രാജ്യ സ്വാതന്ത്ര്യത്തിന്റെ സപ്തതിക്ക് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കവെ, കണ്ണിലെ കൃഷ്ണമണിയെപ്പോലെ നാം കാത്തുസൂക്ഷിക്കുന്ന ഭരണഘടനാദത്ത മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തിന്ന് തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. 2014ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കേന്ദ്രത്തിലെ എന്‍.ഡി.എ സഖ്യസര്‍ക്കാര്‍ പ്രതിപക്ഷധര്‍മംകൂടി അനുവദിക്കാതെ വന്നിരിക്കുന്നു.
പതിനെട്ട് സംസ്ഥാനങ്ങളില്‍ അധികാരംപിടിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടും, പ്രതിപക്ഷത്തെ തീര്‍ത്തും നിഷ്‌കാസിതമാക്കുക എന്ന നയമാണ് അമിത്ഷായുടെയും മോദിയുടെയും പാര്‍ട്ടി ഇപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് സ്വന്തം പാര്‍ട്ടിക്കാരനെ വിജയിപ്പിച്ചെടുത്ത കക്ഷി, ഇന്നലെ യു.പിയില്‍നിന്ന് ഒരാള്‍കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ 58 അംഗങ്ങളുമായി രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായിരിക്കുന്നു. ഇതിനിടെയാണ് ഗുജറാത്ത്, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പണച്ചാക്കുകളുമായി ആ പാര്‍ട്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ 60 അംഗങ്ങളുടെ പിന്‍ബലമുണ്ടായിരുന്ന കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയുടെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ് വഗേല രാജിവെച്ചൊഴിഞ്ഞത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടലാണുണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ ഏഴ് എം.എല്‍.എമാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമത്തെ പരിഹസിച്ച് ബി.ജെ.പി നടത്തുന്ന ഈ ചാക്കിടീല്‍തന്ത്രം ജനാധിപത്യത്തിന്റെ തന്നെ അന്തസ്സിനും അന്തസ്സത്തക്കും കളങ്കം ചാര്‍ത്തുകയാണ്. ആകെ മൂന്നുപേര്‍ക്ക് മാത്രം ജയിക്കാന്‍ കഴിയുമെന്നിരിക്കെ സംസ്ഥാനത്തുനിന്ന് മൂന്നുപേരെയാണ് ബി.ജെ.പി രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റും സംസ്ഥാന നിയമസഭാംഗവുമായ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് വിട്ടുവന്ന രാജ്പുത്തുമാണ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേലും. പട്ടേലിനെ ഏതുവിധേനയും തോല്‍പിക്കുകയാണ് അമിത്ഷായുടെ ഉന്നം. ഓരോരുത്തര്‍ക്കും 44 വീതം വോട്ടുകളാണ് വേണ്ടത്. നിലവിലെ സ്ഥിതിയനുസരിച്ച് രണ്ടു പേരെയാണ് 116 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് ജയിപ്പിക്കാന്‍ കഴിയുക. രാജ്പുത്തിന് ജയിക്കാനാവശ്യമായ അംഗസംഖ്യ തികക്കുന്നതിനാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചിരിക്കുന്നത്. ഇവരോരോരുത്തര്‍ക്കും 15 കോടി രൂപവീതം, അതായത് നൂറു കോടിയിലധികം രൂപ , ഇതിനായി കേന്ദ്ര ഭരണകക്ഷി ചെലവഴിച്ചെന്നാണ് അനൗദ്യോഗിക വിവരം. കോണ്‍ഗ്രസാകട്ടെ ബി.ജെ.പിയുടെ ഈ കുല്‍സിതനീക്കം മുന്നില്‍കണ്ട് ബാക്കിയുള്ള 44 എം.എല്‍.എമാരെ സ്വന്തംഭരണമുള്ള കര്‍ണാടകയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞമാസം ബീഹാറിലും സമാനമായ രീതിയില്‍ കുതികാല്‍വെട്ടും ചാക്കിട്ടുപിടിത്തവും കൊണ്ട് സംസ്ഥാന ഭരണം മറിച്ചിട്ട ബി.ജെ.പി ഉത്തര്‍പ്രദേശിലും ജനാധിപത്യത്തെ പരിഹസിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒറ്റരാത്രി കൊണ്ട് വരുതിയിലാക്കി അധികാരം പിടിച്ച ബി.ജെ.പി 2015ല്‍ രൂപം കൊണ്ട പ്രതിപക്ഷത്തെ മഹാസഖ്യത്തെ തകര്‍ത്തുതരിപ്പണമാക്കിക്കളഞ്ഞു. ഇതിനായി അവിടെ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനെതിരെയും അദ്ദേഹത്തിന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെയും ആദായനികുതിവകുപ്പ് റെയ്ഡുകള്‍കൊണ്ട് ഭീഷണിപ്പെടുത്തി. ലോക്‌സഭാംഗമായ മുഖ്യമന്ത്രി ആദിത്യനാഥിനുവേണ്ടി മൂന്നു കോണ്‍ഗ്രസ് എം.എല്‍.സിമാരെ ഉത്തര്‍പ്രദേശില്‍ തങ്ങളുടെ വരുതിയിലാക്കിയ വാര്‍ത്തയും രാജ്യം കേട്ടു. മൂന്നുപേരും ബി.ജെ.പിക്കുവേണ്ടി തല്‍സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ഗുജറാത്ത് എം.എല്‍.എമാരെ തുരത്താന്‍ ബി.ജെ.പി കണ്ട വഴിയും നേരത്തെ ബീഹാറില്‍ പ്രയോഗിച്ച ആദായ നികുതിവകുപ്പ് റെയ്ഡാണ്. സംസ്ഥാന ഊര്‍ജ വകുപ്പുമന്ത്രി ഡി.കെ ശിവകുമാറിന്റെ വീടുകളിലും മറ്റും റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപ പിടിച്ചെടുത്തെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ മന്ത്രിയുടെ സഹോദരന്‍ നേരിട്ട് മാധ്യമങ്ങളെ സമീപിച്ച് നിഷേധ പ്രസ്താവന നടത്തിയിട്ടും പ്രചാരണം മൂര്‍ധന്യത്തില്‍തന്നെയാണ്. മന്ത്രി ശിവകുമാറിനെ അറസ്റ്റ് ചെയ്യുമെന്നും വാര്‍ത്തകളുണ്ട്.
45 അംഗങ്ങളുണ്ടെങ്കിലും ലോക്‌സഭയില്‍ കോണ്‍ഗ്രസ് എന്ന ഏറ്റവും വലിയ ഒറ്റകക്ഷിക്ക് പ്രതിപക്ഷ നേതൃപദവികൂടി സാങ്കേതികത്വം പറഞ്ഞ് നല്‍കാതിരുന്നവരാണ് ബി.ജെ.പി നേതൃത്വം. പ്രതിപക്ഷത്തെ പ്രമുഖ നേതാവും ലോക്‌സഭാംഗവുമായ സോണിയാഗാന്ധിയെ മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇ. അഹമ്മദ് മരണപ്പെട്ട ആസ്പത്രിയില്‍ അദ്ദേഹത്തെ കാണാന്‍പോലും അനുവദിക്കാതെ അര്‍ധരാത്രി മണിക്കൂറുകളോളം തണുപ്പത്തിരുത്തിയ സര്‍ക്കാരിന്റെ മാഹാത്മ്യത്തെക്കുറിച്ച് എന്തുപറയാന്‍. ഗുജറാത്തിലെ രണ്ടായിരം പേരുടെ കൂട്ടക്കൊലക്കുത്തരവാദികളെന്ന് രാജ്യം മുദ്രകുത്തിയ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നയിക്കുന്ന ദേശീയപാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നതാവും അബദ്ധം.
ഗോമാംസത്തിന്റെ പേരില്‍ നിരപരാധികള്‍ നാള്‍ക്കുനാള്‍ കൊലചെയ്യപ്പെടുമ്പോള്‍ പശുവിന്റെ വിസര്‍ജങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ സമിതിയെ നിയോഗിച്ചിരിക്കുന്ന മോദി സര്‍ക്കാരില്‍നിന്ന് നൈതികതയും ന്യായവും അപരര്യാദയും സര്‍വോപരി പ്രതിപക്ഷ ബഹുമാനവും പ്രതീക്ഷിക്കുന്നതെങ്ങനെ? ബാംഗ്ലൂരിലെ റെയ്ഡിന് സംസ്ഥാന പൊലീസ്‌സേനക്കുപകരം കേന്ദ്ര റിസര്‍വ് സേനയെ കാവല്‍നിര്‍ത്തിയ മോദി സര്‍ക്കാരാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകനെതിരെ ആദായനികുതി റെയ്ഡ് നടത്തി വായടപ്പിക്കാന്‍ നോക്കുന്നത്. ക്രമസമാധാനം സംസ്ഥാനവിഷയമാണെന്നറിയാതെയല്ല, ബി.ജെ.പിയുടെ ഇതര സംസ്ഥാനഎം.പിമാര്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ ബി.ജെ.പിക്കാരെ കൊല്ലുന്നുവെന്ന് പരാതിപ്പെട്ടത്. ഈ വര്‍ഗീയ-ജനാധിപത്യ വിരുദ്ധ ആള്‍ക്കൂട്ട രാഷ്ട്രീയത്തില്‍ നിന്ന് നാടിനെ രക്ഷിക്കുകയാണ് പൗരന്റെ അടിയന്തിരമായ കടമ.