Connect with us

Video Stories

വയനാട് ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം

Published

on

മനുഷ്യനെ മറന്നുള്ള പ്രകൃതി സ്‌നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍ (ദേശീയപാത- 766) റൂട്ടിലെ രാത്രി യാത്രാനിരോധനം പൂര്‍ണ യാത്രാനിരോധനമായി മാറുമെന്ന ഭീതിയാണ് വയനാട്ടിലെ ജനങ്ങളെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.
2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വാഹനയാത്ര വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും എന്‍.എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒരു ദശാബ്ദമായി നീണ്ട നിയമനടപടികള്‍ ഇപ്പോള്‍ പരിസമാപ്തി ഘട്ടത്തിലാണ്. വരുന്ന 14ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കര്‍ണാടക വയനാട്ടിലെ ജനങ്ങളോട് കാരുണ്യപൂര്‍വമല്ല നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ കര്‍ശനമാക്കണമെന്നതാണ് കര്‍ണാടകയുടെ ആവശ്യം. മാത്രമല്ല, വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടാത്തവിധം എലിവേറ്റഡ് കോറിഡോര്‍ നിര്‍മിച്ച് വാഹന യാത്രക്ക് ഇപ്പോഴുള്ള തടസ്സം നീക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടും കര്‍ണാടക മുഖംതിരിക്കുകയാണ്. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നതാണ് കര്‍ണാടകയുടെ വാദം. എലിവേറ്റഡ് കോറിഡോറിനായി 250 കോടി രൂപ മുതല്‍മുടക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാടല്ല കര്‍ണാടക സ്വീകരിച്ചിട്ടുള്ളത്.
വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ നിര്‍ണായകമാകുക പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടായിരിക്കും. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള പൂര്‍ണ യാത്രാ നിരോധനത്തിനുള്ള അഭിപ്രായമാണ് കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളത്. ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര വനം മന്ത്രാലയത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക വലിയ തോതിലുണ്ട്. ബന്ദിപ്പൂര്‍ വനപാത ക്രിട്ടിക്കല്‍ കോര്‍ ഏരിയ ആയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കാണുന്നത്. ഇതിനാല്‍ തന്നെ പാത പൂര്‍ണമായി അടയ്ക്കണമെന്നതാണ് അവരുടെ നിര്‍ദ്ദേശം. പരിസ്ഥിതി മന്ത്രാലയം ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ മുഖവിലക്കെടുത്താലും വയനാടിനെ സംബന്ധിച്ച് അത് നിര്‍ണായകമാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും യാത്രാനിരോധനത്തിന് അനുകൂലമാണ്.
കര്‍ണാടകയെ സംബന്ധിച്ച് ദേശീയ പാത 766 ലെ യാത്രാനിരോധനം കാര്യമായി ബാധിക്കില്ല. അതേസമയം ഉത്തര കേരളത്തെ സംബന്ധിച്ച് ഈ പാത നിര്‍ണായകമാണ്. വയനാടിന്റെ ജീവസ്പന്ദനവും. ഉത്തര കേരളത്തിന്റെ വാണിജ്യ ഇടനാഴിയാണ് ദേശീയപാത 766. ഈ പാതക്ക് ബദല്‍ മാര്‍ഗമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ബദല്‍ റോഡായി നിര്‍ദ്ദേശിച്ചിട്ടുള്ളത് തലശ്ശേരി-ഗോണിക്കുപ്പ വഴി മൈസൂരുവിലെത്തുന്ന പാതയാണ്. കോഴിക്കോട്‌നിന്ന് മൈസൂരുവിലെത്താന്‍ 80 കിലോമീറ്റര്‍ ദൂരം കൂടുതല്‍ സഞ്ചരിക്കണമെന്ന് മാത്രമല്ല, വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് ഈ പാത പ്രായോഗികവുമല്ല. നിലവിലുള്ള യാത്രാമാര്‍ഗം അടയുകയാണെങ്കില്‍ പകരം വഴികള്‍ ഇല്ലാതാകുന്ന അനിശ്ചിതത്വത്തെയാണ് വയനാട്ടിലെ ജനത ഭീതിയോടെ ഉറ്റുനോക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പാതയിലെ യാത്രാനിരോധനം നീക്കുന്നതിനായി ശക്തമായി വാദിക്കുന്നുണ്ടെങ്കിലും കോടതിയില്‍ വേണ്ടവിധം കേസ് നടത്തിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പ്രായോഗിക ബദല്‍ നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടുവെച്ചില്ലെന്ന വസ്തുത പറയാതിരിക്കാനാകില്ല. ഒരു ദശാബ്ദം പാത രാത്രികാലത്ത് അടച്ചിട്ടും കാര്യമായ പ്രതിഷേധങ്ങളോ കേസ് സംബന്ധിച്ച് ശക്തമായ ഇടപെടലുകളോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതും വിസ്മരിക്കാനാകില്ല. എങ്കിലും പരസ്പരം പഴിചാരുന്നതിന്പകരം കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് ഇപ്പോള്‍ അഭികാമ്യം.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമരസമിതി രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന്് വയനാട്ടിലെത്തും. നൂറുകണക്കിന് പേര്‍ പിന്തുണയുമായി ദിവസവും സമരപന്തലില്‍ എത്തുന്നുണ്ട്. ഈ സമരം വിജയത്തിലെത്തേണ്ടത് കേരളത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഒരു ജനതയുടെ ആശങ്കയുടെ ദുരിതവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സമരം ഉപകരിക്കപ്പെടണം.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ പാതക്ക്. ഒരു ജനതയുടെ ചരിത്രം ഉറഞ്ഞുനില്‍ക്കുന്നുണ്ട് ഈ പാതയില്‍. പാത പൂര്‍ണമായി അടച്ചുപൂട്ടുകയാണെങ്കില്‍ യാത്രാ സൗകര്യം മാത്രമല്ല, വയനാടിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അത് തകര്‍ത്തെറിയും. കാര്‍ഷിക മേഖലയിലേറ്റ കനത്ത തിരിച്ചടിയില്‍ ആടിയുലയുന്ന വയനാടിന്റെ സാമ്പത്തിക സ്ഥിതി പാത അടക്കുന്നതോടെ കൂടുതല്‍ ഇരുട്ടിലേക്കാകും നീങ്ങുക. ഒരു നാടിന്റെ അതിജീവനത്തിന്റെ പാതയാണിതെന്ന ബോധ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടുക തന്നെ വേണം. കോടതിക്കകത്തും പുറത്തും ഒരു ജനതയുടെ ജീവല്‍പ്രശ്‌നത്തെ ശരിയായ വിധത്തില്‍ അവസരം ഇപ്പോള്‍ തങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന ബോധ്യംകൂടി സര്‍ക്കാരിന് ഉണ്ടാകണം. വയനാട്ടിലെ ജനത ഒറ്റക്കല്ല, കേരളീയ സമൂഹം ഒന്നാകെ ഒപ്പമുണ്ടെന്ന ഉറപ്പാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടത്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending