പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യന് ജന്മം നല്‍കിയ, അവന്‍ പാര്‍ക്കുന്ന ഈ ഭൂമി ദൈവം കനിഞ്ഞേകിയ മഹത്തായ ഒരു അനുഗ്രഹമാണ്. ഭൂമി എന്നു പറയുമ്പോള്‍ അതിലെ ആന്തരികവസ്തുക്കള്‍, ഖനിജങ്ങള്‍, ഉപരിതലത്തിലെ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, വിവിധ തരം പ്രാണികള്‍, പക്ഷികള്‍, മൃഗങ്ങള്‍, കുന്നുകള്‍, മലകള്‍, ജലം, നദികള്‍, സമുദ്രങ്ങള്‍, വായു എല്ലാം ഉള്‍പ്പെടുന്നു. ഈ ഭൂമിയും അതിലെ വസ്തുക്കളും നിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് സ്രഷ്ടാവ് മനുഷ്യനെ ഉണര്‍ത്തുന്നു. ദൈവത്തിന്റെ അസ്തിത്വത്തിനും സൃഷ്ടിവൈഭവത്തിനുമുള്ള ഏറ്റവും വലിയ തെളിവാണ് മനോഹരമായ ഈ ഭൂമിയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത വസ്തുക്കളും. ഈ ഭൂമിയിലെ വായു ശ്വസിച്ചും ജലം ഉപയോഗിച്ചും ഇവിടെ കൃഷി ചെയ്തും പഴങ്ങളും ഉല്‍പ്പന്നങ്ങളും തിന്നും സൃഷ്ടാവിന് നന്ദി കാണിച്ചും അവന്റെ ആജ്ഞകള്‍ അനുസരിച്ചും ജീവിക്കുകയാണ് മനുഷ്യന്റെ കടമ.
എന്നാല്‍ മനുഷ്യന്‍ അവന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ ഭൂമിയെ അതില ജലം, കുന്നുകള്‍ മലകള്‍, വനങ്ങള്‍, വൃക്ഷങ്ങള്‍,ജീവികള്‍ എന്നിവയെ തെറ്റായി കൈകാര്യം ചെയ്യുക വഴി വമ്പിച്ച നാശത്തിലേക്കാണ് ഭൂലോകത്തെ നയിക്കുന്നത്. വെള്ളപ്പൊക്കം, മലയിടിച്ചല്‍, ഉരുള്‍പൊട്ടല്‍, അത്യുഷ്ണം തുടങ്ങിയ പ്രകൃതി മാറ്റങ്ങള്‍ക്കെല്ലാം ഒരളവോളം കാരണം മനുഷ്യന്റെ തന്നെ ദുഷ്‌ചെയ്തികളാണ്. സൂര്യനില്‍ നിന്നുള്ള അപകടകാരിയായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലേക്ക് വീണ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും വിപത്ത് സംഭവിക്കാതിരിക്കാന്‍ സ്രഷ്ടാവ് അന്തരീക്ഷത്തില്‍ സ്ഥാപിച്ച കവചമാണ് ഓസോണ്‍ പാളി. എന്നാല്‍ മനുഷ്യന്‍ പുറത്തേക്ക് വിടുന്ന മാരകമായ വാതകങ്ങള്‍ ഈ സംരക്ഷണ കവചത്തിന് തുളകള്‍ വീഴ്ത്തുകയാണ്. ഇത് ക്രമാതീതമായി വര്‍ധിച്ചാല്‍ ശക്തമായ ചൂട് കാരണം ഈ ഭൂമിയില്‍ ജീവിക്കുക തന്നെ അസാധ്യമാകുന്ന അവസ്ഥയുണ്ടാകുന്നു. ഇവിടെ ജനിച്ചു വളരുന്ന എല്ലാ തലമുറകള്‍ക്കും ഭാവിയില്‍ ജീവിക്കാനുള്ള സ്ഥലമാണ് ഈ ഭൂമി. പ്രസിദ്ധ അറബി ചിന്തകനായ അബ്ദുല്‍ ബായി ഖലീഫ ഒരു ലേഖനത്തില്‍ പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്. 2080 ആകുമ്പോഴേക്കും പരിസ്ഥിതി പ്രശ്‌നം അതിരൂക്ഷമാകും. ജലം ഒരപൂര്‍വ്വ വസ്തുവായി മാറും. അറുനൂറ് ദശലക്ഷം മനുഷ്യന്‍ ആഹാരം കിട്ടാതെ വിഷമിക്കും. ചൂട് അതികഠിനമാകും.
പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് മലിനീകരണമാണ്. വായു മലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശുദ്ധി വിശ്വാസത്തിന്റെ തന്നെ പകുതിയാണ്. ‘ദൈവം വൃത്തി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. മനുഷ്യന്‍ ശ്വസിക്കുന്നത് ശുദ്ധ വായുവായിരിക്കണം.
അന്തരീക്ഷം ദുര്‍ഗന്ധ മലീമസമാകുന്ന പ്രവൃത്തികളൊന്നും മനുഷ്യന്‍ ചെയ്തുകൂടാ. ജനങ്ങള്‍ നടന്നുപോകുന്ന വഴികളിലും വൃക്ഷത്തണലുകളിലും മൂത്രമൊഴിക്കുന്നതും മലവിസര്‍ജ്ജനം നടത്തുന്നതും പ്രവാചകന്‍ നിരോധിക്കുന്നു. വിഷവാതകങ്ങളും മാലിന്യങ്ങളും വെയിസ്റ്റു അശുദ്ധ വസ്തുക്കളും കൊണ്ട് വായു മലിനീകരണം സൃഷ്ടിക്കുന്നത് ആരോഗ്യ ശാസ്ത്രരംഗത്തെ വിദഗ്ദ്ധര്‍ കഠിനമായി എതിര്‍ക്കുന്നു. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ മറ്റൊരു വലിയ അനുഗ്രഹമാണല്ലോ വെള്ളം. ഒരു തുള്ളി ശുദ്ധജലത്തിന്റെ വില എത്രയാണ്. കിണറുകളും കുളങ്ങളും തോടുകളും പുഴകളും സമുദ്രങ്ങളുമെല്ലാം മലിനമാകാതെ സൂക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥനാണ്. ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ വെള്ളത്തിലും കുളിക്കുന്ന സ്ഥലത്തും മൂത്രമൊഴിക്കുന്നത് നബി നിരോധിക്കുന്നു. മൂത്രത്തിന്റെ മണമുള്ള വീടുകളിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാര്‍ കടന്നുവരികയില്ല- തിരുമേനി താക്കീത് ചെയ്യുന്നു. നിങ്ങള്‍ മൂത്രത്തില്‍ നിന്ന് ശുദ്ധിയാവുക-പ്രവാചകന്‍ ഉപദേശിക്കുന്നു. മലിനജലത്തിന്റെ ഉപയോഗം കരള്‍ വൃക്ക തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നു മാത്രമല്ല, കാന്‍സര്‍ വരെയെത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പാഴ് വസ്തുക്കള്‍ അമിതമായി വെള്ളത്തില്‍ ഉപേക്ഷിച്ചാല്‍ വെള്ളം വിഷലിപ്തമാവുകയും അത് പല രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പ്രകൃതി സംരക്ഷണത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് അനിവാര്യഘട്ടത്തില്‍ മാത്രമേ മരം മുറിക്കാവൂ. വനനശീകരണം ഇന്ന് സര്‍വ്വ വ്യാപകമായ ഒരു ദുഷ്പ്രവണതയാണ്. വായു ശുദ്ധീകരിക്കുന്നതില്‍ മാത്രമല്ല, ആഴത്തില്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയുന്നതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ മരങ്ങള്‍ നശിപ്പിക്കുന്നതിനെ പ്രവാചകന്‍ കഠിനമായി നിരോധിക്കുന്നു. അതുപോലെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനെ ഒരു പുണ്യകര്‍മ്മമായി കാണുകയും ചെയ്യുന്നു. ഒരു മരത്തെ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്തിട്ട് അതില്‍ നിന്ന് പക്ഷികളും മൃഗങ്ങളും മനുഷ്യരും തിന്നുന്നത് പുണ്യദാനമായി കണക്കാക്കപ്പെടുന്നു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ പ്രകൃതിജന്യമായ ഗുണം നശിപ്പിക്കുക മാത്രമല്ല, ഫലങ്ങളും കായകളും മറ്റു ഉല്‍പ്പന്നങ്ങളും വിഷപില്തമാവുകയും ചെയ്യുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന വിധമുള്ള ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞുനില്‍ക്കണം. മനുഷ്യന്‍ മണ്ണിനെയും വെള്ളത്തെയും വായുവിനെയും പ്രകൃതിയെയും തന്നെയും മറന്ന് തന്റെ സൗകര്യങ്ങളും താല്‍പര്യങ്ങളും മാത്രം പരിഗണിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എന്തെല്ലാം അനര്‍ത്ഥങ്ങളാണ് അത് സൃഷ്ടിക്കുന്നത്.
‘നിങ്ങള്‍ നിങ്ങളെ തന്നെ നാശത്തിലേക്ക് തള്ളി നീക്കരുത്’- ഖുര്‍ആന്‍. ഈ ഭൂമിയില്‍ നിന്നാണ് മനുഷ്യന്‍ വന്നത്. ഇവിടെയാണ് അവന്‍ പാര്‍ക്കുന്നത്. അവന്റെ ജീവിതത്തിനാവശ്യമായ വായുവും വെള്ളവും ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഭൂമിയാണ് തരുന്നത്. ജീവിതം അവസാനിച്ചാല്‍ തിരിച്ചുപോകുന്നത് ഈ ഭൂമിക്കുള്ളിലേക്ക് തന്നെ- ഇങ്ങനെയുള്ള ഈ ഭൂമിയെ മനുഷ്യന്‍ എത്ര മാത്രം സ്‌നേഹിക്കണം.; ആദരിക്കണം. ഇതിന്റെ മനോഹരമായ പ്രകൃതി നശിപ്പിച്ച് മറ്റൊന്നായി മാറ്റുന്നത് എന്തൊരു നന്ദികേടാണ്. ‘നിങ്ങള്‍ ഭൂമിയില്‍ നാശം പ്രവര്‍ത്തിക്കരുത്’-ഖുര്‍ആന്‍.