പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
നേതൃപദവികള്‍ കേവലം അലങ്കാരങ്ങളായി കാണാതെ, ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ചടുലമായി നിര്‍വഹിച്ച മികച്ച ഒരു സംഘാടകനെയാണ് ഹാജി.കെ.മമ്മദ് ഫൈസിയുടെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമാകുന്നത്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സുന്നീ സ്ഥാപനങ്ങളുടെയും നേതൃനിരയിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. സുന്നീ യുവജന സംഘം സംസ്ഥാന ട്രഷറര്‍, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി, കേരള പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പദവികള്‍ അദ്ദേഹത്തിന്റെ കര്‍മ കുശലതയുടെ സാക്ഷ്യങ്ങളാണ്.
ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ സമസ്തയുടെ വേദികളില്‍ നിറഞ്ഞ് നിന്നിരുന്ന മമ്മദ് ഫൈസി, കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ തുടങ്ങി മഹാ പണ്ഡിതന്മാരില്‍ നിന്നായിരുന്നു അറിവ് നുകര്‍ന്നിരുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സന്തതിയായിരുന്ന അദ്ദേഹം പിന്നീട് ഒരു നിയോഗം പോലെ ജാമിഅയുടെ അമരത്തെത്തുകയും സജീവ സംഘാടകനായി മാറുകയും ചെയ്തു. ജ്യേഷ്ഠ സഹോദരനും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ കീഴിലും ദര്‍സ് പഠനകാലത്ത് അദ്ദേഹം ഓതിപ്പടിച്ചിരുന്നു.
നിരവധി ദീനീ സ്ഥാപനങ്ങളുടെ നേതൃപദവികള്‍ അലങ്കരിച്ചപ്പോഴും ‘ഉമ്മുല്‍ മദാരിസീന്‍’ ആയ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും അതിന്റെ വളര്‍ച്ചയിലും പുരോഗതിയിലും പങ്കാളിയാവുകയും ചെയ്തിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും അതിന് ശേഷം ഹൈദരലി ശിഹാബ് തങ്ങളും ഞാനുമൊക്കെ നേതൃത്വം ഏറ്റെടുത്തപ്പോഴുമെല്ലാം വലിയ സഹായവും ആശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. തന്റെ സഹോദരന്‍, ശൈഖുല്‍ ജാമിഅയോടൊപ്പം സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി അദ്ദേഹം പ്രയത്‌നിച്ചു.
ജാമിഅയില്‍ അവര്‍ ഉസ്താദായിരുന്നില്ല, പക്ഷേ ജാമിഅയിലെ കുട്ടികള്‍ക്ക് കണ്ണീരോടെയല്ലാതെ ഓര്‍ക്കാനാവില്ല, ഹാജ്യാര്‍ കോളജിലെത്തിയാല്‍ ജാമിഅയുടെ ഓരോ തരികളും അറിഞ്ഞിരിക്കും, ഓഫീസിലും അടുക്കളയിലും തുടങ്ങി എല്ലായിടത്തും അവരുണ്ടാവും. ജാമിഅ യുടെ വാര്‍ഷിക സമ്മേളന വേളകളില്‍, പതാക ഉയര്‍ത്തുന്നത് മുതല്‍ സമാപന സമ്മേളനം വരെ, ഒരു യുവാവിന്റെ പ്രസരിപ്പോടെ വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടി നടക്കുന്ന ഫൈസിയുടെ ചിത്രം നമ്മുടെയൊക്കെ മനസ്സിലുണ്ടാവും.
ശൈഖുനാ ശംസുല്‍ ഉലമയുമായും സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം പാണക്കാട് കുടുംബവുമായും ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. സംഘടനാപരവും വ്യക്തിപരവുമായ ഏത് വിഷയങ്ങളിലും ഞങ്ങളോടൊക്കെ കൂടിയാലോചന നടത്തിയതിന് ശേഷമേ അദ്ദേഹം തീരുമാനമെടുക്കാറുണ്ടായിരുന്നുള്ളൂ.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ, മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്നു അദ്ദേഹം. ഉലമാ ഉമറാ ഐക്യത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയേയും പറ്റി ഉത്തമ ബോധ്യമുണ്ടായിരുന്ന അദ്ദേഹം പലപ്പോഴും സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും ഇടയില്‍ പാലമായി വര്‍ത്തിച്ചു. രണ്ട് സംഘടനകള്‍ക്കുമിടയില്‍ ഒരു മധ്യസ്ഥന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു.
പണ്ഡിതനും സംഘാടകനും എന്നതിലുപരി കൃതഹസ്തനായ ഒരു വ്യവസായി കൂടിയായിരുന്നു അദ്ദേഹം. സാധാരണ ഗതിയില്‍ പണ്ഡിതന്‍മാര്‍ കൈവെക്കാത്ത ബിസിനസ് മേഖലയിലും അദ്ദേഹം വിജയം വരിച്ചു. പരമ്പരാഗതമായിത്തന്നെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം, താന്‍ ആര്‍ജ്ജിച്ചെടുത്ത സമ്പത്ത് സംഘടനക്കും സമുദായത്തിനും വേണ്ടി ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ദാനശീലനും ധര്‍മിഷ്ഠനും കൂടിയായിരുന്നു. വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളേയും വാല്‍സല്യത്തോടെ ചേര്‍ത്ത് പിടിക്കുകയും വാക്കുകള്‍ കൊണ്ടും സമ്പത്ത് കൊണ്ടും ആശ്വാസം പകരുകയും ചെയത നേതാവായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് ധ്വംസിക്കപ്പെട്ട സമയത്ത്, വഴിയില്‍ കുടുങ്ങിപ്പോയ അയ്യപ്പഭക്തന്‍മാരുടെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോയി തറവാട് വീടിന്റെ വാതില്‍ തുറന്ന് കൊടുത്ത കുന്നത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഈ പേരമകന്‍ വിട പറയുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നെഞ്ചൂക്കും തന്റേടവും ഉള്ള ഒരു നേതാവിനെയാണ്..
ജേഷടന്‍ ആലിക്കുട്ടി ഉസ്താദും അനുജന്‍ ഹാജി ഫൈസിയും നിറഞ്ഞുനിന്ന ആ സമ്മേളനങ്ങള്‍ ഓര്‍മയാവുകയാണ്, ഇനി കാക്കയുണ്ടാ വും കുഞ്ഞനിയനുണ്ടാവില്ല. കാരണം ജേഷ്ടന് മുമ്പേ ആ കൊച്ചനുജന്‍ യാത്ര പറഞ്ഞിരിക്കുന്നു
കോട്ടുമല ഉസ്താദിന് പിറകെ ഹാജിയും വിടപറഞ്ഞിരിക്കുകയാണ് …വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലെ പ്രസരിപ്പിന്റെയും സജീവതയുടെയും പ്ര തീകമായിരുന്നു അവര്‍, സമസ്തയുടെ പരിപാടികളില്‍ പ്രായം മറന്ന് യുവാക്കളുടെ ആവേശത്തോടെ പങ്കെടുത്ത, വിജയിപ്പിച്ച ആ മഹാനും യാത്രയായി രിക്കുന്നു, ചേയ്തു തീര്‍ത്ത സുകൃതങ്ങളുടെ നന്മ ആസ്വദിക്കുവാന്‍..