Connect with us

Video Stories

മലയാള ഭാഷയോട് അയിത്തമോ

Published

on

‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കുഞരമ്പുകളില്‍’ എന്നാണ് മഹാകവി വള്ളത്തോളിന്റെ വരികള്‍. ജന്മം നല്‍കാത്ത അമ്മയാണ് ഭാഷ. ഭാഷയെ മാതാവ് എന്ന പദവുമായി ചേര്‍ത്ത് മാതൃഭാഷ എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായിട്ട് 63 വര്‍ഷം പിന്നിടുകയാണ് ഇന്ത്യ. ഇതിനിടയില്‍ വലിയ പ്രക്ഷോഭങ്ങളാണ് മാതൃഭാഷാസംരക്ഷണത്തിനുവേണ്ടി രാജ്യത്തിന്റെ പലയിടങ്ങളിലുമുണ്ടായത്. ദേശീയഭാഷ പ്രാദേശിക ഭാഷകളെ വിഴുങ്ങുന്നുവെന്നായിരുന്നു പ്രധാന പരാതി. ഇതിന് പരിഹാരമായാണ് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ത്രിഭാഷാപദ്ധതിക്ക് രാഷ്ട്രത്തിന്റെ പൂര്‍വപിതാക്കള്‍ രൂപംനല്‍കിയത്. എന്നിട്ടും മലയാളംപോലെ രണ്ടായിരമാണ്ടിന്റെ പൈതൃകമുള്ള, ശ്രേഷ്ഠഭാഷാപദവി ലഭിച്ചൊരു ഭാഷക്ക് ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് വരുന്നത് കഷ്ടംതന്നെ. മലയാളികള്‍തന്നെ തങ്ങളുടെ സ്വന്തംഭാഷയെ തമസ്‌കരിക്കുന്നുവെന്ന് വരുമ്പോള്‍ വിശേഷിച്ചും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്ലാപരീക്ഷകളും മലയാളത്തില്‍കൂടി ആക്കണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം എന്ന സംഘടനയുടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരുവനന്തപുരത്തെ കെ.പി.എസ്.സി ആസ്ഥാനത്തിനുമുമ്പാകെ നിരാഹാരം കിടക്കേണ്ടിവന്നിരിക്കുന്നുവെന്നത് ഈയവസരത്തില്‍ ഞെട്ടലോടെയല്ലാതെ കേള്‍ക്കാനും കാണാനുമാവില്ല. ആത്മനിന്ദയാണ് മലയാളത്തോട് പി.എസ്.സിക്ക് ഉള്ളതെന്ന് തോന്നുന്നു.

സംസ്ഥാനസര്‍ക്കാര്‍ മലയാള ഭാഷയെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ട് വര്‍ഷം രണ്ടായി. 2017 മെയ് ഒന്നുമുതല്‍ ഭരണഭാഷ മലയാളമായിരിക്കണമെന്നത് നിയമമാണ്. മലയാളം മാത്രമറിയാവുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എളുപ്പത്തിലും സുതാര്യതയോടെയും സര്‍ക്കാര്‍ സേവനങ്ങള്‍ അവരുടെ കരതലങ്ങളിലെത്തിക്കുക എന്നതാണ് ‘ഭരണഭാഷ മലയാളം’ എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടുപോലും സര്‍ക്കാര്‍ തൊഴിലുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഭരണഘടനാസ്ഥാപനത്തിന് മലയാളത്തോട് അയിത്തം നിലനില്‍ക്കുന്നു എന്നത് വലിയ വിരോധാഭാസം മാത്രമല്ല, മലയാളിയുടെ സ്വത്വബോധത്തെ വല്ലാതെ ഉലയ്ക്കുന്നതുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഷാനയം അംഗീകരിക്കുക, തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍കൂടിയാക്കുക, വരാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകളില്‍ മലയാളം മാധ്യമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പി.എസ്.സിക്കുമുമ്പാകെ സമരക്കാര്‍ ഉന്നയിക്കുന്നത്. നിരാഹാരസമരം പന്ത്രണ്ടാം ദിവസത്തേക്ക് കടന്നിട്ടും പി.എസ്.സിയോ സര്‍ക്കാരോ യാതൊരുവിധ നടപടിയും സ്വീകരിച്ചുകാണുന്നില്ല എന്നത് വലിയ നൊമ്പരമുളവാക്കുന്നു. 2017 ആഗസ്തില്‍ ഡിഗ്രിക്കും അതിനുമുകളിലും യോഗ്യത വേണ്ട പരീക്ഷകളില്‍ പത്തു ശതമാനംചോദ്യങ്ങള്‍ മലയാളത്തിലാക്കുമെന്ന പി.എസ്.സിയുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. പ്ലസ്ടു യോഗ്യതയാക്കിയ സിവില്‍ പൊലീസ് തസ്തികക്ക്‌പോലും മലയാളം ഉപയോഗിക്കുന്നില്ല. ഇംഗ്ലീഷ് ഭാഷയില്‍മാത്രം വിദ്യാഭ്യാസം നേടിയ സി.ബി.എസ്.ഇ പോലുള്ള യോഗ്യതയുള്ളവര്‍ക്ക് മലയാളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് പി.എസ്.സിയുമായി ബന്ധപ്പെട്ടവര്‍ ഉയര്‍ത്തുന്നത്.

എല്ലാ വിദ്യാഭ്യാസ സമ്പ്രദായത്തിലും മലയാളം നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന നിര്‍ദേശമുള്ള സംസ്ഥാനത്താണ് ഇത്തരം വിതണ്ഡവാദം ചിലര്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഉള്‍പ്പെടെ യു.പി.എസ്.സി നടത്തുന്ന പരീക്ഷകളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് )കളിലുമൊക്കെ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സുപ്രീംകോടതി പോലും അനുവദിച്ചിട്ടുള്ളതാണ്. നീറ്റ് പരീക്ഷ മാതൃഭാഷയിലെഴുതാന്‍ ഇത്തവണ നിരവധി തമിഴ് വിദ്യാര്‍ത്ഥികള്‍ തയ്യാറായി. ഐ.എ.എസ്, ഐ.പി.എസ് തസ്തികളിലേക്കുള്ള അഭിമുഖങ്ങളിലും ഉദ്യോഗാര്‍ത്ഥികളുടെ മാതൃഭാഷക്ക് അയിത്തമില്ല. തമിഴ്‌നാട്ടില്‍ എല്ലാ ഇംഗ്ലീഷ് പദങ്ങള്‍ക്കും തമിഴ് വാക്കുകള്‍ കണ്ടുപിടിച്ച് പ്രചാരത്തിലെത്തിക്കുമ്പോഴാണ് കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്, സാഹിത്യഅക്കാദമി പോലുള്ള പദങ്ങള്‍ ഇന്നും ഇംഗ്ലീഷ് കലര്‍ത്തി നാം ഉപയോഗിക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷിനെ പൂര്‍ണമായും തഴയണമെന്നല്ല മലയാള പ്രേമികള്‍ ആവശ്യപ്പെടുന്നത്.

പക്ഷേ കേരളത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള രൂപീകരണ കാലത്തുതന്നെയാണ് കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷനെ സംസ്ഥാനാടിസ്ഥാനത്തില്‍ വിഭജിച്ചത്. 1956ല്‍ നിലവില്‍വന്ന കേരള പബ്ലിക്‌സര്‍വീസ് കമ്മീഷന്റെ അമരത്തിരിക്കുന്നവര്‍ക്ക് രാജ്യത്തിന്റെയും കേരളത്തിന്റെയും ഭാഷാനയത്തോട് മുഖം തിരിഞ്ഞുനില്‍ക്കേണ്ടിവരുന്നതില്‍ എന്തോ പന്തികേട് തോന്നുന്നു.സംസ്ഥാന സര്‍ക്കാരും ഭരണമുന്നണിയും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടുന്നു. അറബിഭാഷക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ മൂന്ന് യുവനേതാക്കളെ വെടിവെച്ചുകൊന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാണെന്നതും മറക്കാനാവില്ല.

പി.എസ്.സിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും പശ്ചാത്തലത്തില്‍ പി.എസ്.സിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലികള്‍ക്കുകൂടി മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്. പി.എസ്.സിയുടെ തലപ്പത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് വര്‍ഷങ്ങളായി തുടരുന്ന ചില ഉദ്യോഗസ്ഥരാണ് ചോദ്യചോര്‍ച്ചക്കും മറ്റും പിന്നിലെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയുമാണിപ്പോള്‍. സിവില്‍ പൊലീസ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയില്‍ ഒന്നാമത്തേതടക്കമുള്ള ഉന്നത റാങ്കുകള്‍ നേടിയത് കോപ്പിയടിച്ചാണെന്ന് ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനക്കാര്‍ക്ക് തുറന്നുസമ്മതിക്കേണ്ടിവന്നത് പൊതുസമൂഹം ജാഗ്രതയോടെ ഉണര്‍ന്നെണീറ്റതുകൊണ്ടുമാത്രമാണ്.

പി.എസ്.സിയിലെ ചെയര്‍മാനടക്കമുള്ള ഉന്നതര്‍ പ്രതികള്‍ക്കനുകൂലമായി ഫോണ്‍ നമ്പറുകള്‍ പുറത്തുവിട്ടതും ഞെട്ടിപ്പിക്കുന്നു. സ്വന്തം രാജ്യത്തോടുള്ള സ്‌നേഹത്തെയാണ് ദേശഭക്തിയെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യപോലെ അയ്യായിരത്തോളം ഭാഷകളും 22 ഷെഡ്യൂള്‍ഡ് ഭാഷകളുമുള്ള ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ജനസേവകരുടെ കാര്യത്തില്‍ പി.എസ്.സിയുടെ നിലപാടിനെ നെറികേടെന്നേ വിശേഷിപ്പിക്കേണ്ടൂ. സമരക്കാരുന്നയിച്ച ആവശ്യങ്ങള്‍ അനുവദിക്കുകയാണ് പി.എസ്.സിയുടെയും ഭരണത്തിന്റെയും തലപ്പത്തുള്ളവര്‍ ഓണത്തിനുമുമ്പെങ്കിലും ചെയ്യേണ്ടത്.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending