അബ്ദുല്ല വാവൂര്‍
രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനാധിപത്യവിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാര്‍ തുടരുന്ന ഇത്തരം സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂള്‍ ഏകീകരണം നടപ്പാക്കാനുള്ള തീരുമാനം. ഇത് സംബന്ധമായി ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ കേരള വിദ്യാഭ്യാസ (ഭേദഗതി) ബില്‍ പാസാക്കുകയുണ്ടായി. കേരളത്തിലെ അധ്യാപക അക്കാദമിക സമൂഹം ആശങ്കയോടെയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ കാണുന്നത്.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കാനും ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്ന ജനകീയ വിദ്യാഭ്യാസ ക്രമം നടപ്പാക്കാനുമായി പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളും പരിശോധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി 2017 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഡോ എം.എ ഖാദര്‍ ചെയര്‍മാനായി വിദഗ്ധ സമിതിയെ വെച്ചു. സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ 125 പേജുള്ള ഒന്നാം ഭാഗം 2019 ജനുവരിയില്‍ സമര്‍പ്പിക്കുകയും അത് ഫെബ്രുവരിയില്‍ തത്വത്തില്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. അധ്യാപക സര്‍വീസ് സംഘടനകളോട് യതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി റിപ്പോര്‍ട്ട് അംഗീകരിച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. സംസ്ഥാന തലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വിവിധ സംവിധാനങ്ങളെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ കൊണ്ട്‌വന്നു എന്നതൊഴിച്ചാല്‍ തുടര്‍നടപടികള്‍ എടുക്കാതെ റിപ്പോര്‍ട്ട് കോള്‍ഡ്‌സ്റ്റോറേജില്‍ വെക്കുകയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അത് വിദ്യാഭ്യാസ ഭേദഗതിയിലൂടെ നിയമമാക്കിയിരിക്കയാണ്.
മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എന്ന തല വാചകമാണ് റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്താന്‍ ഒരു നിര്‍ദേശം പോലും ഇതില്‍ അടങ്ങിയിട്ടില്ല. നിലവിലെ സംസ്ഥാന സ്‌കൂള്‍ ഘട്ടങ്ങളെ പൊളിച്ചെഴുതുന്നുണ്ട് ഈ രേഖ. പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി വരെ യുള്ള ഇപ്പോഴത്തെ നാല് ഘട്ടങ്ങളെ മൊത്തത്തില്‍ പ്രൈമറി, സെക്കണ്ടറി എന്നാക്കി. വേറിട്ട് നില്‍ക്കുന്ന ഒന്ന്മുതല്‍ നാല് വരെയുള്ള സ്‌കൂളുകളെ ലോവര്‍ പ്രൈമറിയും അഞ്ചു മുതല്‍ ഏഴുവരെയുള്ളതിനെ പ്രൈമറിയായും എട്ട് മുതല്‍ പത്ത് വരെ ലോവര്‍സെക്കണ്ടറിയായും പതിനൊന്ന് പന്ത്രണ്ട് സെക്കണ്ടറിയായും മാറ്റി. എട്ടുമുതല്‍ പ്ലസ്ടു വരെ ഇനി സെക്കണ്ടറി യായിരിക്കും. ഇന്ത്യയില്‍ ഒരിടത്തും പ്ലസ്‌വണ്‍ പ്ലസ്ടു പഠനം സെക്കണ്ടറി എന്നറിയപ്പെടുന്നില്ല. അത് സീനിയര്‍ സെക്കണ്ടറിയോ ഹയര്‍സെക്കണ്ടറിയോ ആണ്. 2014ലെ ഗവണ്മെന്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് ബ്യൂറോ ഓഫ് പ്ലാനിങ് മോണിറ്ററിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂഡല്‍ഹി പുറത്തുവിട്ട സെലക്റ്റഡ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ സ്‌കൂള്‍ എജുക്കേഷന്‍ രേഖയില്‍ ഇന്ത്യയില്‍ എല്ലായിടത്തും 11,12 ക്ലാസുകള്‍ ഹയര്‍സെക്കണ്ടറി ആയാണ് അറിയപ്പെടുന്നത്. എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഒരു യൂണിറ്റായി പരിഗണിക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദേശീയ തലത്തില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന് തൊട്ടുമുമ്പുള്ള ഘട്ടം എന്ന നിലയില്‍ നേരത്തെ തന്നെ ഹയര്‍ സെക്കണ്ടറി വേറെ ആയിരുന്നു. കോത്താരി കമ്മീഷന്‍ 1964ല്‍ തന്നെ 10+2+3 പാറ്റേണ്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1986ല്‍ ഇത്തരമൊരു ചിന്ത ഇവിടെ ഉണ്ടായത് കൊണ്ടായിരുന്നു പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം ഉടലെടുത്തത്. ശക്തമായ പ്രതിഷേധംമൂലം ആനീക്കം തുടങ്ങിയ ഇടത്ത് തന്നെ അവസാനിച്ചു. പിന്നീട് 1990ല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറി. ഹയര്‍സെക്കണ്ടറി സ്‌കൂളുകളും അവയുടെ പ്രവര്‍ത്തന ഏകോപനത്തിനുമായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റും പ്രത്യേക പരീക്ഷ വിഭാഗവും നിലവില്‍ വന്നു. മുപ്പത് വര്‍ഷത്തിലധികമായി ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം വളരെ മികവാര്‍ന്ന നിലയില്‍ നടന്ന്‌വരുന്നു. വിഷയാധിഷ്ഠിതമായ ഗൗരവ പഠനമാണ് ഹയര്‍സെക്ക ണ്ടറിയില്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി ലയനമാകുമ്പോള്‍ അത് ഒട്ടേറെ അക്കാദമികപരവും മനഃശാസ്ത്ര പരവുമായ സമീപന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എട്ടാം ക്ലാസിലെ കുട്ടിയുടെ മാനസിക ശാരീരിക അവസ്ഥയല്ല ഹയര്‍ സെക്കണ്ടറി കുട്ടിക്കുള്ളത്. കൗമാര വളര്‍ച്ചാഘട്ടത്തിന്റെ പാരമ്യതയിലുള്ള ഹയര്‍ സെക്കണ്ടറി കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാവണമെങ്കില്‍ അതത് തലങ്ങളില്‍ തന്നെ നിന്നുകൊണ്ടാണ് അത് നല്‍കാന്‍ കഴിയണം. നിലവിലുള്ള രീതി മാറ്റുന്നതിന് ഉപോല്‍ബലകമായി തെളിവുകളോ പഠനമോ ഒന്നും റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടില്ല. പുതിയ നിയമമനുസരിച്ചു പ്രിന്‍സിപ്പല്‍ ആണ് എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള സെക്കണ്ടറി സ്‌കൂളിന്റെ മേധാവി. ഇപ്പോള്‍ തന്നെ അധ്യാപനവും പ്രിന്‍സിപ്പല്‍ പദവിയും ഒരുമിച്ചു കൊണ്ട് പോകാന്‍ പ്രയാസപ്പെടുന്ന പ്രിന്‍സിപ്പാള്‍ക്ക് ജോലി ഭാരം കൂടും. വര്‍ഷങ്ങളുടെ അധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം കിട്ടി വരുന്ന ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കാര്യമായ ഉത്തരവാദിത്തമൊന്നുമില്ലാതെ പ്രിന്‍സിപ്പല്‍ക്ക് താഴെ വൈസ് പ്രിന്‍സിപ്പലായി തുടരും. ഈ മാറ്റമൊക്കെ സ്വസ്ഥമായി മുന്നോട്ട് പോയിരുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ കാരണമാകും. അധ്യാപകരുടെ ക്ലാസ്‌റൂം പഠന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മുരടിപ്പ് സംജാതമാകും.
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് മരണ വാറണ്ടാണ്. സര്‍ക്കാര്‍ മേഖലയില്‍ 261ഉം എയ്ഡഡ് മേഖലയില്‍ 128ഉം ഉള്‍പ്പെടെ 389 വി.എച്.എസ്.ഇകള്‍ കേരളത്തിലുണ്ട്. അതില്‍ വൊക്കേഷണല്‍ നോണ്‍ വൊക്കേഷണല്‍ വിഭാഗങ്ങളിലായി 4297 അധ്യാപകരുമുണ്ട്. നാഷണല്‍ ക്വാളിഫയിങ് ഫ്രെയിം വര്‍ക്കിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സ്‌കൂളുകള്‍ സെക്കണ്ടറി സ്‌കൂളുകളായി മാറും. സ്‌കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ തൊഴില്‍ പരിശീലനംകൂടി നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസനയം ശുപാര്‍ശ പരിഗണിച്ചാണ് കേരളത്തില്‍ 1983ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ആരംഭിച്ചത്. കുട്ടികള്‍ക്ക് ഏറെ ഗുണപ്രദമായ തെഴിലധിഷ്ഠിത കോഴ്‌സുകള്‍ ഇത്തരം സ്‌കൂകളില്‍ ഉണ്ട്. ഇവ നിര്‍ത്തുമ്പോള്‍ വ്യക്തമായ ഒരു നയം ഈ റിപ്പോര്‍ട്ട് മുന്നോട്ട്‌വെക്കുന്നില്ല.