ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷ്ണര്‍ നസീം സെയ്ദി പ്രഖ്യാപിച്ചു.
ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും തിരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിലാണ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനും. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരില്‍ വോട്ടെടുപ്പ് രണ്ടുഘട്ടമായിരിക്കും. ആദ്യഘട്ടം മാര്‍ച്ച് നാലിനും, രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനും നടക്കും. യുപിയില്‍ ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി 11ന് ഒന്നാംഘട്ടവും, ഫെബ്രുവരി 15ന് രണ്ടാം ഘട്ടവും, മൂന്നാം ഘട്ടം-19നും നാലാം ഘട്ടം-23നും, അഞ്ചാം ഘട്ടം-27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് നാലിനും , ഏഴാം ഘട്ടം മാര്‍ച്ച് എട്ടിനുമായിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മാര്‍ച്ച് 11നും നടക്കും.
അഞ്ചു സം്സ്ഥാനങ്ങളില്‍ 693 മണ്ഡലങ്ങളിലായി 16കോടി വോട്ടര്‍മാരാണുള്ളത്. 1,85,000 പോളിംഗ് ബൂത്ത് സ്‌റ്റേഷനുകളും ഉണ്ടായിരിക്കും. അവസാന വോട്ടര്‍പട്ടിക ജനുവരി അഞ്ചു മുതല്‍ 12വരെയുള്ള തിയ്യതികളില്‍ പുറത്തിറക്കും. അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പ്രചാരണത്തിന് പണം ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നു. ഗോവയിലും മണിപ്പൂരിലും സ്ഥാനാര്‍ത്ഥിക്ക് 20ലക്ഷം രൂപവരെ ചിലവഴിക്കാം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 28ലക്ഷവും ചിലവഴിക്കാമെന്ന് വ്യക്തമാക്കുന്നു. 20000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ ബാങ്കു വഴി മാത്രമേ നടത്താന്‍ പാടുള്ളൂ. പാര്‍ട്ടി ചാനല്‍ വഴിയുള്ള പ്രചാരണം തിരഞ്ഞെടുപ്പ് ചിലവില്‍പെടുമെന്നും പെയ്ഡ് ന്യൂസ് പ്രവണത പ്രസ് കൗണ്‍സില്‍ നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് 85,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുമായി ഇവയെ വിന്യസിക്കും. 750 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സേവനം അഞ്ച് സംസ്ഥാനങ്ങളിലും ഉറപ്പാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി നേരത്തെ അറിയിച്ചിട്ടുണ്ട്.
നോട്ട് നിരോധിച്ചതുമൂലമുണ്ടായ പ്രതിസന്ധിക്കെതിരെ ജനം എങ്ങനെ പ്രതികരിക്കുമെന്നതുകൂടിയായിരിക്കും തിരഞ്ഞെടുപ്പിലെ വിധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പുഫലം നിര്‍ണ്ണായകമാണ്.