സംസ്ഥാനത്തിന്റെ ക്രമസമാധാന രംഗം എവിടെയെത്തിച്ചേര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളപ്പെ ടുത്തലാണ് ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ ചവിട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ട സംഭവം. നാട്ടില്‍ സൈ്വര്യ ജീവിതം ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട ക്രമസമാധാന ഉദ്യോഗസ്ഥരുടെ ജീവന്‍ പോലും അപകടത്തിലാകുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിത്തീര്‍ന്നിരിക്കുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ലഹരിയുടെയും തട്ടുകടക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയിലേക്ക് എത്തിയ സിവില്‍ പൊലീസ് ഓഫീസറെയാണ് അക്രമി ചവി ട്ടിക്കൊന്നത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാം പ്രസാദാ(44)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എം.സി. റോഡില്‍ തെള്ളകത്തെ ബാര്‍ ഹോട്ടലിനു സമീപം സിഗരറ്റും നാരങ്ങാവെള്ളവുമൊക്കെ വില്‍ക്കുന്ന രണ്ടു തട്ടുകടകള്‍ക്കു സമീപമായിരുന്നു സംഭവം. കടകളില്‍ ഒന്നിന്റെ ഉടമ സ്ത്രീയാണ്, സമീപത്തെ കടയില്‍ നിന്ന് ജിബിന്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയത്താണ്, കുട മാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശ്യാം ഇവിടേയ്‌ക്കെത്തുന്നത്. ശ്യാമിനെ കണ്ടതോടെ, പരിചയമുള്ള കടയുടമയായ സ്ത്രീ പൊലീസ് എത്തിയെന്നും പ്രശ് നമുണ്ടാക്കിയാല്‍ അകത്തുപോകുമെന്നും പറഞ്ഞു. പ്രകോപിതനായ ജിബിന്‍ സ്ത്രീയെയും സഹോദരനെയും മര്‍ദിച്ചു. തടയാനെത്തിയ ശ്യാം പ്രസാദിനെ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ആവര്‍ത്തിച്ചു ച വിട്ടുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.
എത്രമാത്രം അപകടകരമായ നിലയിലാണ് നമ്മുടെ സാമൂഹികാന്തരീക്ഷം നിലകൊള്ളുന്നതെന്ന് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാമോരോരുത്തരേയും ഇരുത്തിച്ചിന്തിപ്പിക്കുകയാണ്. ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്‍ മനുഷ്യ ജീവനുകള്‍ ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്‍ എത്രമേല്‍ ആസുരവും ആപല്‍കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.
ജോലിയുടെയും സൗന്ദര്യത്തിന്റെയും പേരില്‍ ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ബിരുദവും ഡിപ്ലോമയും കഴിഞ്ഞ അഭ്യസ്ഥവിദ്യയായ പെണ്‍കുട്ടി വീടിന്റെ ജനാലക്കമ്പിയില്‍ ജീവനൊടുക്കിയ വാര്‍ത്ത പുറംലോകമറിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. താന്‍ ആഗ്രഹിച്ച രീതിയിലുള്ള ജീവിതത്തിന് തടസമാകുമെന്ന് കരുതി രണ്ടുവയസുമാത്രം പ്രായമുള്ള കു ഞ്ഞിനെ സ്വന്തം അമ്മാവന്റെ സഹായത്തോടെ യുവതി എറിഞ്ഞുകൊന്നതും മാതാപിതാക്കളെ വീട്ടിനകത്തിട്ട് മകന്‍ കത്തിച്ചുകളഞ്ഞതും എല്ലാം ഈ ഒരാഴ്ച്ചക്കുള്ളില്‍ കേരളത്തിന് കേള്‍ക്കേണ്ടി വന്ന സംഭവങ്ങളാണ്. ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയുമൊക്കെ എണ്ണത്തില്‍ കേരളത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തെ സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആത്മഹത്യകള്‍ ഞെട്ടിക്കുന്ന തോതിലാണ്. 2013ല്‍ കേരളത്തില്‍ 8646 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2023 ല്‍ അത് 10972 ആയാണ് ഉയര്‍ന്നത്. അതായത് 27 ശതമാനം വര്‍ധന. തുടരെത്തുടരെയുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതാക്കിയും ഒതുക്കിത്തീര്‍ത്തും എത്ര കാലം മുന്നോട്ടുപോകാന്‍ കഴിയുമെന്നത് ഭരണകൂടവും പൊതുസമൂഹവുമെല്ലാം ഒരുപോലെ ആലോചനകള്‍ക്ക് വിധേയമാക്കേണ്ടതാണ്.
സ്വയം കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ അതെല്ലാം വിധിക്ക് വിട്ടുകൊടുത്ത് കണ്ണുമടച്ചിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ നിയമപാലകന്റെ കൊലപാതകം. ലഹരിയുടെ അടിമത്വത്തില്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുമ്പോള്‍ മാതാപിതാക്കളും കൂടപ്പിറപ്പുകളും മാത്രമല്ല, നിയമവും നീതിയുമെല്ലാം അസ്ഥാനത്തായി മാറുകയാണ്. യുവാക്കളില്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികളിലൂടെ വരെ ലഹരി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള കാരണമായി പ്രത്യക്ഷമായോ പരോക്ഷമായോ ലഹരി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതികൂലമായ സാഹചര്യത്തില്‍ ലഹരിയുടെ ഒഴുക്കിന് തടയിടുകയും അതിന്റെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ഏക പരിഹാരം. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്തത്തോടെ നടക്കേണ്ട ഒരു യജ്ഞമായി അത് രൂപപ്പെടേണ്ടതുണ്ട്.
എന്നാല്‍ നമ്മുടെ ഭരണകൂടം അത്തരത്തിലുള്ള എന്തെങ്കി ലും നീക്കങ്ങള്‍ നടത്താന്‍ താലപര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ലഹരിയുടെ ഒഴുക്കിന് ശക്തമായ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയുമാണ്. ബൂവറി വിവാദവും സര്‍ക്കാറിന്റെ മദ്യ നയങ്ങളുമെല്ലാം ഇതിന്റെ തെളിവാണ്. ധൂര്‍ത്തും അഴിമതിയും കാരണം കാലിയായിപ്പോയ ഖജനാവ് എങ്ങി നെയെങ്കിലും നിറക്കാനുള്ള ശ്രമത്തില്‍ കണ്ണും കൈയുമില്ലാത്ത തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ടുപോവുമ്പോള്‍ അതിന്റെറെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് ഒരു നാട് ഒന്നാകെയാണെന്നത് ഭരണകൂടം മറന്നുപോകരുത്. ലഹരിയുടെ അഴിഞ്ഞാട്ടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുതന്നെ ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ കുത്തഴിഞ്ഞുപോയ ക്രമസമാധാനാന്തരീക്ഷത്തെക്കുറിച്ചും ഭീതിതമായ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാറിനെ അസ്വസ്ഥമാക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.