Connect with us

Video Stories

സെമി ഫൈനലിലേക്ക്

Published

on

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മധ്യപ്രദേശിലും മിസോറാമിലും രാജസ്ഥാനിലും തെലുങ്കാനയിലും ഒറ്റഘട്ടമായും ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലപ്രഖ്യാപനവും നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ബൂത്ത് സജ്ജീകരിക്കും. കര്‍ണാടകയിലെ ബെല്ലാരി, മാണ്ഡ്യ, ഷിമോഗ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നവംബര്‍ മൂന്നിന് നടക്കുന്നുണ്ട്.
മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും നിലവില്‍ ബിജെപി യുടെ കീഴിലാണ്. തെലുങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ കോണ്‍ഗ്രസും അധികാരത്തിലിരിക്കുന്നു. അധികാരത്തിലേറിയ ശേഷം ഏറ്റവും പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. റഫാല്‍ വിവാദം, ഇന്ധന വില വര്‍ദ്ധന, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പില്‍ മറുപടിയില്ലാതെ നില്‍ക്കുമ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലും ശക്തമായ ഭരണ വിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്.
കര്‍ഷക ആത്മഹത്യയും ബി.ജെ.പിയിലെ അസ്വാരസ്യവും രാജസ്ഥാനില്‍ പാര്‍ട്ടിയെ കനത്ത പ്രതിരോധത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. വിളകള്‍ക്ക് മികച്ച വില ലഭിക്കാതായതും സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയം സ്വീകരിച്ചതും കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 150 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഇവിടെ സമരത്തിലാണ്. ഇതിനു പുറമെ ബി.ജെ.പി ദേശീയ നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള അസ്വാരസ്യം സംസ്ഥാനത്ത് പരസ്യമാണ്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ. രാജസ്ഥാനിലെ രാജ്‌സമന്ദിലെ ചര്‍ഭുജാനാഥില്‍ ഒരു കര്‍ഷക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏറ്റവുമൊടുവില്‍ ഇരുവരും വേദി പങ്കിട്ടത്. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബി.ജെ.പി.ക്ക് ലഭിച്ച സംസ്ഥാനത്ത് പിന്നീട് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ഒന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിടുന്നത്. 2003 മുതല്‍ മധ്യപ്രദേശില്‍ ബിജെപിയാണ് ഭരിക്കുന്നത്. ആള്‍കൂട്ട ആക്രമണം, പശുവിനെ കടത്തിയെന്നാരോപിച്ചുള്ള കൊലപാതങ്ങളും മര്‍ദ്ദനങ്ങളും, മുസ്‌ലിം വേട്ടയാടല്‍ എന്നിങ്ങനെ നീളുന്നു പാര്‍ട്ടിയുടെ ഭരണ നേട്ടങ്ങള്‍. കഴിഞ്ഞ 15 വര്‍ഷവും ഭരണവിരുദ്ധ വികാരം ഉയര്‍ന്നെങ്കിലും അത് മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഛത്തീസ്ഗഡില്‍ ബി.ജെ.പി ഇപ്പോഴും അധികാരത്തിലിരിക്കുന്നത്. നേരിയ വോട്ട് ശതമാനത്തിലാണ് മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവര്‍ അധികാരത്തിലെത്തിയത്.
എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. കര്‍ഷക ആത്മഹത്യ, റഫാല്‍ ഇടപാട്, നോട്ട് നിരോധനം എന്നിവയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധങ്ങള്‍. നോട്ട് നിരോധനത്താല്‍ ദുരിതം പേറിയ സംസ്ഥാനമാണ് രാജസ്ഥാന്‍ എന്നതും പ്രചാരണത്തിന്റെ ശക്തിക്ക് ആക്കം കൂട്ടുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജസ്വലതയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഘെഹ്‌ലോട്ടിന്റെ പരിചയസമ്പത്തും പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുന്നുണ്ട്.
മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യയും ബി.ജെ.പിയിലെ അസ്വാരസ്യവും വിജയത്തിലേക്കുള്ള പാത തുറക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ യുവാക്കളുടെ സാന്നിധ്യവും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാര്‍ട്ടികള്‍ അരയും കച്ചയും മുറുക്കി രംഗത്തെത്തി കഴിഞ്ഞു. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും പാര്‍ട്ടിയുടെ മുന്നിലുണ്ട്. കഴിഞ്ഞ മൂന്നുതവണയും കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ വിജയം ഇത്തവണ കൈപ്പിടിയിലൊതുങ്ങുമെന്ന പ്രതീക്ഷയിലാണ് ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മിസോറാമിലും നിലവില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെച്ചുപുലര്‍ത്താവുന്ന സാഹചര്യമാണുള്ളത്. 20 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് 1993 മുതല്‍ ബിജെപി മത്സരിയ്ക്കുന്നുണ്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനം എന്ന നിലക്ക് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലക്കും കൂട്ടര്‍ക്കും അധികാരം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല.
തെരഞ്ഞെടുപ്പ് നേരിടാനായി മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു ആഴ്ചകള്‍ക്ക് മുന്‍പെ നിയമസഭ പിരിച്ചു വിട്ട തെലുങ്കാനയില്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമല്ല. ബദ്ധവൈരികളായ തെലുങ്കുദേശവുമായി കോണ്‍ഗ്രസ് കൈകോര്‍ക്കാന്‍ തയ്യാറായതോടെ അണികളില്‍ ആവേശം പ്രകടമാണ്. ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എതിര്‍ പക്ഷത്തില്ല എന്നതായിരുന്നു ടി.ആര്‍.എസിന്റെ പ്രധാന ആരോപണമെങ്കില്‍ ചന്ദ്രശേഖര്‍ റാവുവിനൊപ്പം തെലുങ്കാനക്കായി പോരാടിയ എം.കോദണ്ഡറാമിനെ പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ ചിത്രം മാറിയിരിക്കുകയാണ്.
കാര്യങ്ങള്‍ ശുഭകരമാണെന്ന വിശ്വാസത്തിനിടയിലും രണ്ടു കാര്യങ്ങള്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പരാജയവുമാണത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന വാര്‍ത്താസമ്മേളനം കമ്മീഷന്‍ മാറ്റിവെച്ചതാണ് കോണ്‍ഗ്രസിന്റെ ആശങ്കക്ക് ആധാരം. 12.30ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം മൂന്നുമണിയിലേക്ക് മാറ്റിയത് മോദിയുടെ രാജസ്ഥാന്‍ റാലിക്കുവേണ്ടിയാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് ഒരു മണിക്ക് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനുള്ളതിനാലാണ് പ്രഖ്യാപനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് സഖ്യം പ്രഖ്യാപിച്ച ബി.എസ്.പി നിര്‍ണായക ഘട്ടത്തില്‍ പിന്മാറിയിരിക്കുകയാണ്. മധ്യ പ്രദേശില്‍ എസ്.പിയും തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തിലാണ്. ബി.ജെ.പി യുടെ ശക്തമായ അടിത്തറയും സാമ്പത്തിക പിന്‍ബലവും അധികാര സ്വാധീനവും ശക്തമായ വെല്ലുവിളിയായി തന്നെ നില്‍ക്കുന്നുണ്ട്. എങ്കിലും അനുകൂല സാഹചര്യവും ഭരണ വിരുദ്ധ വികാരവും ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും രാഹുല്‍ ഗാന്ധിയുടെ വര്‍ധിക്കുന്ന സ്വീകര്യതയും യുവ നേതൃത്വവുമെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending