Connect with us

Video Stories

മുഹമ്മദലി ശിഹാബ് തങ്ങള്‍; കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം

Published

on

ആലങ്കോട് ലീലാകൃഷ്ണന്‍

maxresdefault-1

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു. ഒരിക്കല്‍ പരിചയിക്കാനിടവന്ന ഒരാള്‍ക്കും മരണംവരെ തങ്ങള്‍ എന്ന അനുഭവം മറക്കാന്‍ കഴിഞ്ഞിരുന്നില്ല. തങ്ങള്‍ ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കവിഞ്ഞ് നിരുപാധികമായ ഒരു സ്‌നേഹചൈതന്യം പ്രസരിച്ചിരുന്നു. ഒരുപക്ഷേ അത് അദ്ദേഹം പ്രതിനിധാനം ചെയ്ത സയ്യിദുമാരുടെ ആത്മീയ പാരമ്പര്യമായിരുന്നിരിക്കാം.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ സന്താനപരമ്പരയിലെ ഒരു കണ്ണിയായിട്ടാണ് സത്യവിശ്വാസികള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ടത്. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിങ്ങനെ കേള്‍വിപ്പെട്ട പാണക്കാട് തങ്ങള്‍ പരമ്പരയിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. മൂന്നര ദശാബ്ദത്തിലേറെക്കാലം ‘പാണക്കാട് തങ്ങള്‍’ എന്ന വിശുദ്ധമായ പദവി അദ്ദേഹം പരിപാവനമായിത്തന്നെ നിലനിര്‍ത്തി.
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും ഒരാത്മീയ സാന്ത്വനം നേടാനും വേണ്ടി ദിവസവും ആയിരക്കണക്കിന് മനുഷ്യര്‍ വന്നു കാത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയിരുന്നത് ജീവിത ദുഃഖങ്ങള്‍ക്കൊരു സമാധാനമായി പാണക്കാട് തങ്ങളുടെ ആത്മീയ പരിചരണമായിരുന്നു. ഒരുനാളും വാടിക്കണ്ടിട്ടില്ലാത്ത വിശുദ്ധവശ്യമായൊരു പുഞ്ചിരിയോടെ അതദ്ദേഹം ആവോളം നല്‍കി. സമൂഹത്തിലെ തര്‍ക്കങ്ങളും വിരോധങ്ങളും ഇല്ലാതാക്കാനും ആധികളും ഉത്കണ്ഠകളും ആവലാതികളും പരിഹരിക്കാനും കഴിയുന്നൊരു നീതിയുടെ ആസ്ഥാനമായി കൊടപ്പനക്കല്‍ ഭവനത്തെ ആധുനികകാലത്തും നിലനിര്‍ത്താന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. ചെറിയ ചരിത്രസേവനമായിരുന്നില്ല അത്.
‘പാണക്കാട് തങ്ങള്‍’ എന്ന നിലയില്‍ എണ്ണമറ്റ മഹല്ലുകളുടെ ഖാസിയായും എത്രയെത്രയോ സ്ഥാപനങ്ങളുടെ മേധാവിയായും, യാതൊരാക്ഷേപത്തിനും ഇട നല്‍കാത്തവിധം മുഹമ്മദലി ശിഹാബ് തങ്ങള്‍ സമുദായ രംഗത്തും പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയിലിരുന്നപ്പോഴും തന്റെ വെളുത്ത വസ്ത്രത്തില്‍ ഒരിറ്റു കറുത്ത ചെളിപോലും തെറിച്ചുവീഴാത്തവിധത്തില്‍ ദശാബ്ദങ്ങള്‍ അദ്ദേഹം നേതൃത്വശേഷി തെളിയിച്ചു. മുസ്‌ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും ആദരണീയനായി ആയുഷ്‌കാലമത്രയും വിശ്വാസ്യമായ പൊതുജീവിതം നയിച്ചു. എല്ലാ അര്‍ത്ഥത്തിലും ഒരു മഹാവിസ്മയമായിരുന്നു ആ ജീവിതം.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നു നിസ്സംശയം പറയാം. അദ്ദേഹവുമായി അടുത്തിടപഴകുവാന്‍ എനിക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. മിക്കവാറും മലബാറിലെ ചില മതസൗഹാര്‍ദ്ദ വേദികളിലായിരുന്നു. മുസ്‌ലിംലീഗ് മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച ചില സാംസ്‌കാരിക വേദികളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാള്‍ അത്ര ഗൗരവത്തില്‍ പരിഗണിക്കേണ്ടതില്ലാത്ത എന്നെപ്പോലുള്ള ഒരെളിയ സാംസ്‌കാരിക പ്രവര്‍ത്തകന്റെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹം ഇരുന്നുതന്നിട്ടുള്ള സന്ദര്‍ഭങ്ങളും ഓര്‍ത്തുപോവുന്നു. എന്റെ ജീവിതത്തില്‍ കൈവന്ന ഏറ്റവും വലിയ അംഗീകാരത്തിന്റെ നിമിഷങ്ങളായി അതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
ഒരിക്കല്‍ മലപ്പുറത്തൊരു പരിപാടി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും ഞങ്ങള്‍ക്കൊന്നിച്ച് ഒരു പരിപാടിയില്‍ സംബന്ധിക്കേണ്ടതുണ്ടായിരുന്നു. വഴിയില്‍ തങ്ങളുടെ വാഹനം മറ്റേതോ വഴിക്കു തിരിഞ്ഞുപോയി. വഴി തെറ്റിപ്പോയതാണോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ കൂടെയുള്ള സുഹൃത്ത് പറഞ്ഞു: ‘അല്ലല്ല. തങ്ങള്‍ വരും. രാവിലെ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ തങ്ങള്‍ക്കെന്തോ സമ്മാനം കിട്ടിയിട്ടുണ്ട്. അത് ഏതോ യത്തീമിന്റെ കല്യാണവീട്ടില്‍ കൊടുക്കാന്‍ പോയതാണ്’. അതെനിക്കൊരു പുതിയ അറിവായിരുന്നു. പിന്നീട് പലരും പറഞ്ഞു. തങ്ങള്‍ക്ക് ആര് എന്തുകൊടുത്താലും ഏതെങ്കിലും അഗതിക്കോ അനാഥക്കോ അത് കിട്ടും. കാരുണ്യവും ദയയും സ്‌നേഹവും സമൂഹത്തില്‍ വിതരണം ചെയ്യുവാനുള്ള വിശ്വാസ്യതയുള്ള ഒരു മഹാമാനുഷികതയുടെ പാലമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന് ഒന്നും വേണ്ടായിരുന്നു. പണമോ, പ്രശസ്തിയോ, പദവിയോ, പുരസ്‌കാരമോ ഒന്നും. അതുതന്നെയായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ എല്ലാ പദവികളുടെയും ബഹുമതികളുടെയും രഹസ്യം. സ്വയം പൂജ്യമായിത്തീരാന്‍ കഴിയുന്ന ബലവത്തായ വിനയം എവിടെയും ‘പൂജ്യ’ (ആദരണീയം) മായിത്തീരുമെന്നാണ് മഹാത്മജി പറഞ്ഞത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അത് അക്ഷരംപ്രതി അന്വര്‍ത്ഥമായിരുന്നു. അധികാരം ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും അധികാരം നല്‍കരുതെന്ന നബിവചനവും മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്തായിരുന്നു. ഒന്നും ആഗ്രഹിക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിന് എല്ലാം ലഭിച്ചത്. അതൊക്കെയും പരിപൂര്‍ണ നീതിബോധത്തോടുകൂടി എല്ലാവര്‍ക്കും പ്രയോജനപ്പെടുമാറുപയോഗപ്പെടുത്തിക്കൊണ്ട് നിഷ്‌കാമകര്‍മ്മ ജീവിതം നയിച്ച് നിസ്വനായി അദ്ദേഹം തിരിച്ചുപോയി.
വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചതുപോലെ ദൈവത്തിന്റെ ഖലീഫയായി ജീവിച്ചുതീര്‍ത്ത ഒരു മഹല്‍ മാതൃകയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ ജന്മം. ഒരു മനുഷ്യന്റെ സല്‍ക്കര്‍മ്മങ്ങളും സന്തതിപരമ്പരകളും മാത്രമേ അവനുശേഷം ഭൂമുഖത്ത് ബാക്കിയാവുകയുള്ളൂ എന്ന ഇസ്‌ലാമിക വീക്ഷണത്തിന്റെ പ്രത്യക്ഷോദാഹരണമാണ് തങ്ങളുടെ ജീവിതം. ജന്മനിയോഗം പൂര്‍ത്തിയാക്കി മറഞ്ഞുപോയെങ്കിലും ആ മഹാത്മാവ് നമുക്കിടയില്‍ പ്രക്ഷേപിച്ച നന്മകളുടെ വെളിച്ചം ഇനിയും തലമുറകള്‍ക്ക് വഴി കാണിക്കും. അത്രമാത്രം ബലവത്തായിരുന്നു ആ സല്‍ക്കര്‍മ്മങ്ങള്‍.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏറ്റവും മഹത്തായ രാഷ്ട്രസേവനം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് അദ്ദേഹം തന്റെ സമുദായത്തിന് നല്‍കിയ സംയമനത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. സഹസ്രാബ്ദങ്ങളായി നിലനിന്ന ഇന്ത്യന്‍ മതേതര മഹാ പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അത്യുന്നത ഗോപുരങ്ങളാണ് ബാബരി മസ്ജിദിന്റെ മിനാരങ്ങളോടൊപ്പം തകര്‍ന്നുവീണത്. അതില്‍ ഹൃദയം നൊന്തു മുറിഞ്ഞെഴുന്നേറ്റ ഒരു വലിയ സമുദായത്തിന്റെ അമര്‍ഷം ഒരുപക്ഷേ വലിയ രക്തച്ചൊരിച്ചിലുകളായും കലാപങ്ങളായും ഇന്ത്യയെയൊന്നാകെ ചുടലക്കളമാക്കി മാറ്റിയേനെ. അവിടെയാണ് ആര്‍ത്തിരമ്പിവരുന്ന സമുദ്രങ്ങളെ മഹാസ്‌നേഹം കൊണ്ട് തടയുന്ന വിശിഷ്ട സാഹോദര്യത്തിന്റെ കുലപര്‍വ്വതം പോലെ ശിഹാബ് തങ്ങള്‍ നിന്നത്. പ്രവാചകനായി അംഗീകരിക്കില്ലെന്നു ശഠിച്ച ദുഷ്ടശക്തികള്‍ക്ക് മുന്നില്‍ ‘ആമിനാബീവി മകന്‍ മുഹമ്മദ്’ എന്നെഴുതി സന്ധി ചെയ്ത അന്ത്യപ്രവാചകന്റെ വിശുദ്ധ സഹിഷ്ണുതയുടെ പാഠമാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആധുനിക കാലത്തിന് കാണിച്ചുതന്നത്. അതൊരു ചെറിയ മാതൃകയല്ല. അത്ര മഹാന്മാര്‍ക്കേ മനുഷ്യ സ്‌നേഹത്തില്‍ നിന്നും ദൈവവിശ്വാസത്തില്‍ നിന്നും ഇത്ര വലിയ ചരിത്ര മാതൃകകള്‍ സ്വജീവിതം കൊണ്ട് സൃഷ്ടിക്കുവാന്‍ സാധിക്കൂ.
വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ആളുകളെ വികാരം കൊള്ളിച്ചിളക്കിവിടാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ, മുറിവേറ്റിളകിവരുന്ന വിശ്വാസ രോഷത്തിന്റെ കടലുകളെ ഒരു ശാന്തിദൂതനെപ്പോലെ, കാരുണ്യത്താലാര്‍ദ്രമായ കടാക്ഷം കൊണ്ട് തടഞ്ഞുനിര്‍ത്തുവാന്‍ മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള ഒരു ക്ഷമാമൂര്‍ത്തിക്കേ കഴിയൂ. അത്രമാത്രം നീതിമാനും ‘അല്‍ അമീനും’ ആയതുകൊണ്ടാണ് ഒരു സമുദായം ആ സംയമനത്തിന്റെ സന്ദേശം അനുസരിച്ചുപോയത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ് എട്ടാണ്ടുകള്‍ പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ കലുഷമായ വര്‍ത്തമാനത്തിലേക്ക് നോക്കുമ്പോള്‍ അത്രമേല്‍ തണലും സ്‌നേഹവും തന്ന മഹാവൃക്ഷങ്ങളൊന്നും മുന്നിലില്ലല്ലോ എന്ന ശൂന്യത മനസ്സിനെ വിഹ്വലമാക്കുന്നു. എങ്കിലും, മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അങ്ങു മറഞ്ഞാലും മറയുന്നില്ലല്ലോ അങ്ങയുടെ മുഖത്തെ ആ തൂമന്ദഹാസം. കളങ്കമറ്റ ആ നിത്യസ്‌നേഹത്തിന്റെ പുഞ്ചിരി തലമുറകള്‍ക്ക് പ്രത്യാശയും നാടിന് നന്മയും നല്‍കാതിരിക്കില്ല എന്നു സമാധാനിക്കട്ടെ!

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending