടത്തിനു ചൂടേറും.
ചിതാഭസ്മവും
പ്രചാരണായുധം
മനോഹര്‍ പരീക്കറുടെ ചിതാഭസ്മം പോലും വിറ്റ് വോട്ടാക്കുകയാണ് ബി.ജെ.പി. കാടിളക്കിയ പ്രചാരണത്തോടെ സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളിലും ചിതാഭസ്മം ഒഴുക്കി. സംഭവം വിവാദമായിക്കഴിഞ്ഞു. ചടങ്ങുകളെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയനേട്ടത്തിനു വേണ്ടി നീചമായ പ്രവര്‍ത്തിയാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നു വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്ന പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്നു വര്‍ഷം പ്രതിരോധമന്ത്രിയായി ചുമതല വഹിച്ചിരുന്നു. പരീക്കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെച്ച കലാ അക്കാദമിയില്‍ ശുദ്ധിക്രിയ നടത്തിയതും വിവാദമായിരുന്നു.