Connect with us

Video Stories

കത്തെഴുതുന്നതും രാജ്യദ്രോഹമോ

Published

on

പ്രജകളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും അറിയുന്നതിന് രാജകൊട്ടാരങ്ങള്‍ക്കുമുമ്പില്‍ ചങ്ങല കെട്ടിത്തൂക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഇത് വലിച്ച് മണിമുഴക്കുന്നവരെ കൊട്ടാരത്തിനുള്ളിലെത്തിക്കുകയും ആവശ്യ നിവൃത്തിവരുത്തുകയും ചെയ്യുന്നത് സ്വേച്ഛാധിപത്യകാലത്തുപോലും പതിവാണെന്നിരിക്കെ ഇന്നത്തെ ഇന്ത്യയില്‍ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അവര്‍ക്കെതിരെ സംസാരിക്കുന്നതുപോലും രാജ്യദ്രോഹ കുറ്റമാകുകയാണോ.

അതെ എന്നാണ് ഇന്നലെ ബീഹാറില്‍നിന്ന് പുറത്തുവന്ന വാര്‍ത്ത വിളിച്ചുപറയുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തെ പ്രമുഖ സാംസ്‌കാരിക നായകര്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്താണ് ഇവര്‍ക്കെല്ലാമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ ഇപ്പോള്‍ പ്രേരകമായിരിക്കുന്നത്. പ്രസിദ്ധ സിനിമാസംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, മഹാത്മാഗാന്ധിയുടെ ജീവചരിത്രമെഴുതിയ രാമചന്ദ്രഗുഹ, നടിയും കഥാകൃത്തുമായ അപര്‍ണസെന്‍ തുടങ്ങി 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.

ഈ തുറന്ന കത്തിലൂടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടക്കൊലകളെയാണ് പ്രധാനമായും അവര്‍ വിമര്‍ശിച്ചത്. അത്യന്തം ഹീനവും രാജ്യപാരമ്പര്യത്തിന് ലജ്ജയുണ്ടാക്കുന്നതുമായ ഒരുവിഷയം പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍കൊണ്ടുവരികയും അതിനുതക്ക നടപടികള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബി.ജെ.പിയുടെയും ഭാഗത്തുനിന്നുണ്ടാകുകയും വേണമെന്നായിരുന്നു സാംസ്‌കാരിക പ്രമുഖരുടെ ആത്മാര്‍ത്ഥമായ ഉദ്ദേശ്യം. സുപ്രീംകോടതിപോലും ഇക്കാര്യത്തില്‍ പല തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ശാസിച്ചതാണ്.

ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലാകോടതിയില്‍ ബി.ജെ.പി അനുകൂലിയായ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ഉള്‍പെടുത്തി കേസെടുത്തിരിക്കുന്നത്. കത്ത് ‘രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തിയെന്നും മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്ന പ്രധാനമന്ത്രിയെ കുറച്ചുകാണിക്കുന്നതാണെന്നും വിഘടന ശക്തികളെ പിന്തുണക്കുന്നതുമാണെന്നു’ മാണ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. ആരോപണം കേട്ട പാതി കേള്‍ക്കാത്ത പാതി മജിസ്‌ട്രേറ്റ ്‌സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശംനല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം എന്നീ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ നിയമസംവിധാനംതന്നെ സംശയിക്കപ്പെടുന്ന അവസ്ഥയാണ് കോടതിയുടെ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് അടൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം.പി, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖരും രംഗത്തുവരികയുണ്ടായി.

അടൂരിന്റെയും മറ്റും കത്ത് പുറത്തുവന്നതിനുശേഷം ബി.ജെ.പി അനുകൂലികളായ അമ്പതിലധികം എഴുത്തുകാര്‍ അടൂരിനും മറ്റുമെതിരെയും തുറന്ന കത്തെഴുതുകയുണ്ടായി. ഇതേദിവസംതന്നെ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കളിലൊരാളായ ബി. ഗോപാലകൃഷ്ണനും പരസ്യമായി രംഗത്തുവന്നു. അടൂരിന് ഇന്ത്യയില്‍ ജീവിക്കാന്‍ വയ്യെങ്കില്‍ പാക്കിസ്താനിലേക്കോ ചന്ദ്രനിലേക്കോ പോകട്ടെ എന്നായിരുന്നു പൊതുയോഗത്തില്‍ ഗോപാലകൃഷ്ണന്റെ അത്യന്തം നിന്ദാഭരിതമായ പരാമര്‍ശം. ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊല്ലുന്നതിനെതിരെ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും ഏതാണ്ടിതേ സമയത്തുതന്നെ രംഗത്തുവന്നിരുന്നതാണ്.

സ്വാമിഅഗ്നിവേശിനെപോലുള്ള ഹിന്ദുസന്യാസികളെപോലും പരസ്യമായി അധിക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയുംചെയ്യുന്ന നിലപാടാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അനുയായികള്‍ ചെയ്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഝാര്‍ഖണ്ഡിലും കഴിഞ്ഞദിവസം കേരളത്തില്‍പോലും സ്വാമി അഗ്നിവേശിനെ ആക്രമിക്കാനുള്ള ശ്രമമുണ്ടായി. തിരുവനന്തപുരത്ത് ഒരുപരിപാടിയില്‍നിന്ന് പകുതിവെച്ച് അദ്ദേഹത്തിന് ഇറങ്ങിപ്പോകേണ്ടിവന്നത് കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അമ്പതുപേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുകയാണപ്പോള്‍. മറ്റൊരു സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് തീവെച്ച് കൊലപ്പെടുത്താനും കഴിഞ്ഞവര്‍ഷം ഇതേ ശക്തികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.

രാജ്യത്ത് മറ്റൊരു കാലത്തുമുണ്ടാകാത്ത വിധത്തില്‍ തെരുവോരങ്ങളില്‍ മുസ്‌ലിംകള്‍ കൊല ചെയ്യപ്പെടുന്ന ഒട്ടനവധി സംഭവങ്ങളാണ് ഇക്കഴിഞ്ഞ മോദി ഭരണ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മുപ്പതിലധികം പേര്‍ ആര്‍.എസ്.എസ്സുകാരുടെ ആള്‍ക്കൂട്ടക്കൊലയില്‍ കൊല ചെയ്യപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ദലിതുകള്‍ക്കെതിരെയും സമാന രീതിയിലുള്ള ആക്രമണമാണ് ഭരണകക്ഷി അനുകൂലികളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. പശുവിന്റെയും തുകലിന്റെയും പേരില്‍ മാത്രമല്ല, തൊപ്പിധരിച്ചുവെന്നതുകൊണ്ടും പേര് അറബി ഭാഷയിലായിപ്പോയതുകൊണ്ടുമെല്ലാം കൊല ചെയ്യപ്പെടുക എന്നത് ഏതെങ്കിലും സാമൂഹിക ദ്രോഹികളുടെ മാത്രം ബുദ്ധിയിലുദിക്കുന്നതാവാന്‍ വഴിയില്ല.

രാജ്യത്തെ ആഭ്യന്തര വകുപ്പു മന്ത്രിതന്നെ നിരന്തരം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് മറ്റെന്ത് പ്രേരണയിലാണ്? അസമില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറപ്പെട്ടവരില്‍ 19.06 ലക്ഷം പേരെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താക്കിയിട്ടും തീരാതെ രാജ്യം മുഴുവന്‍ പൗരത്വനിയമം നടപ്പാക്കുമെന്നും അതില്‍ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് യാതൊരു ഉളുപ്പുമില്ലാതെ മതേതര ഇന്ത്യയുടെ ആഭ്യന്തര വകുപ്പുമന്ത്രി. ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയുമൊക്കെ പതിറ്റാണ്ടുകളായുള്ള മുസ്‌ലിം വിരുദ്ധത മാത്രമാണ് ഇതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുന്നത് ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് പറഞ്ഞവര്‍ക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കുന്നവരല്ലാതെ മറ്റാരാണ് യഥാര്‍ത്ഥ ഹിന്ദുവിരോധികള്‍? സാംസ്‌കാരിക നായകര്‍ക്കെതിരായ കേസ് ഉടനടി പിന്‍വലിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് രാജ്യത്തെ മതേതരത്വത്തോടും പൗരാവകാശങ്ങളോടും തെല്ലെങ്കിലും അഭിമാനമുണ്ടെങ്കില്‍ ബീഹാര്‍ സര്‍ക്കാരും ബി.ജെ.പിയും ചെയ്യേണ്ടത്. കൊലപാതകങ്ങളെയും മുസ്്‌ലിം വിരുദ്ധതയെയും വിമര്‍ശിച്ചതിന് ഇപ്പോള്‍ ജയിലിലിടുന്നവര്‍ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിലെന്തിനത്ഭുതപ്പെടണം!

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending