സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയും സംഘ്പരിവാരവും വര്‍ഷങ്ങളായി അവരുടെ അജണ്ടയിലുള്‍പ്പെടുത്തി വാദിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയതാപദ്ധതിയുടെ ഭാഗമാണിത്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ നടപ്പാക്കലും ന്യൂനപക്ഷങ്ങളുടെ അപരവത്കരണവുമാണ് ഇതിലൂടെ സംഭവിക്കാനിരിക്കുന്നത്. ദേശീയമായും രാഷ്ട്രീയമായും മുസ്്‌ലിംകളെ ശത്രുക്കളായി കണക്കാക്കുന്നൊരു പ്രത്യയശാസ്ത്രം നീതിപീഠങ്ങളുടെ സഹായത്തോടെ ഫലപ്രാപ്തിയിലെത്തിലെത്തിച്ചിരിക്കുകയാണ് ബി.ജെ.പി. രാജ്യത്താകെ മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വനിയമം നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നതും ഇന്ത്യന്‍ മതേതരത്വത്തിന്റെ സര്‍വനാശത്തിലേക്കാണ്. ബംഗ്ലാദേശി ഹിന്ദുക്കളെ പട്ടികയില്‍നിന്ന് പുറന്തള്ളി എന്നു പറഞ്ഞ് ഇന്നലെ പുറത്തുവന്ന ആര്‍.എസ്.എസ്സിന്റെ പ്രസ്താവനയിലുണ്ട് യഥാര്‍ത്ഥത്തില്‍ ഈ ഇരട്ടനീതി.
2103ല്‍ തുടങ്ങിയ അസം പൗരത്വനിര്‍ണയ പദ്ധതിയുടെ ഫലമായി തുടര്‍ച്ചയായ പ്രതിഷേധങ്ങളും നിയമവ്യവഹാരങ്ങളും പിന്നിട്ടാണ് ആഗസ്ത് 31ന് പട്ടിക പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ഇതനുസരിച്ച് 41,10,169 പേരെയാണ് പൗരന്മാരല്ലാത്തവരായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്തും അനവധാനതയോടെയും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ് പദ്ധതിയെന്ന് പട്ടിക നിര്‍ണയം സംബന്ധിച്ച വാര്‍ത്തകളിലൂടെ ബോധ്യമായതാണ്. നാളെ മുതല്‍ ഇതുമൂലം ഉണ്ടാകുന്ന ക്രമസമാധാനപരവും മാനുഷികവുമായ പ്രശ്‌നങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന തോന്നലിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അസമില്‍ ഇതിനകം വലിയ സൈനിക സന്നാഹത്തെയാണ് ഇതിനായി വിന്യസിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി രാജ്യം സ്വന്തമെന്ന് കരുതി ജീവിച്ചവരെ നിയമവും ചട്ടവും പറഞ്ഞ് ഒരു പ്രഭാതത്തില്‍ പുറന്തള്ളുമ്പോള്‍ ആ മനുഷ്യരിലും കുടുംബങ്ങളിലും ഉണ്ടാകുന്ന മാനസിക വ്യഥയെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരു വേവലാതിയും പ്രകടിപ്പിക്കുന്നില്ല എന്നതിന് തെളിവാണ് രാജ്യം ഭരിക്കുന്നവരുടെ ന്യായ പുസ്തകങ്ങളിലെ വര്‍ഗീയ അജണ്ട. പുറന്തള്ളപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കും, അവരുടെ ജീവിത സന്ധാരണത്തിന് എന്ത് മാര്‍ഗമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളാന്‍ പോകുന്നത് എന്നതിനെക്കുറിച്ചൊന്നും ഇതുവരെയും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള വിശദീകരണവും പുറത്തുവന്നതായി കാണുന്നില്ല. പലവിധ കാരണത്താല്‍ സുരക്ഷിതഇടംതേടി ഇന്ത്യയിലേക്ക് പല ഘട്ടങ്ങളിലായി എത്തിപ്പെട്ടവര്‍ ഇവിടം തങ്ങളുടെ സ്വന്തം മണ്ണായി കൊണ്ടുനടക്കുമ്പോഴാണ് ഈ പിണ്ഡംവെപ്പ്. പുറത്താക്കപ്പെടുന്നവരിലധികവും മുസ്‌ലിംകളാണ് എന്നതാണ് നിഗൂഢ അജണ്ടയെ പുറത്തുകൊണ്ടുവരുന്നത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം തയ്യാറാക്കിയ പട്ടികയെക്കുറിച്ച് എണ്ണമറ്റ പരാതികളാണ് ലഭിച്ചിരിക്കുന്നത്. 3.26 കോടിപേര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെന്നതുതന്നെ എത്രവലിയ സമൂഹമാണ് ഇവരെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 41 ലക്ഷത്തിലധികം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ സംസ്ഥാനത്തൊട്ടാകെ വലിയ തോതിലുള്ള സമൂഹിക അസ്വാരസ്യം രൂപപ്പെടുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ ഇന്ന് അന്തിമപട്ടിക പുറപ്പെടുവിക്കുമ്പോള്‍ ഒരു രാജ്യത്തുമില്ലാത്തവരായി മാറുകയാണ് ലക്ഷക്കണക്കിന് ആളുകള്‍. ഇവരില്‍ കുടുംബത്തിലെ ഉറ്റ ബന്ധുക്കളെ വേര്‍പിരിയേണ്ടിവരുന്നവര്‍ മുതല്‍ രാജ്യത്ത് സൈനികസേവനം നടത്തിയവര്‍ വരെയുണ്ടെന്നുള്ളത് വലിയ വേദനതരുന്നു. നീണ്ടകാലം രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരാടിയ 52കാരനായ സനാഉല്ല പ്രശ്‌നത്തിലെ കണ്ണീര്‍ പ്രതീകമാണ്. പട്ടിക തയ്യാറാക്കല്‍ സുതാര്യമല്ലെന്നുള്ളതിന് തെളിവാണ് സനാഉല്ലയുടെ കസ്റ്റഡി.
197ല്‍ പാകിസ്താനുമായി ഉണ്ടായ ബംഗ്ലാദേശ് യുദ്ധമാണ് വലിയ തോതിലുള്ള കുടിയേറ്റത്തിന് കാരണമായതെന്നാണ് ധാരണയെങ്കിലും അതിനുമുമ്പുതന്നെ രാജ്യത്തേക്ക് പൂര്‍വപാക്കിസ്താന്‍ മേഖലയില്‍നിന്ന് വന്‍കുടിയേറ്റം നടന്നിരുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 1971ലേതിനേക്കാള്‍ പേര്‍ അതിനുമുമ്പ് അസമിലേക്കും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിരുന്നുവെന്ന് കാനേഷുമാരി കണക്കുകള്‍ സാക്ഷിയാണ്. എന്നിട്ടും 1971 മാര്‍ച്ച് 24 വെച്ച് പൗരത്വപട്ടിക തയ്യാറാക്കിയത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്. തദ്ദേശീയരായ ജനതയുടെ സ്വാര്‍ത്ഥ വികാരമാണ് ഇതിനുപിന്നിലെന്ന് വാദിക്കുമ്പോഴും മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധമതക്കാര്‍ തുടങ്ങിയ മതവിഭാഗങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം അനുവദിക്കുമെന്ന നിയമം പാസാക്കുന്നതിനെ എങ്ങനെയാണ് സദുദ്ദേശ്യമായി കാണാനാകുക. മുസ്‌ലിംകളെ രാജ്യത്തിന്റെ അര്‍ബുദം എന്ന് വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് – ഹിന്ദു മഹാസഭ അജണ്ടയാണ് ഇതിനുപിന്നില്‍ തികട്ടിവരുന്നത്.
മതപരവും വംശീയപരവുമായ ന്യൂനപക്ഷ ജനവിഭാഗങ്ങളെ മുഖ്യധാരയുമായി കൈകോര്‍ത്തുപിടിക്കുന്നതാണ് ഉന്നതമായ മാനുഷികത. പീഡിതരുടെ കണ്ണീരൊപ്പണമെന്ന് പറയുന്നതും അതിഥിദേവോഭവ: എന്ന് പഠിപ്പിച്ചതും നാമൊക്കെ ഉദ്‌ഘോഷിക്കുന്ന മത സംഹിതകളാണ്. യുദ്ധ കലുഷിതമായ സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് അടുത്തകാലത്തായി കുടിയേറിയ അഭയാര്‍ത്ഥികളെ ആ സമൂഹം പൊതുവില്‍ നെഞ്ചോട്‌ചേര്‍ത്ത് സ്വീകരിച്ചത് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പാഠമാകുന്നില്ല. അലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ തീരത്തടിഞ്ഞ മൃതശരീരം ലോകത്തിനുമുമ്പാകെ ഉയര്‍ത്തിവിട്ട വികാരവായ്പ് ഉന്മൂലന സിദ്ധാന്തക്കാര്‍ കാണണം.
സനാതനമായ ഹിന്ദുമത വിശ്വാസവും കാലാകാലങ്ങളായി തുറന്നിടപ്പെട്ട ദേശീയ ജനാലകളിലൂടെ കടന്നെത്തിയ സാംസ്‌കാരിക വൈവിധ്യത്തിന്റെ തെന്നലും സഹര്‍ഷത്തോടെയല്ലാതെ നമ്മുടെ പൂര്‍വികര്‍ സ്വീകരിക്കുകയുണ്ടായില്ല. ഇസ്്‌ലാമും ക്രിസ്തുമതവും അയല്‍രാജ്യങ്ങളിലേക്ക് പടര്‍ന്ന ഹിന്ദുമതവുമൊക്കെ ഈയൊരു കൊടുക്കല്‍ വാങ്ങലിന്റെ ഫലമാണ്. നരേന്ദ്രമോദിയും അമിത്ഷായും മോഹന്‍ഭഗവതും പ്രതിനിധീകരിക്കുന്ന ഇന്ത്യയില്‍ കശ്മീര്‍ മുസ്്‌ലിംകളും രോഹിംഗ്യന്‍ അഭയാര്‍ത്ഥികളും ഇന്ത്യന്‍ ന്യൂനപക്ഷവും മാത്രമല്ല, സര്‍വമത വിളനിലമായ കേരളം പോലും ഇക്കൂട്ടര്‍ക്ക് ഈര്‍ഷ്യയുണ്ടാക്കുന്നതിന്റെ രഹസ്യം തേടി അധികം തലപുകക്കേണ്ടതുമില്ല. ലോകാസമസ്താ സുഖിനോ ഭവന്തു: എന്ന് പഠിപ്പിച്ചൊരു തത്വശാസ്ത്രം ഒരാവര്‍ത്തി തുറന്നുനോക്കിയാല്‍ മാത്രം മതി മതാസ്‌ക്യതയുടെ ഈ പുളിച്ചുതികട്ടല്‍ മാറിക്കിട്ടാന്‍.