ഫലസ്തീന്‍ ജനത കടുത്ത നിരാശയിലാണ്. രക്ഷകരും സഹായികളുമാകേണ്ടവര്‍ ശത്രുവുമായി കൈകോര്‍ക്കുന്നത് ആശങ്കയോടെയാണ് അവര്‍ കാണുന്നത്. മിത്രങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ഫലസ്തീനികള്‍ ലോകത്ത് ഒറ്റപ്പെടുകയാണ്. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ ദുരിതങ്ങള്‍ കാണാനോ ആരുമില്ലാത്ത അവസ്ഥ. ഓരോ ദിവസവും ഇസ്രാഈല്‍ ഫലസ്തീനെ വിഴുങ്ങുന്നു. അമേരിക്കയെ കൂട്ടുപിടിച്ച് പലതരം കുതന്ത്രങ്ങളിലൂടെ ഇസ്രാഈല്‍ ആധിപത്യമുറപ്പിക്കുമ്പോള്‍ ഉച്ചത്തില്‍ കരയാന്‍പോലും സാധിക്കാത്തവിധം ഫലസ്തീനികള്‍ അടിച്ചമര്‍ത്തപ്പെടുന്നു. നിഷ്പക്ഷമതികളെന്ന് സ്വയം പരിചയപ്പെടുത്തിയവര്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ രക്തദാഹിയായ ഇസ്രാഈലിന്റെ ദ്രംഷ്ടകള്‍ ഫലസ്തീനുമേല്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയാണ്. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയേണ്ടിവരുന്ന ദുരവസ്ഥയിലാണ് അവരിപ്പോള്‍. എത്രകാലം ദുരിതംപേറി കഴിയേണ്ടിവരുമെന്നോ എക്കാലത്ത് നീതി പുലരുമെന്നോ പ്രതീക്ഷിക്കുക വയ്യ.
യു.എ.ഇയും ബഹ്‌റൈനും അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെക്കുന്നത് നെഞ്ചിടിപ്പോടെയാണ് ഫലസ്തീനികള്‍ കണ്ടത്. രണ്ട് അറബ് രാജ്യങ്ങള്‍ക്കും തങ്ങളുടേതായ ന്യായീകരണങ്ങളും വിശദീകരണങ്ങളും ഉണ്ടാകുമെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഒരു ജനതക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയശേഷം അന്താരാഷ്ട്രതലത്തില്‍ ഫലസ്തീനികള്‍ക്ക് ലഭിച്ചതെല്ലാം തിരിച്ചടികളായിരുന്നു. ദ്വിരാഷ്ട്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. പതിറ്റാണ്ടുകളായി സ്വീകരിച്ചുപോന്നിരുന്ന ഈ നിലപാട് ട്രംപ് പൊളിച്ചെഴുതിയെന്ന് മാത്രമല്ല, ഫലസ്തീനികളുടെ പരമാധികാരത്തെ അല്‍പംപോലും മാനിക്കാനും തയാറായില്ല. ദ്വിരാഷ്ട്ര ഫോര്‍മുലയെക്കുറിച്ച് വാചാലമാകുമ്പോഴും മുന്‍ യു.എസ് പ്രസിഡന്റുമാരെല്ലാം ഇസ്രാഈലിനോടൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്.
യു.എസ് കാലങ്ങളായി കൊണ്ടുനടന്നിരുന്ന ആ മുഖംമൂടി അഴിച്ചുവെച്ച് ട്രംപ് യഥാര്‍ത്ഥ പൈശാചിക മുഖം പുറത്തെടുത്തുവെന്ന് മാത്രം. അദ്ദേഹം പരസ്യമായി തന്നെ ഇസ്രാഈലിനോടൊപ്പം സഞ്ചരിച്ചുതുടങ്ങി. ഏകപക്ഷീയ തീരുമാനങ്ങളെടുത്തു. ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പം പോലും അദ്ദേഹത്തിന്റെ ചിന്തയിലില്ല. ഇസ്രാഈലിലെ യു.എസ് എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി. ഫലസ്തീനികള്‍ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമായി കണക്കാക്കുന്ന ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. ട്രംപിനു കീഴില്‍ അമേരിക്ക കൂടുതല്‍ ധിക്കാരിയായി. ശേഷം പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെന്ന പേരില്‍ ഫലസ്തീന്‍ ഭൂപ്രദേശങ്ങളെ ഇസ്രാഈലിന് പതിച്ചുനല്‍കാനും തന്ത്രം മെനഞ്ഞു. മരുമകന്‍ ജാരെദ് കുഷ്‌നറെ തന്നെയാണ് ട്രംപ് അതിന് നിയോഗിച്ചത്. ഇതുപക്രാരം വെസ്റ്റ്ബാങ്ക്് ഉള്‍പ്പെടെയുള്ള അധിനിവേശ പ്രദേശങ്ങള്‍ ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ക്കാന്‍ നീക്കംതുടങ്ങി. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം എതിര്‍ത്തതുകാരണം പിടിച്ചെടുക്കല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും കലം അടുപ്പത്ത് തന്നെയുണ്ട്. അവസരം കിട്ടുമ്പോള്‍ തീ കത്തിക്കാന്‍ പാകത്തില്‍ തന്നെയാണ് അതിന്റെ നില്‍പ്പ്.
അതിനിടെയാണ് അറബ് രാജ്യങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. ഈജിപ്തിനും ജോര്‍ദാനുംപുറമെ കൂടുതല്‍ രാജ്യങ്ങളെ കൂടെക്കിട്ടണമെന്ന ആഗ്രഹമാണ് അതിന് പ്രേരകം. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വിദേശ രാജ്യങ്ങളെ എങ്ങനെ കീഴ്‌പ്പെടുത്തണമെന്ന് യു.എസിനും ഇസ്രാഈലിനും അറിയാം. ഇറാനെന്ന ഉമ്മാക്കി കാട്ടിയാണ് അമേരിക്ക അറബ് ലോകത്തെ പേടിപ്പിക്കാറുള്ളത്. ആണവ രാജ്യമായി വളരാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഇസ്രാഈലിനെ അകറ്റിനിര്‍ത്തി മുന്നോട്ടുപോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് യു.എസ് മുന്നറിയിപ്പ്. ഇറാന്റെ വഴിവിട്ട രാഷ്ട്രീയക്കളികള്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫലസ്തീനികളെ ഉപേക്ഷിച്ച് ഇസ്രാഈലിനോടൊപ്പം ചേരാന്‍ മാത്രം വലിയ ഭീഷണിയായി അവര്‍ വളര്‍ന്നിട്ടില്ല. ഫലസ്തീനികളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യാതെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്നാണ് നാളിതുവരെയും അറബ് ലോകത്തിന്റെ പ്രഖ്യാപിത നിലപാട്. 1967ല്‍ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍നിന്ന് പിന്മാറുകയും ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാകുകയും ചെയ്താല്‍ ഇസ്രാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാമെന്ന് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, മേല്‍പറഞ്ഞ രണ്ട് നിബന്ധനകളും ഇസ്രാഈലിന് സ്വീകാര്യമായിരുന്നില്ലെന്ന് മാത്രമല്ല, ഫലസ്തീനില്‍ ജൂത അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
ഇസ്രാഈലിനെ അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നാണ് സഊദി. യു.എ.ഇയേയും ബഹ്‌റൈനേയും പോലെ സഊദിയേയും ഇസ്രാഈലുമായി അടുപ്പിക്കാന്‍ ട്രംപിന് ആഗ്രഹമുണ്ട്. പക്ഷെ, ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ അത്തരെമാരു ചങ്ങാത്തത്തിന് തങ്ങളില്ലെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കിക്കഴിഞ്ഞു. യു.എ.ഇയില്‍നിന്ന് ഇസ്രാഈലിലേക്കുള്ള വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കാനുള്ള സഊദി തീരുമാനത്തെ ജാരെദ് കുഷ്‌നര്‍ അഭിനന്ദിച്ചത് സുഖിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണ്. മുസ്‌ലിം ലോകത്തിന്റെ നായകസ്ഥാനത്തിരിക്കുന്ന സഊദിയെ കൂട്ടിന് കിട്ടിയാല്‍ തങ്ങളുടെ കുതന്ത്രങ്ങളുമായി അനായാസം മുന്നോട്ടുപോകാമെന്നാണ് അമേരിക്കയും ഇസ്രാഈലും കണക്കുകൂട്ടുന്നത്.
ലോകത്തെ ഏറ്റവും വലിയ തുറന്ന തടവറയാണ് ഗസ്സ. ഇസ്രാഈലിന്റെ ഉപരോധത്തില്‍ ഭക്ഷണവും ചികിത്സയും കിട്ടാതെ 17.5 ലക്ഷം ജനങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. 2007ല്‍ ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്ത ശേഷമായിരുന്നു ഉപരോധ പ്രഖ്യാപനം. ഈജിപ്തും ഇസ്രാഈലിനോടൊപ്പം ഉപരോധത്തില്‍ പങ്കാളിയായി. കരയും ആകാശവും കടലും അടച്ചുപൂട്ടി ഇരുരാജ്യങ്ങളും പാവപ്പെട്ട ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ തുടങ്ങി. ഗസ്സയില്‍ വേദന സംഹാരികളും എക്‌സ്‌റെ ഫിലിമുകളും ഉള്‍പ്പെടെ അത്യാവശ്യ മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു പോലും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അതിര്‍ത്തികള്‍ കൊട്ടിയടച്ച് ആകാശത്തുനിന്ന്് ബോംബുകള്‍ വര്‍ഷിച്ച് ഗസ്സയെ ചുട്ടെരിക്കുന്ന ഇസ്രാഈലിന്റെ ക്രൂരത ലോകം കണ്ടില്ലെന്ന് നടിക്കുകയാണ്. ഫലസ്തീന്‍ ജനത വേട്ടയാടപ്പെടുമ്പോള്‍ അന്താരാഷ്ട്ര സമൂഹം മൗനം തുടരുകയാണ്. ഓരോ കൊലപാതകങ്ങള്‍ക്കും വ്യത്യസ്ത കാരണങ്ങളാണ് ഇസ്രാഈലിന് പറയാനുള്ളത്. നീതിപാലകരെന്ന് സ്വയം അവകാശപ്പെടുന്ന വിദേശ ശക്തികളാരും ഫലസ്തീനിലേക്ക് എത്തിനോക്കാറില്ല. ഇസ്രാഈല്‍ നേതാക്കള്‍ക്ക് പരവതാനി വിരിക്കാനും അവരോടൊപ്പം തോളുരുമ്മി നില്‍ക്കാനുമാണ് അറബ് രാജ്യങ്ങള്‍ പോലും ആവേശം കാട്ടുന്നത്. പക്ഷെ, വിഷപ്പാമ്പിനെയാണ് അവര്‍ പാലൂട്ടുന്നതെന്ന് ഓര്‍ത്താല്‍ നന്ന്.